ദുബായ്: തിരുവോണനാളിൽ സ്വദേശി അറബികളുമൊത്ത് ഒപ്പന പാട്ടും തിരുവാതിരയുമായി വേറിട്ട ഓണാഘോഷം. തിരുവോണ ഒപ്പന എന്ന പേരിൽ നടന്ന ആഘോഷത്തിൽ ദുബായിലെ സ്വദേശി അറബ് പൗര പ്രമുഖരും പങ്ക് ചേർന്നു.
ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസി എച്ച് ഡിജിറ്റൽ ആസ്ഥാനത്തുവെച്ചാണ് ഓണാഘോഷം നടന്നത്. നബിദിനവും തിരുവോണമൊക്കെ ചേർന്ന് സഹിഷ്‌ണുതയുടെ വേറിട്ട ആഘോഷ മാതൃകയാണ് പ്രവാസ ലോകത്ത് തീർത്തത്.
ഗൾഫിൽ ഓണാഘോഷം മാസങ്ങൾ നീളുന്ന ആഘോഷമാണ്. ഇന്ത്യക്കാരുൾപ്പെടെ വിവിധ രാജ്യക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ് പ്രവാസ ലോകത്തെ ഓണാഘോഷ പരിപാടികൾ. മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെ വലിയ രീതിയിലുള്ള ഓണാഘോഷ പരിപാടികളാണ് ഓഫീസുകളിലും ഹോട്ടലുകളിലും ഒരുക്കിയിട്ടുള്ളത്.