മന്ത്രവാദത്തിനുള്ള മാലകളും മൂടുപടങ്ങളുമായി ഭിക്ഷാടനം; ദുബായില് സ്ത്രീ പിടിയില്

ഭിക്ഷാടനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്

dot image

ദുബായ്: എമിറേറ്റില് ആളുകളെ സ്വാധീനിച്ച് പണം തട്ടുന്ന സ്ത്രീയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ദുബായില് ഭിക്ഷാടനം കുറ്റകരമാണ്. ഭിക്ഷാടനത്തിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മന്ത്രവാദ മാലകൾ, മന്ത്രവാദ മൂടുപടം, പേപ്പറുകൾ, ഉപകരണങ്ങൾ എന്നിവയുമായി റെസിഡൻഷ്യൽ ഏരിയയിൽ നിന്നാണ് യാചന നടത്തുന്ന സ്ത്രീയെ പിടികൂടിയതെന്ന് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിന വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി പറഞ്ഞു.

ആളുകളിൽ നിന്ന് പണം തട്ടുന്നതിനുവേണ്ടിയുള്ള തന്ത്രമാണിത്. ഭിക്ഷാടകരോട് സഹതാപം തോന്നുകയോ അവര്ക്ക് പണം നല്കുകയോ ചെയ്യുന്നതില് നിന്ന് പൊതുജനങ്ങള് വിട്ടുനില്ക്കണമെന്ന് അൽ ഷംസി നിര്ദേശം നല്കി. റമദാന് മാസത്തില് ജനങ്ങളുടെ വികാരങ്ങള് കൈകാര്യം ചെയ്യാന് ലക്ഷ്യമിട്ടുള്ള യാചകരുടെ പദ്ധതികള്ക്ക് ഇരയാകുന്നതിൽ നിന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നല്കി.

മസ്ജിദ് പ്രവേശന കവാടങ്ങള്, ആശുപത്രികള്, മാര്ക്കറ്റുകള്, തെരുവുകള് എന്നിവിടങ്ങളില് കെട്ടിച്ചമച്ച കഥകളും വഞ്ചനാപരമായ തന്ത്രങ്ങളുമായാണ് യാചകരെ കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങള് ഭിക്ഷാടകരെ കണ്ടാല് 901 എന്ന ടോള് ഫ്രീ നമ്പറിലോ ദുബായ് പൊലീസിന്റെ സ്മാര്ട്ട് ആപ്പിലെ 'പൊലീസ് ഐ' എന്ന സേവനത്തിലൂടെയോ ഉടന് അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. ഭിക്ഷാടനം എന്ന കുറ്റകൃത്യത്തെ ചെറുക്കുന്നതിലൂടെയും തടയുന്നതിലൂടെയും ഒരു പരിഷ്കൃത സമൂഹത്തിൻ്റെ സത്ത സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക എന്നതാണ് ദുബായ് പൊലീസ് ആരംഭിച്ച കാമ്പയിൻ്റെ പ്രാഥമിക ലക്ഷ്യം.

dot image
To advertise here,contact us
dot image