അബുദബി: വിദ്യാർത്ഥികളുടെ സ്കളൂൾ ബാഗുകളുടെ ഭാരം നിയന്ത്രിക്കാൻ പുതിയ നിയമങ്ങൾ നടപ്പിലാക്കിയതായി അബുദബി വിദ്യാഭ്യാസ വകുപ്പ്. വിദ്യാർത്ഥികളുടെ ശരീര ഭാരത്തിന്റെ 5-10 ശതമാനം മാത്രമേ ബാഗുകൾക്ക് ഉണ്ടാകാൻ പാടുള്ളൂ എന്നതാണ് പുതിയ നിയമം. കൂടാതെ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനായി ഡിജിറ്റൽ ബുക്കുകൾ എന്ന ആശയവും അധികൃതർ നടപ്പാക്കിയിട്ടുണ്ട്.
ഇ- ബുക്കുകളും ഓൺലൈൻ പഠന രീതികളുമാണ് സ്കൂൾ അധികൃതർ പ്രോത്സാഹിപ്പിക്കുന്നതെന്ന് ജെംസ് വേള്‍ഡ് അക്കാദമി, അബുദബിയുടെ വൈസ് പ്രിൻസിപ്പൽ ഡേവിഡ് ക്രാഗ്സ് പറഞ്ഞു. 'ഡിജിറ്റൽ പുസ്തകങ്ങൾ ഉപയോഗിച്ച് കുട്ടികൾക്ക് ഒരു ഡിവൈസ് വഴി എല്ലാ പഠന സാമഗ്രികളും ലഭ്യമാകും. ബാഗുകളുടെ ഭാരം ഗണ്യമായി കുറയ്ക്കും', ഡേവിഡ് ക്രാഗ്സ് പറഞ്ഞു.
സ്കൂൾ ലൈബ്രറിയിൽ കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ താത്കാലികമായി വായിക്കാൻ സൗകര്യം ഒരുക്കിയിരിക്കുന്നതിലൂടെ ദിവസേന കൈവശം വെക്കേണ്ട പുസ്തകങ്ങളുടെ എണ്ണം കുറയ്ക്കാനുമായിട്ടുണ്ട്. സൂളിൽ പുസ്തകങ്ങൾ ലോക്കർ സൗകര്യം ഉപയോഗിച്ച് സൂക്ഷിക്കാനാകുമെന്ന് ഷൈനിംഗ് സ്റ്റാർ ഇൻ്റർനാഷ്ണൽ സ്കൂൾ പ്രിൻസിപ്പൽ അഭിലാഷ് സിംഗ് പറഞ്ഞു. വിദ്യാർത്ഥികൾക്ക് ഷെഡ്യൂൾ പ്രകാരമുള്ള പുസ്തകങ്ങൾ മാത്രം കൊണ്ടുവരാൻ നിർദേശം നൽകും. ബാക്കി പുസ്തകങ്ങൾ സ്കൂളിലെ ലോക്കറിൽ സൂക്ഷിക്കാമെന്നും അബുദബി ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.
Content Highlights: School set new rule for students bagpack Weight in abu dhabi