ദുബായ്: നാല് രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഫ്ലൈ ദുബായ്. ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍, ഇസ്രേയല്‍ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഫ്ലൈ ദുബായ് റദ്ദാക്കിയിരിക്കുന്നത്. ഇതുകൂടാതെ ഈ റൂട്ടുകളിലൂടെയുള്ള ചില വിമാനങ്ങള്‍ വഴി തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.
ഇസ്രയേലിനെതിരെ ടെഹ്‌റാന്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ശനിയാഴ്ച പുലര്‍ച്ചെ ഇറാനിലെ സൈനിക സൈറ്റുകള്‍ ആക്രമിച്ചതായി ഇസ്രയേല്‍ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് സർവീസുകൾ റദ്ദാക്കാൻ ഫ്ലൈ ദുബായ് തീരുമാനിച്ചത്. മേഖലയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരും. അതിനനുസരിച്ച് വിമാന സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്യുന്നത് ഭേദഗതി ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ടിക്കറ്റ് റീബുക്കിങ് അല്ലെങ്കില്‍ റീഫണ്ട് ഓപഷ്‌നുകള്‍ക്കായി ദുബായിലെ ഫ്ലൈ ദുബായ് കോണ്‍ടാക്റ്റ് സെന്ററുമായോ (+971)600544445 എന്ന നമ്പറിലോ ഫ്ലൈ ദുബായ് ട്രാവല്‍ ഏജന്‍സിയുമായോ ബന്ധപ്പെട്ട ട്രാവല്‍ ഏജന്റുമാരുമായോ ബന്ധപ്പെടാന്‍ വിമാന കമ്പനി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അബുദബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയര്‍വേയ്‌സും നിരവധി വിമാന റൂട്ടുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയാണ് തങ്ങള്‍ക്ക് വലുതെന്നും, അത് സുരക്ഷിതമല്ലെങ്കില്‍ ഫ്‌ലൈറ്റ് പ്രവര്‍ത്തിപ്പിക്കില്ലെന്നും എത്തിഹാദിന്റെ വക്താവ് പറഞ്ഞു. ethihad.com എന്ന തങ്ങളുടെ സൈറ്റില്‍ വിമാന സര്‍വീസുകളുടെ സ്റ്റാറ്റസ് നിരന്തരം പരിശോധിക്കണമെന്ന് ഉപഭോക്താക്കളോട് അഭ്യാര്‍ത്ഥിച്ചു. യാത്രാ ക്രമീകരണങ്ങള്‍ മാറ്റാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് (+971) 600 555 666 എന്ന നമ്പറിലോ അവരുടെ ട്രാവല്‍ ഏജന്റുമാരുമായോ ബന്ധപ്പെടാവുന്നതാണ്.
Content Highlights: Fly Dubai has canceled flights to four countries