അബുദബി: യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഇന്ന് ജന്മദിനം. ഇന്ന് 63 വയസ്സ് തികയുന്ന ഷെയ്ഖ് മുഹമ്മദിന് ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാൻ ആശംസ നേർന്നു. അർപ്പണബോധത്തോടെയുള്ള മുഹമ്മദിൻ്റെ യാത്ര യുഎഇയുടെ പുരോഗതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ്
1961 മാർച്ച് 11ന് യുഎഇയിലെ അൽ ഐനിൽ അൽ നഹ്യാൻ കുടുംബത്തിലാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജനിച്ചത്. യുഎഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനിൽ നിന്ന് നേതൃത്വത്തിൻ്റെയും സേവനത്തിൻ്റെയും പാരമ്പര്യം കൈവരിച്ചു. ചെറുപ്പം മുതലെ ഷെയ്ഖ് മുഹമ്മദ് നേതൃപാടവത്തിനുള്ള സ്വാഭാവിക അഭിരുചി പ്രകടമാക്കിയിരുന്നു.
യുകെയിലെ പ്രശസ്തമായ റോയൽ മിലിട്ടറി അക്കാദമി സാൻഡ്ഹർസ്റ്റിൽ വിദ്യാഭ്യാസം നേടി. അവിടെ അദ്ദേഹം തന്ത്രം, നയതന്ത്രം, സൈനിക നേതൃത്വം എന്നിവയിൽ തൻ്റെ കഴിവുകൾ മെച്ചപ്പെടുത്തി. 1979-ൽ ബിരുദം കരസ്ഥമാക്കിയ അദ്ദേഹം തൻ്റെ രാജ്യത്ത് അർപ്പണബോധത്തോടെ സൈനിക ജീവിതം ആരംഭിക്കുന്നതിനായി യുഎഇയിലേക്ക് മടങ്ങിയെത്തി.
2004ലാണ് യുഎഇ തലസ്ഥാനമായ അബുദബിയുടെ കിരീടാവകാശിയായി ഷെയ്ഖ് മുഹമ്മദ് നിയമിതനായത്. പിതാവിൻ്റെ പിൻഗാമിയായി എത്തിയ അദ്ദേഹം അബുദബിയെ ഐശ്വര്യത്തിൻ്റെയും പുരോഗതിയുടെയും ഭാവിയിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. അബുദബിയുടെ വികസനത്തെ അഭിവൃദ്ധി പ്രാപിക്കുന്ന ഒരു മഹാനഗരമായും നവീകരണത്തിൻ്റെ ആഗോള കേന്ദ്രമായും രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിൻ്റെ ദീർഘവീക്ഷണമുള്ള നേതൃത്വവും തന്ത്രപരമായ കാഴ്ചപ്പാടും നിർണായക പങ്ക് വഹിച്ചു.
2022 മെയ് 14 നാണ് യുഎഇയുടെ പ്രസിഡൻ്റായി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അദ്ദേഹത്തിൻ്റെ സഹോദരൻ ഖലീഫ ഈ ലോകത്തോട് വിടപറഞ്ഞതിന് പിന്നാലെയാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് നിയമിച്ചത്. യുഎഇയുടെ അതിർത്തിക്കുപ്പുറം രാജ്യത്തിൻ്റെ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഷെയ്ഖ് മുഹമ്മദ് നിർണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും അദ്ദേഹം ബന്ധങ്ങൾ സ്ഥാപിച്ചു. അദ്ദേഹത്തിൻ്റെ നയതന്ത്ര ശ്രമങ്ങൾ സംഭാഷണം, സഹകരണം, പരസ്പര ധാരണ എന്നിവ വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. സാമൂഹിക മേഖലയിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. യുഎഇയിലും വിദേശത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടു. ചാരിറ്റി സംരംഭങ്ങളിലൂടെയും മാനുഷിക സഹായ പദ്ധതികളിലൂടെയും പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. വിദ്യാഭ്യാസം, ആരോഗ്യം മേഖലകളിലും നേട്ടങ്ങൾ കൈവരിച്ചു.