ഉറക്കമൊഴിച്ച് വാഹനമോടിക്കുന്നത് അപകടസാധ്യത കൂട്ടും; മുന്നറിയിപ്പ് നൽകി ദുബായ് ആർടിഎ

റമദാൻ മാസത്തിലെ വ്രതം എടുക്കുമ്പോൾ നേരിടുന്ന ശാരീരിക മാറ്റങ്ങൾ കാരണം ചില ഡ്രൈവർമാരുടെ ഏകാഗ്രത കുറയാൻ കാരണമാകാറുണ്ട് ഇത് കണക്കിലെടുത്താണ് ഈ ആഹ്വാനം ചെയ്തതെന്ന് അതോറിറ്റി വ്യക്തമാക്കി

dot image

ദുബായ്: ക്ഷീണമോ മയക്കമോ അനുഭവപ്പെട്ടാല് വാഹനം ഓടിക്കരുതെന്ന് ഡ്രൈവര്മാര്ക്ക് മുന്നറിയിപ്പ് നല്കി ദുബായ് റോഡ് ആന്ഡ് ട്രാന്സ്പോർട്ട് അതോറിറ്റി. റമദാന് മാസത്തില് വ്രതം അനുഷ്ഠിക്കുന്നവർക്ക് ഭക്ഷണ, ഉറക്ക ശീലങ്ങളിലെ മാറ്റം കാരണം വാഹന യാത്രക്കാരുടെ ശ്രദ്ധ കുറയാന് സാധ്യതയുണ്ടെന്നും അതിനാല് ജാഗ്രതപുലര്ത്തണമെന്നുമാണ് ആര്ടിഎയുടെ നിര്ദേശം.

റമദാൻ മാസത്തിലെ വ്രതം എടുക്കുമ്പോൾ നേരിടുന്ന ശാരീരിക മാറ്റങ്ങൾ കാരണം ചില ഡ്രൈവർമാരുടെ ഏകാഗ്രത കുറയാൻ കാരണമാകാറുണ്ട് ഇത് കണക്കിലെടുത്താണ് ഈ ആഹ്വാനം ചെയ്തതെന്ന് അതോറിറ്റി വ്യക്തമാക്കി. ദുബായ് വാർഷിക ട്രാഫിക് ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി റമദാനിലുടനീളം ഡ്രൈവിംഗില് ആർടിഎ ഒരു ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയവുമായും ദുബായിലെ മറ്റ് ട്രാഫിക് സുരക്ഷാ പങ്കാളികളുമായും സഹകരിച്ച് റമദാൻ മാസത്തിനായുള്ള നിരവധി ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ആർടിഎ അംഗീകാരം നൽകി. പൊതുജനങ്ങളിലേക്ക് സുരക്ഷയും മാർഗനിർദേശ സന്ദേശങ്ങളും പ്രചരിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഫീൽഡ് പ്രവർത്തനങ്ങളും ആർടിഎയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ട്രാഫിക് ബോധവൽക്കരണ പങ്കാളികളും ഉൾപ്പെടെ വിവിധ ചാനലുകളിലൂടെ ഈ സന്ദേശങ്ങൾ പ്രചരിപ്പിക്കും.

ദുബായിൽ ചിതറിക്കിടക്കുന്ന ഇഫ്താർ ടെൻ്റുകളുടെ പ്രവേശന കവാടങ്ങളിൽ കാൽനടയാത്രക്കാർക്കും ഡ്രൈവർമാർക്കും ബോധവത്കരണ സന്ദേശങ്ങൾ നൽകുന്ന ബാനറുകൾ ആർടിഎ തയ്യാറാക്കിയിട്ടുണ്ട്. ദുബായ് ടാക്സി, പബ്ലിക് ബസ് ഡ്രൈവർമാർ, ട്രക്ക് ഡ്രൈവർമാർ, മറ്റ് റോഡ് ഉപയോക്താക്കൾ തുടങ്ങിയ ടാർഗെറ്റ് ഗ്രൂപ്പുകൾക്ക് വിതരണം ചെയ്യുന്ന ഇഫ്താർ ഭക്ഷണത്തോടൊപ്പം ആയിരക്കണക്കിന് ബോധവൽക്കരണ ലഘുലേഖകൾ അച്ചടിക്കുകയും ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ നടപടികൾ സ്വീകരിച്ചതെന്നും ആർടിഎ അറിയിച്ചു.

റമദാനിലെ കാമ്പെയ്നിൻ്റെ സന്ദേശങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് ഡ്രൈവർമാർ എപ്പോഴും ഏകാഗ്രത നിലനിർത്തേണ്ടതിൻ്റെ ആവശ്യകത ഓര്മ്മിപ്പിക്കുന്നതിനാണ്. പ്രത്യേകിച്ചും റമദാനിൽ, നോമ്പുകാരനെ ബാധിക്കുന്ന ഉറക്കത്തിലും ജോലി ദിനചര്യകളിലും വന്ന മാറ്റം കാരണം റമദാനിൽ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത ആവശ്യമാണ്. വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാനും മറ്റുള്ളവരുടെ ഡ്രൈവിംഗ് പിശകുകൾ സുരക്ഷിതമായി ഒഴിവാക്കാനും ജാഗ്രത പാലിക്കാനും വാഹനമോടിക്കുന്നവരോട് ആർടിഎ നിർദേശിച്ചു.

ഡ്രൈവർമാർക്കുള്ള നുറുങ്ങുകൾ:

വ്രത അനുഷ്ഠാനത്തിന് ശേഷം ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഉടനെ വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.

വാഹനമോടിക്കുമ്പോൾ ക്ഷമ പാലിക്കുക.

മുന്നിലുള്ള വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

തിരക്ക് മുൻകൂട്ടി കണ്ടുകൊണ്ട് ഡ്രൈവിങ്ങിനിടെയുള്ള പിരിമുറുക്കം ഒഴിവാക്കാൻ യാത്രയ്ക്കായി അധിക സമയം നീക്കിവക്കുക.

ട്രാഫിക് നിയമങ്ങൾ അവഗണിച്ച് വാഹനമോടിക്കുന്നവരുമായി തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക.

എല്ലാ ജനലുകളും അടച്ച്, അടച്ചിട്ട സ്ഥലങ്ങളിൽ എയർ കണ്ടീഷനിംഗ് ഓണാക്കി ഒരു കാറിൽ ഉറങ്ങുന്നത് ഒരു മണിക്കൂറിനുള്ളിൽ ശ്വാസംമുട്ടലിന് കാരണമാകും.

വ്രത അനുഷ്ഠാനം ഏകാഗ്രതയെ സാരമായി ബാധിക്കുകയോ സമ്മർദ്ദം വർദ്ധിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ പൊതുഗതാഗതം തിരഞ്ഞെടുക്കുന്നത് സുരക്ഷിതമായ മാർഗമാണ്.

dot image
To advertise here,contact us
dot image