അബുദബി: പൊതുജനങ്ങളിലെ ട്രാഫിക് അവബോധം വർധിപ്പിക്കാനും യാത്രക്കാരെ സന്തോഷിപ്പിക്കാനും സ്മാർട്ട് റോബോട്ടിനെ പുറത്തിറക്കി അബുദബി പൊലീസ്. ട്രാഫിക് ബോധവത്കരണ മേഖലകളിലെ ഉപയോഗത്തിനായാണ് അബുദബി പൊലീസിന്റെ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകൾക്കൊപ്പമുള്ള സ്മാർട്ട് റോബോട്ടിനെ പുറത്തിറക്കിയിരിക്കുന്നത്. പൊതുജനങ്ങളുമായി സംവദിക്കാനും സംശയങ്ങൾക്ക് ഉത്തരം നൽകാനും ഇത് സഹായിക്കും. മനുഷ്യശരീരത്തിന് സമാനമായ ഘടനയുള്ള ഒരു സ്മാർട്ട് റോബോട്ടിനെയാണ് അബുദബി പൊലീസ് പുറത്തിറക്കിയിരിക്കുന്നത്.
സംശയങ്ങൾ ചോദിച്ചാൽ ചോദ്യങ്ങൾക്ക് റോബോട്ടിന് ഉത്തരം നൽകാൻ കഴിയും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രഭാഷണങ്ങൾ നടത്താൻ കഴിയും. സ്‌കൂൾ ബസിൽ 'സ്റ്റോപ്പ്' ചിഹ്നം നീട്ടിയാൽ നിർത്തുന്നതിൻ്റെ ആവശ്യകത എന്നിങ്ങനെയുള്ള മാർഗനിർദ്ദേശങ്ങൾ പൊതുജനങ്ങൾക്ക് നൽകും. ഈ നൂതന സാങ്കേതിക വിദ്യ പൊലീസിലും സുരക്ഷാ പ്രവർത്തനങ്ങളിലും നിരവധി മാറ്റങ്ങളുണ്ടാക്കുമെന്നും മികച്ച ഫലം ചെയ്യുമെന്നും ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ മഹ്മൂദ് യൂസഫ് അൽ ബലൂഷി ചൂണ്ടിക്കാട്ടി.
സ്മാർട്ട് റോബോട്ടിനെ ഡിജിറ്റൽ അവബോധ ട്രാഫിക് വീഡിയോകൾ പ്രദർശിപ്പിക്കാനും ട്രാഫിക് ഉപദേശം നൽകാനും ഉപയോഗിക്കാം. അബുദബി പൊലീസിൻ്റെ ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് പുറത്തിറക്കിയ ഈ റോബോട്ട് ഡയറക്ടറേറ്റിൽ നിന്നുള്ള ദേശീയ കേഡർമാരുടെ മേൽനോട്ടത്തിലാണ് പ്രോഗ്രാം ചെയ്തിരിക്കുന്നതെന്ന് ഡയറക്ടർ ഓഫ് ട്രാഫിക് ആൻഡ് അബ്ദുല്ല അൽ മഹൈരി പറഞ്ഞു. വിവിധ ഇവന്റുകൾ, എക്സിബിഷനുകൾ, ഡ്രൈവർമാർ, റോഡ് ഉപയോക്താക്കൾ, കാൽനടയാത്രക്കാർ എന്നിവരെ ട്രാഫിക് സുരക്ഷാ മാർഗനിർദേശങ്ങൾ ബോധവത്കരിക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശം.