യുഎഇയിൽ പൊതുമാപ്പ് നീട്ടില്ല; ഔട്ട് പാസ് ലഭിച്ചാൽ ഉടൻ രാജ്യം വിടണം, ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ

മടങ്ങാത്തവരെ പ്രവേശന വിലക്കേര്‍പ്പെടുത്തി നാടുകടത്തും

dot image

ദുബായ്: യുഎഇയില്‍ പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് അധികൃതര്‍. ഈ മാസത്തിന് ശേഷം പൊതുമാപ്പ് കാലാവധി നീട്ടില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) ഡയറക്ടര്‍ ജനറല്‍ സൂഹൈല്‍ സയീദ് അല്‍ ഖൈലി അറിയിച്ചു. എക്‌സിറ്റ് പെര്‍മിറ്റ് (ഔട്ട്പാസ്) ലഭിച്ചിട്ടും രാജ്യം വിടാത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഐസിപി വ്യക്തമാക്കി. അനധികൃത താമസം നടത്തിയാല്‍ വന്‍ പിഴ, തടവ് അടക്കം കര്‍ശനമായ നടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

മടങ്ങാത്തവരെ പ്രവേശന വിലക്കേര്‍പ്പെടുത്തി നാടുകടത്തുമെന്നും കോടതികളില്‍ പോലും നിയമനടപടികളില്‍ ഇളവ് നല്‍കില്ലെന്നും സയീദ് അല്‍ ഖൈലി കൂട്ടിച്ചേര്‍ത്തു. ഔട്ട്പാസ് ലഭിച്ചിട്ടും നിരവധി പേര്‍ രാജ്യത്ത് തുടരുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതുമാപ്പ് കാലയളവിലും താമസം നിയമവിധേയമാക്കാതെ രാജ്യത്ത് താമസിക്കുന്നവരുടെ പേരിലുള്ള നിയമലംഘനപിഴ പുനസ്ഥാപിക്കുമെന്ന് ഐസിപിയിലെ റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുല്‍ത്താന്‍ യൂസഫ് അല്‍ നുഐമി പറഞ്ഞു.

നേരത്തെ രാജ്യം വിട്ടു പോകാനുള്ള അവസാന ദിവസം ഔട്ട് പാസ് കൈക്കലാക്കി 15 ദിവസം എന്നതായിരുന്നു. എന്നാല്‍ അത് ഈ മാസം 31 വരെയായി നീട്ടുകയായിരുന്നു. ആരെങ്കിലും നിയമം ലംഘിക്കുന്നുണ്ടോയെന്ന് അറിയാന്‍ റസിഡന്‍ഷ്യല്‍ ഏരിയകളിലും കമ്പനികളിലും ഊര്‍ജിതമായ പരിശോധന ക്യാമ്പയിനുകളും നടത്തും. ഇതിലൂടെ പിടിക്കപ്പെടുന്ന നിയമലംഘകരെ ഭാവിയില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കപ്പെട്ട വ്യക്തികളുടെ പട്ടികയിലുള്‍പ്പെടുത്തും.

Content Highlights: Amnesty will not be extended in UAE

dot image
To advertise here,contact us
dot image