ദുബായ്: എമിറേറ്റിലെ ക്യാംപിങ് സീസൺ ഒക്ടോബർ 21ന് ആരംഭിക്കും. അടുത്ത വർഷം ഏപ്രിൽ മാസം അവസാനം വരെ ഈ ശൈത്യകാല ക്യാംപിങ് തുടരുമെന്ന് അധികൃതർ അറിയിച്ചു. കുറഞ്ഞത് മൂന്ന് മാസത്തേക്കും പരമാവധി ആറുമാസത്തേക്കുമാണ് ക്യാംപിങ് സീസണിന് പെർമിറ്റുകൾ നൽകുന്നത്. അൽ അവീറിൽ ക്യാംപിങ് കേന്ദ്രങ്ങൾ ദുബായ് മുനിസിപ്പാലിറ്റിയാണ് പ്രഖ്യാപിച്ചത്. ദുബായ് പൊലീസ്, ആർടിഎ, സിവിൽ ഡിഫൻസ്, ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി എന്നിവരുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യമാണ് മുനിസിപ്പാലിറ്റി ഒരുക്കുന്നത്. ക്യാംപ് സജ്ജീകരിക്കാനുള്ള അതിരുകളും നിർദിഷ്ട ആവശ്യകതകളും വിവരിച്ച് അതോറിറ്റി അപേക്ഷകർക്ക് പെർമിറ്റ് നൽകും. ക്യാംപുകൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനായി താത്ക്കാലിക കച്ചവട സ്ഥാപനങ്ങൾ തുടങ്ങുന്നതിനായുള്ള പെർമിറ്റും അനുവദിക്കും. ഒരു ക്യാംപിന് പരമാവധി 400 ചതുരശ്ര മീറ്റർ വിസ്തീർണത്തിന് ഒരു ചതുരശ്ര മീറ്ററിന് 44 ഫിൽസ് വീതമാകും പ്രതിവാര പെർമിറ്റ് ഫീസ്.
ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ക്യാംപുകളുടെ മുന്നിൽ വാഹനം നിർത്തിയിടാൻ സൗകര്യം ലഭിക്കും. ക്യാംപ് ചെയ്യുമ്പോൾ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ക്യാംപുകൾ വേലികെട്ടി തിരിക്കണം. അനുവദിച്ചിരിക്കുന്ന സ്ഥലം മാത്രമാണ് ഉപയോഗിക്കേണ്ടത്. ലഭിച്ച സ്ഥലത്തെ ക്യാംപിന്റെ രൂപം പെർമിറ്റ് ഉടമകൾക്ക് തീരുമാനിക്കാം. സുരക്ഷാ നിയന്ത്രണങ്ങൾ പാലിക്കണം. പരിസര ശുചിത്വം എല്ലാ ക്യാംപുകളും ഉറപ്പാക്കണം. അഗ്നി സുരക്ഷാ മാർഗങ്ങൾ ഉറപ്പാക്കണം. വെടിക്കെട്ട് നടത്താൻ പാടില്ല.
Content Highlights: Dubai Muncipality Announced canping Center in alweer Winter Camping