13 ദിവസത്തെ കാത്തിരിപ്പ്; പ്രവാസി മലയാളിയുടെ മൃതദേഹം വിട്ടു നൽകി, നാളെ നാട്ടിലെത്തിക്കും

രാവിലെ ആറ് മണിയ്ക്ക് ഷാർജ-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് EK412-ലാണ് മൃതദേഹം കൊണ്ടുപോകുക

dot image

ദുബായ്: 13 ദിവസത്തെ കാത്തിരിപ്പിന് ശേഷം ദുബായ് മോർച്ചറിയില് സൂക്ഷിച്ചിരുന്ന പ്രവാസി മലയാളിയുടെ മൃതദേഹം വിട്ടു നൽകി. തൃശ്ശൂര് സ്വദേശി ഗുരുവായൂര് കാരക്കാട് വള്ളിക്കാട്ടുവളപ്പില് സുരേഷ് കുമാറിന്റെ (59) മൃതദേഹമാണ് വിട്ടു നല്കിയത്. തിങ്കളാഴ്ച രാവിലെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. രാവിലെ ആറ് മണിയ്ക്ക് ഷാർജ-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് EK412-ലാണ് മൃതദേഹം കൊണ്ടുപോവുക.

ആശുപത്രിയിൽ അടയ്ക്കേണ്ടിയിരുന്ന മുഴുവൻ തുകയും അധികൃതർ വേണ്ടെന്ന് വച്ചതോടെയാണ് മൃതദേഹം വിട്ടുനൽകിയത്. 4,59,000 രൂപ അടയ്ക്കാൻ ബാക്കിയുള്ളതിനാലാണ് ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ടുകൊടുക്കാതിരുന്നത്. ഇന്ന് വൈകുന്നേരം മൃതദേഹം ആശുപത്രിയിൽ നിന്ന് മുഹൈസിനയിലെ മെഡിക്കൽ ഫിറ്റ്നസ് സെന്ററിലേക്ക് മാറ്റി. തുടർന്ന് വൈകിട്ട് എംബാമിങ് നടപടികൾ പൂർത്തിയാക്കും. ഈ നടപടികൾക്ക് സാമൂഹിക പ്രവർത്തകരായ അഷ്റഫ് താമരശ്ശേരിയും റിയാസ് കൂത്തുപറമ്പും നേതൃത്വം നൽകുക.

ഏപ്രിൽ അഞ്ചിന് പനി ബാധിച്ചതിനെ തുടർന്ന് സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയ സുരേഷിന് ന്യുമോണിയ സ്ഥിരീകരിക്കുകയായിരുന്നു. സംസാരിക്കാൻ കഴിയാതെ വന്നു. 14 ദിവസം വെന്റിലേറ്ററിൽ ആയിരുന്നു. ഏപ്രിൽ 22ന് സുരേഷ് കുമാർ ദുബായിലെ സൗദി ജർമ്മൻ ഹോസ്പിറ്റിലിൽ വെച്ച് മരിച്ചു. ആശുപത്രിയിൽ പോകുന്നതിനു മുൻപ് സുരേഷ്കുമാർ വീട്ടിലേക്ക് വിളിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞാൽ നാട്ടിൽ എത്തുമെന്ന് മകളെ അറിയിക്കുകയും ചെയ്തിരുന്നു.

സംഭവം വാർത്തയായതോടെ ദുബായിലെ ഒട്ടേറെ സാമൂഹിക പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടു. സുരേഷ് കുമാർ അംഗമായിരുന്ന ദുബായ്– കേരള ടാക്സി പിക്കപ്പ് ഡ്രൈവേഴ്സ് അസോസിയേഷനാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾക്കുള്ള ചെലവ് വഹിച്ചത്. ഭാരവാഹികളായ അൻവർ അലി പട്ടേപ്പാടം, അക്ബർ പാവറട്ടി എന്നിവർ നേതൃത്വം നൽകി. സാമൂഹിക പ്രവർത്തകനായ കിരൺ രവീന്ദ്രനും സംബന്ധിച്ചു.

dot image
To advertise here,contact us
dot image