ദുബായ്: ഇ-സ്കൂട്ടറിന് മെട്രോയിലും ട്രാമിലും ഏർപ്പെടുത്തിയ നിയന്ത്രണത്തിന് ഇളവുമായി ദുബായ് ആർടിഎ. സീറ്റ് ഇല്ലാത്ത മടക്കി സൂക്ഷിക്കാനാവുന്ന ഇ-സ്കൂട്ടറുകൾ ഇനി മെട്രൊയിൽ കൊണ്ടുപോകാനാകും. ഇ-സ്കൂട്ടർ ഉപയോക്താക്കൾക്കുള്ള നിയമങ്ങളും മാർഗനിർദേശങ്ങളും പുതുക്കിയതോടെയാണ് ആർടിഎ ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ യാത്രക്കാരുടെ സുരക്ഷാ ഭീഷണി ഉയർന്ന സാഹചര്യത്തിലായിരുന്നു ഇ- സ്കൂട്ടറുകൾക്ക് ആർടിഎ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.
ആർടിഎയുടെ മാർഗനിർദേശ പ്രകാരം ഇ-സ്‌കൂട്ടറിന്‍റെ വലുപ്പം 120 X 70 x40 സെന്‍റിമീറ്ററില്‍ കവിയരുത്. സീറ്റില്ലാത്തതും മടക്കാവുന്നതുമായിരിക്കണം ഇ-സ്‌കൂട്ടര്‍. കൊണ്ടുപോകുന്ന ഇ-സ്കൂട്ടർ 20 കിലോയിൽ കൂടാൻ പാടില്ലെന്ന നിബന്ധനയുമുണ്ട്. പുതിയ നിബന്ധനകളോടെ ഇ-സ്കൂട്ടർ ട്രാമിലും മെട്രോയിലും കൊണ്ടുപോകാനാകുന്ന തീരുമാനം യാത്രക്കാർക്ക് ഏറെ ആശ്വാസകരമാവുകയാണ്.
ട്രാമിലും മെട്രോയിലും ഇ-സ്കൂട്ടർ കൊണ്ടുപോകുന്നതിന് പാലിക്കേണ്ട നിയമങ്ങൾ:
- ഡോറുകൾ, ഇരിപ്പിടങ്ങൾ, ഇടനാഴികൾ, അടിയന്തര ഉപകരണങ്ങൾ എന്നിവയ്ക്ക് തടസ്സമാകരുത്.
- മെട്രോ, ട്രാം എന്നിവയിൽ ഇ-സ്കൂട്ടർ ചാർജ് ചെയ്യാൻ പാടില്ല.
- സ്റ്റേഷനുകളിലോ നടപ്പാങ്ങളിലോ ഓടിക്കാൻ പാടുള്ളതല്ല.
- സ്റ്റേഷനുകൾ, പ്ലാറ്റഫോമുകൾ, ട്രെയിനുകൾ, ട്രാം എന്നിവയിലേക്ക് പ്രവേശിക്കുമ്പോൾ സ്കൂട്ടറുകൾ മടക്കിവെക്കണം.
- മെട്രോ, ട്രാമിന് പരിസരങ്ങളിലുള്ള സമയങ്ങളിൽ സ്കൂട്ടറിന്റെ പവർ ഓഫ് ചെയ്യണം.
- ട്രെയിനിനകത്തെ വസ്തുക്കൾക്ക് കേടുപാടുകൽ വരുത്താൻ സാധ്യതയുള്ള നീണ്ടുനിൽക്കുനന് ഭാഗങ്ങൾ മറക്കുകയോ പിൻവലിക്കുകയോ വേണം.
- നനഞ്ഞിരിക്കുന്ന അവസ്ഥയിൽ വാഹനം പ്രവേശിപ്പിക്കരുത്.
- സ്കൂട്ടർ സുരക്ഷിതനായി കൊണ്ടുപോകുന്നതിന് യാത്രക്കാർ ഉത്തരവാദികളാണ്.
- മെട്രോ സ്റ്റേഷനുകളിൽ ചെക്ക് ഇൻ ഔട്ട് ചെയ്യുമ്പോൾ ഇ-സ്കൂട്ടറുകൾ മടക്കിവെക്കുകയും വിശാലമായ ഗേറ്റുകൾ ഉപയോഗിക്കുകയും വേണം.
- കേടായ ബാറ്ററികൾ ഉപയോഗിക്കാൻ പാടില്ല.
- ഇരട്ട ബാറ്ററി പാടില്ല. പരിസ്ഥിതി മാലിന്യങ്ങൾ പുറന്തള്ളാൻ പാടില്ല.
- അന്താരാഷ്ട്ര നിലവാരത്തിലുള്ള ബാറ്ററികൾ മാത്രമേ ഉപയോഗിക്കാവൂ.
- മെട്രോ, ട്രാം എന്നിവയിൽ ഇ-സ്കൂട്ടർ ചാർജ് ചെയ്യാൻ പാടില്ല.