ദുബായ്: പാസ്പോർട്ട് കൗണ്ടറും സ്മാർട്ട് ഗേറ്റും ഇല്ലാതെ വിമാനാത്താവളത്തിലൂടെ യാത്രക്കാർക്ക് ഇമിഗ്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ പുതിയ സംവിധാനം വരുന്നു. സംവിധാനം വരുന്നതോടെ യാത്രക്കാർക്ക് യാത്രാ രേഖകൾ പാസ്പോർട്ട് കൗണ്ടറിൽ കാണിക്കാതെയും സ്മാർട്ട് ഗേറ്റ് നടപടികൾ നടത്താതേയും വിമാനത്താവളത്തിലൂടെ നടന്നാൽ ഇമിഗ്രേഷൻ പൂർത്തീകരിക്കാനായി സാധിക്കും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഈ സംവിധാനം നടപ്പിലാക്കുക.
ഈ സാങ്കേതിക പരിഷ്കരണത്തെ സിമ് ലസ് ട്രാവൽ ഫ്ലാറ്റ്ഫോം എന്ന പേരിലാണ് അറിയപ്പെടുക. അധികം വൈകാതെ ദുബായ് വിമാനത്താവളത്തിൽ ഈ പുതിയ സംവിധാനം നടപ്പാക്കും. യാത്രക്കാർ ഒരു വട്ടം നടന്നാൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന നിർമ്മിതബുദ്ധി സാങ്കേതിക വിദ്യയാണ് ഇത് നടപ്പാക്കുന്നത്. ദുബായിൽ നടക്കുന്ന ജൈടെക്സ് ഗ്ലോബലിലാണ് ഈ സംവിധാനത്തെ ഇമിഗ്രേഷൻ് വകുപ്പ് പരിചയപ്പെടുത്തിയത്.
വിമാനത്താവളത്തിലൂടെ യാത്രക്കാർ നടന്നുപോകുമ്പോൾ നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന മുഖം തിരിച്ചറിയാനുള്ള പ്രത്യേക കാമറകൾ ഉപയോഗിച്ച് യാത്രക്കാരുടെ മുഖം സ്കാൻ ചെയ്യുകയും ബയോമെട്രിക് രേഖകളും യാത്രക്കാന്റെ മുഖവും ഒന്നാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യും. അതിനായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലുടനീളം മുഖം തിരിച്ചറിയുന്നതിനായുള്ള അത്യാധുനിക എഐ ക്യാമറകൾ സ്ഥാപിക്കും. ഈ ക്യാമറകൾ യാത്രക്കാരുടെ ഫോട്ടോ എടുക്കും ആ വ്യക്തിയുടെ രേഖകളുമായി കമ്പ്യൂട്ടറുകൾ താരതമ്യം ചെയ്യുകയും ചെയ്യുമെന്ന് ജിഡിആർഎഫ്എയുടെ സ്മാർട്ട് സേവനങ്ങളുടെ അസി. ഡയറക്ടർ ലഫ്: കേണൽ ഖാലിദ് ബിൻ മദിയ അൽ ഫലാസി പറഞ്ഞു.
യാത്രക്കാർക്ക് ഒരുരേഖകളും കാണിക്കാതെ കടന്നുപോകാനാകും. വിമാനകമ്പനികളുടേയും മറ്റ് കക്ഷികളുടേയും പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പിലാക്കുക. ഈ സംവിധാനം നടപ്പാക്കുന്നതിലൂടെ യാത്ര നടപടികൾ സുഗമമായി നടപ്പാക്കാൻ സാധിക്കും.
Content Highlights: Dubai Airport to remove all physical passport control and passports