ദുബായ്: പൊലീസിന്റെ സ്മാർട്ട് ക്യാമറയില്‍ അശ്രദ്ധയോടെ വാഹമോടിക്കുന്ന ഗുരുതനിയമ ലംഘനങ്ങള്‍ കണ്ടെത്തി. വാഹനമോടിക്കുന്ന ഒരു യുവതി രണ്ട് ഫോണുകള്‍ ഉപയോഗിക്കുന്നത് ക്യാമറയില്‍ പതിഞ്ഞു. റോഡിലൂടെ വാഹനമോടിക്കുന്നതിനിടയിൽ ഡ്രൈവർ വായനയിൽ ഏർപ്പെട്ടിരിക്കുന്നതും കാണാം. ചിത്രങ്ങള്‍ ദുബായ് പൊലീസ് എക്‌സില്‍ പങ്കുവെച്ചു.
വാഹനമോടിക്കുന്ന വനിത രണ്ട് ഉപകരണങ്ങള്‍ ചെവിയോട് അടുപ്പിച്ച് പിടിച്ചിരിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. വാഹനമോടിക്കുന്ന വനിത ഫോണ്‍ കോളിലാണെന്ന് തോന്നുന്നു. സ്റ്റിയറിംഗ് വീലില്‍ കൈകളൊന്നും വയ്ക്കാതെയാണ് ഡ്രൈവ് ചെയ്യുന്നതെന്നും പൊലീസ് കുറിച്ചു.
മറ്റൊരു ചിത്രത്തില്‍ ഡ്രൈവര്‍ വാഹനമോടിക്കുമ്പോള്‍ എന്തോ വായിക്കുന്നതായി കാണുന്നു. ഇത് അവരുടെ ശ്രദ്ധ ഹൈവേയില്‍ നിന്ന് അകറ്റുകമാത്രമല്ല , ട്രാഫികിനെ കുറിച്ചുള്ള കാഴ്ചയെയും പൂര്‍ണ്ണമായും തടയുകയും ചെയ്തുവെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമ ലംഘനങ്ങളും ഇത്തരം പെരുമാറ്റങ്ങളും കണ്ടുപിടിക്കാൻ കഴിയുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യകളാൽ സജ്ജീകരിച്ചിരിക്കുന്നതാണ് ദുബായിലെ ട്രാഫിക് സംവിധാനങ്ങൾ. വിൻഡ്ഷീൽഡുകൾ കനത്തിൽ ചായം പൂശിയാലും കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.
റോഡ് സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിനും ട്രാഫിക് നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുമായി ദുബായ് പൊലീസ് സ്മാർട്ട് ട്രാഫിക് സാങ്കേതികവിദ്യകളിൽ സജീവമായി നിക്ഷേപം നടത്തുന്നുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂയി പറഞ്ഞു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്, ടെയിൽ ഗേറ്റിംഗ്, പെട്ടെന്നുള്ള വ്യതിയാനം എന്നിവയുൾപ്പെടെ ഒന്നിലധികം ട്രാഫിക് നിയമലംഘനങ്ങൾക്ക് 30 ദിവസം വരെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് അൽ മസ്‌റൂയി ഓർമ്മിപ്പിച്ചു.
Content Highlights: Dubai Police cameras catch motorists using 2 phones, reading newspaper while driving