അബുദബി: വിദ്യാർത്ഥികളിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട കുറ്റത്തിന് ബ്രിട്ടീഷ് അധ്യാപകന് മൂന്ന് വർഷം തടവും 5,000 ദിർഹം പിഴയും വിധിച്ച് അബുദബി ഫെഡറൽ അപ്പീൽ കോടതി. അധ്യാപകൻ പഠിപ്പിക്കുന്ന സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്ന് പരീക്ഷയ്ക്ക് കൂടുതൽ മാർക്ക് നൽകാമെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. ശിക്ഷയെ തുടർന്ന് ബ്രിട്ടീഷ് അധ്യാപകനെ യുഎഇയിൽ നിന്ന് നാടുകടത്തും.
അധ്യാപകൻ പഠിപ്പിക്കുന്ന വിഷയങ്ങളിൽ പരീക്ഷാ ഫലങ്ങളിൽ മാറ്റം വരുത്തുകയും അതുവഴി വിദ്യാർത്ഥികളുടെ പരീക്ഷയിലെ ഗ്രേഡുകൾ അന്യായമായി ഉയർത്തുകയും ചെയ്തെന്നാണ് ആരോപണം. പൊലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിൽ അധ്യാപകൻ കൈക്കൂലി വാങ്ങിയതായി കണ്ടെത്തി.
ഇത് രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. കുട്ടികളുടെ മൂല്യബോധം സംരക്ഷിക്കേണ്ട അധ്യാപകർ ഇത്തരത്തിൽ പ്രവർത്തികൾ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം അധ്യപാകന്റേയും സ്കൂളിന്റേയും കൂടുതൽ വിവരങ്ങൾ അന്വേഷ സംഘം പുറത്തുവിട്ടിട്ടില്ല. നിലവിൽ കോപ്പിയടി, പരീക്ഷാ സംവിധാനം തടസ്സപ്പെടുത്തൽ തുടങ്ങി നിരവധി കേസുകൾ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ അന്വഷിക്കുന്നുണ്ട്.