ഷാർജ: എമിറേറ്റിലെ അൽ ദൈദിന് സമീപം മാർക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ച കടകളുടെ ഉടമകള്‍ക്ക് അടിയന്തര സഹായം പ്രഖ്യാപിച്ച് ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. ഇന്ന് പുലര്‍ച്ചെയാണ് ഷാര്‍ജ ദൈദില്‍ തീപിടിത്തം ഉണ്ടായത്.
നാശനഷ്ടമുണ്ടായ കടയുടമകള്‍ക്ക് പുതിയ മാര്‍ക്കറ്റില്‍ പുതിയ കടകള്‍ നല്‍കി നഷ്ടപരിഹാം നല്‍കാൻ ഷാര്‍ജ ഭരണാധികാരി നിര്‍ദേശിച്ചു. സ്ഥിരം മാര്‍ക്കറ്റ് പൂര്‍ത്തീകരിക്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. പുതിയതായി നിര്‍മ്മിച്ച സമുച്ചയത്തില്‍ കോണ്‍ഗ്രീറ്റ് കൊണ്ട് നിര്‍മ്മിച്ച 60ലധികം വാണിജ്യ കടകളാണുള്ളത്.
അൽ ദൈദ് ഫോർട്ടിന് സമീപമുള്ള മാർക്കറ്റിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ എമിറാത്തി പരമ്പരാഗത വസ്തുക്കൾ വിൽക്കുന്ന ഡസൻ കണക്കിന് കടകൾ കത്തിനശിച്ചതായി ഷാർജ സിവിൽ ഡിഫൻസാണ് അറിയിച്ചത്. പുലർച്ചെ 3.14 ന് ഓപ്പറേഷൻ റൂമിലേക്ക് തീപിടിത്തം ഉണ്ടായതായും അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കിയതായും ഷാർജ സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ സമഗ്രമായ അന്വേഷണത്തിനായി സ്ഥലം ഫോറന്‍സിക് ലബോറട്ടറിക്ക് കൈമാറി.