ദുബായ്: രാജ്യത്തെ പൗരന്മാരോടും ജനങ്ങളോടും എഐ ആപ്പുകളെ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ദുബായ് പൊലീസ്. ചാറ്റ്ബോട്ട്സ്, ചാറ്റ് ജിപിടി എന്നിവയിൽ വിവിരങ്ങൾ നൽകുമ്പോൾ സൂക്ഷിക്കണം. വ്യക്തിഗത വിവരങ്ങൾ കൈമാറുമ്പോൾ അത് അപകടകരമാണെന്ന് പൊലീസിന്റെ മുന്നറിയിപ്പ് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഒരു എഐ ആപ്പ് ഉപയോഗിക്കണമെങ്കിൽ വ്യക്തിഗത വിവരങ്ങൾ നൽകേണ്ടതുണ്ട് ഇത് അപകടങ്ങളെ വിളിച്ചുവരുത്തുമെന്നാണ് പൊലീസ് പറയുന്നത്. നിർമ്മിത ബുദ്ധി ഉപയോഗിച്ച് നിരവധി സൈബർ തട്ടിപ്പുകൾ നടന്നുവരുന്നുണ്ടെന്ന് പൊലീസ് ഓർമ്മിപ്പിച്ചു
ഫോണിലെ ഡാറ്റയും ചിത്രങ്ങളും ഉപയോഗിക്കാനുള്ള അനുമതി ആപ്പ് ഇൻസ്റ്റോൾ ചെയ്യുന്ന സമയത്തു തന്നെ നൽകുന്നുണ്ട്. വായിച്ചുനോക്കാതെയാണ് അനുമതി നൽകുന്നത്. ഇത് ഭാവിയിൽ പലതരത്തിൽ അപകടങ്ങൾക്ക് വഴിവെക്കും. ഡീപ് ഫേക്ക് വീഡിയോകോൾ, ന്യൂഡ് ചിത്രങ്ങൾ എന്നിവ പ്രചരിക്കാനും കാരണമാകും. കൂടാതെ സമൂഹമാധ്യമങ്ങളിലുള്ള അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതിനും ഇതുവഴി സാധിക്കും. നമ്മൾ പോലും അറിയാതെ ബാങ്ക് വിവരങ്ങൾ ശേഖരിച്ച് പണം തട്ടും. നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് പല സൈബർ തട്ടിപ്പുകളും നടന്നുവരുന്നുണ്ടെന്ന് പൊലീസ് ഓർമ്മിപ്പിച്ചു.
അക്കാദമിക് ജോലികൾ ചെയ്യുമ്പോൾ എഐ ഉപയോഗിക്കരുതെന്നും അതിൽ വലിയ രീതിയിൽ തെറ്റുകൾ വന്നേക്കാമെന്നും പൊലീസ് അറിയിച്ചു. എഐ ആപ്പുകൾ നൽകുന്ന മുഴുവൻ വിവരങ്ങളിലും വിശ്വാസമർപ്പിക്കരുത്. ഒന്നിലധികം ഉറവിടങ്ങൾ പരിശോധിച്ച ശേഷം മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും മുന്നറിയിപ്പിൽ കൂട്ടിച്ചേർക്കുന്നു.
എഐ ആക്രമണങ്ങളിൽ നിന്ന് എങ്ങിനെയെല്ലാം മുൻകരതലുകൾ സ്വീകരിക്കാമെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. എഐ ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ മുഴുവൻ പേര്, വിലാസം, ഫോൺ നമ്പർ അല്ലെങ്കിൽ ബാങ്കിംഗ് വിശദാംശങ്ങൾ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കുക. എഐ ഉപകരണങ്ങൾ ജാഗ്രതയോടെ ഉപയോഗിക്കണം. പൊതുവായ ജോലികൾക്കായി അവരെ ആശ്രയിക്കുക, എന്നാൽ രഹസ്യാത്മകമായ കാര്യങ്ങൾക്കായി അവ ഉപയോഗിക്കാതിരിക്കുക. ഒരു എഐ പ്ലാറ്റ്‌ഫോം വഴി നിങ്ങളുടെ ഡാറ്റ അപഹരിക്കപ്പെട്ടതായി സംശയം തോന്നിയാൽ ദുബായ് പൊലീസിൻ്റെ സൈബർ ക്രൈം ഡിപ്പാർട്ട്‌മെൻ്റ് പോലുള്ള അധികാരികളെ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും പൊലീസ് അറിയിച്ചു.