ദുബായ്: ദുബായ് മെട്രോയുടെ 15-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരുടെ പാസ്‌പോര്‍ട്ടില്‍ പ്രത്യേക സ്റ്റാമ്പ് പതിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 10,000 നോൽ കാര്‍ഡുകള്‍ വിതരണം ചെയ്തു. ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, റോഡ് ആന്‍ഡ് ട്രാന്‌സ്‌പോര്‍ട്ട് അതോറിറ്റിയുടെ
സഹകരണത്തോടെയാണ് ദുബായ് ഇന്‍ര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ ദുബായ് മെട്രോ വാര്‍ഷികം ആഘോഷമാക്കിയത്.
എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1,3 എന്നിവിടങ്ങളിലായിരുന്നു നോല്‍ കാര്‍ഡ് വിതരണം ചെയ്തത്. വിമാനത്താവളത്തിനും ദുബായിലെ വിവിധ ലക്ഷ്യസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള യാത്ര എളുപ്പവും വേഗത്തിലുള്ളതുമാകുന്നു. ഇന്നലെയായിരുന്നു ദുബായ് മെട്രോ 15 വര്‍ഷം പൂര്‍ത്തീകരിച്ചത്.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അഭിനന്ദനം അറിയിച്ചിരുന്നു. 15 വര്‍ഷത്തിനിടെ ദുബായ് മെട്രോയില്‍ 43 ലക്ഷം ട്രിപ്പുകളിലായി 240 കോടി പേരാണ് യാത്ര ചെയ്തത്. കൃത്യനിഷ്ഠയുടെ കാര്യത്തിലും ദുബായ് മെട്രോ പിന്നിലല്ല. 99.7 ശതമാനം കൃത്യനിഷ്ഠത പാലിക്കാന്‍ ദുബായ് മെട്രോയ്ക്ക് സാധിച്ചിട്ടുണ്ട്. ഇനിവരും കാലങ്ങളിലും കൃത്യനിഷ്ഠ നിരക്ക് നൂറിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം എക്സില്‍ കുറിച്ചിരുന്നു.