അബുദബി: സ്കൂളുകളിൽ അലർജിക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ച് അബുദബി. സ്കൂളിലേക്കുള്ള ഭക്ഷണ ഡെലിവറി സേവനങ്ങളും നിർത്തലാക്കി. ആരോഗ്യകരമായ ഭക്ഷണമാണ് കുട്ടികൾ സ്കൂളിലേക്കു കൊണ്ടുവരുന്നതെന്ന് രക്ഷിതാക്കളും സ്കൂൾ അധികൃതരും ഉറപ്പാക്കണമെന്ന് അബുദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി അഡെക് അംഗീകരിച്ച നയം നടപ്പിലാക്കാൻ സ്കൂളുകൾ ബാധ്യസ്ഥരാണ്. നിയമലംഘകർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു.
സുരക്ഷിതമല്ലാത്ത ഭക്ഷണങ്ങൾ സ്കൂളിലോ പരിസരത്തോ കഴിക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ചു. സ്കൂൾ പ്രവൃത്തി സമയത്തോ അതു കഴിഞ്ഞോ ഹോട്ടലുകളിൽനിന്നും മറ്റും ഓർഡർ ചെയ്ത് സ്കൂളിൽ ഭക്ഷണം എത്തിച്ച് കഴിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പോഷക സമ്പുഷ്ടമായ ഭക്ഷണം കുട്ടികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് നിയമം കർശനമാക്കിയത്.
ആരോഗ്യകരമായ ഭക്ഷണവും ഭക്ഷ്യ സുരക്ഷയും ഉറപ്പാക്കുക, വീട്ടിൽനിന്ന് തയ്യാറാക്കിയ ഭക്ഷണം പ്രോത്സാഹിപ്പിക്കുക, സ്കൂൾ കാന്റീനുകളിൽ ആരോഗ്യകരമായ വിവിധ ഭക്ഷണം ലഭ്യമാക്കുക, ശുചിത്വവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുക, അലർജിയുണ്ടാക്കുന്ന ഭക്ഷണം കുട്ടികൾ കഴിക്കുന്നില്ലെന്ന് ഉറപ്പാക്കുക, അലർജിയുള്ള വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങി ആറ് അടിസ്ഥാന തത്വങ്ങൾ പാലിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണെന്ന് അഡെക് വ്യക്തമാക്കി. ജീവനക്കാർ, വിദ്യാർഥികൾ, വിതരണക്കാർ, രക്ഷിതാക്കൾ എന്നിവർക്ക് മനസ്സിലാക്കാവുന്ന വിധം ഭക്ഷ്യസുരക്ഷാ നയങ്ങൾ സ്കൂളിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Content Highlights: Allergy causing and delivery services banned in abu dhabi schools