ദുബായിൽ ഇനി നോൽ കാർഡിന് വിട; ഇനി കൈപ്പത്തി കാണിച്ചാൽ യാത്ര ചെയ്യാം

'മൈ ഐഡി പാം' എന്നാണ് പുതിയ സ്മാർട്ട് പദ്ധതിയ്ക്ക് ആർടിഎ നൽകിയിരിക്കുന്ന പേര്

dot image

ദുബായ്; എമിറേറ്റിൽ ഇനി നോൽ കാർഡുകൾക്ക് ആയുസ് അധികം ഇല്ല. പകരം കൈപ്പത്തി സ്മാർട്ട് ​ഗേറ്റിലെ സെൻസറിന് മുകളിൽ കാണിച്ചാൽ ​ഗേറ്റുകൾ താനെ തുറയും. 'മൈ ഐഡി പാം' എന്നാണ് പുതിയ സ്മാർട്ട് പദ്ധതിയ്ക്ക് ആർടിഎ നൽകിയിരിക്കുന്ന പേര്. കഴിഞ്ഞ ദിവസം ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച് ജൈടെക്സ് ​ഗ്ലോബൽ പ്രദർശന മേളയിലാണ് ഈ പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിച്ചത്. യാത്രക്കാർക്ക് എങ്ങിനെ കൈപ്പത്തിയെ നോൽ കാർഡുമായി ബന്ധിപ്പിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

ഇതിനായി ആദ്യം യാത്രക്കാർ അവരുടെ കൈപ്പത്തി കിയോസ്കിൽ സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യണം. ശേഷം വലത്, ഇടത് കൈകൾ സ്കാൻ ചെയ്ത് ബയോമെട്രിക് സംവിധാനത്തിൽ രേഖപ്പെടുത്തണം. സ്മാർട്ട് ​ഗേറ്റുകളിലെ പ്രത്യേക സെൻസറിന് മുകളിൽ കൈപ്പത്തി കാണിച്ചാൽ ​ഗേറ്റുകൾ താനെ തുറക്കപ്പെടും. യാത്രാ സൗകര്യങ്ങൾ മാത്രമല്ല രാജ്യത്തെ പണമിടപാടും ഈ സംവിധാനത്തിലൂടെ നടത്താനാകും. ഐസിപിയുടേയും യുഎഇ സെൻട്രൽ ബാങ്കിൻ്റേയും സഹകരണത്തോടെയാണ് ഈ സംവിധാനം നടപ്പാക്കുന്നത്. ലിങ്ക് ചെയ്‌ത നോൽ കാർഡിൽ നിന്ന് യാത്രയുടെ ചെലവ് സ്വയമേവ കുറയും.

2026ഓടെ ഈ സംവിധാനം പുറത്തിറക്കുമെന്ന് ആർടിഎ ഉദ്യോ​ഗസ്ഥൻ പറഞ്ഞു. സംവിധാനം പ്രാബല്യത്തിൽ വരുന്നതോടെ ഒരു യാത്രക്കാരന് മെട്രോയിലും ബസിലും എമിറേറ്റിലെ പൊതു​ഗതാ​ഗതത്തിൽ യാത്ര ചെയ്യുന്നതിന് കൈപ്പത്തി സ്കാൻ ചെയ്താൽ മതിയാകും. കൈപ്പത്തി ഉപയോ​ഗിച്ച് വേ​ഗമേറിയതും തടസ്സമില്ലാത്തതുമായ സേവനങ്ങൾ നൽകാനുള്ള സംവിധാനമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ഉദ്യോ​ഗസ്ഥൻ നേരത്തെ പറഞ്ഞിരുന്നു.

Content Highlights: Dubai Pay-by-palm system at Metro stations expected to be rolled out by 2026

dot image
To advertise here,contact us
dot image