ഇന്ത്യക്കാരുടെ പ്രധാന ഉത്സവമായ ദീപാവലി ആഘോഷമാക്കി യുഎഇ. അറുപതിനായിരത്തോളം നിവാസികളാണ് ദുബായിലെ സബീല്‍ പാര്‍ക്കില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുത്തത്. വിവിധ പരിപാടികളാല്‍ വര്‍ണാഭമായ ആഘോഷമായിരുന്നു. മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സുഞ്ജയ് സുധീര്‍, നയതന്ത്രജ്ഞര്‍, പ്രവാസി സമൂഹത്തിലെ പ്രമുഖരും 'ഗര്‍ ജയ്‌സി ദീപാവലി ' എന്ന പേരിൽ നടന്ന ആഘോഷ പരിപാടിയില്‍ പങ്കെടുത്തു. എമിറേറ്റസ് ലവ് ഇന്ത്യയാണ് പരിപാടി സംഘടിപ്പിച്ചത്. യുഎഇ സര്‍ക്കാര്‍ മീഡിയ ഓഫീസിന്റെ പിന്തുണയോടെയും ദുബായ് പൊലീസിന്റെ പങ്കാളിത്തത്തോടെയുമായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ദുബായ് ഫ്രെയിമിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സംസ്‌കാരം, സംഗീതം, കല, ഭക്ഷണം നാടോടിക്കഥകള്‍ എന്നിവ ആഘോഷിക്കുന്നതിനായുള്ള വലിയ വേദിയായി പാര്‍ക്ക് മാറി.
യുഎഇയുടെയേും ഇന്ത്യയുടേയും ദേശീയഗാനം ആലപിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്. യുഎഇ ഇന്ത്യയെ സുഹൃത്തും വിശ്വസ്ത പങ്കാളിയും ആയി കണക്കുന്നുവെന്ന് ഷെയ്ഖ് നഹ്യാന്‍ പ്രസംഗത്തിലൂടെ പറഞ്ഞു. 'എല്ലായിടത്തുമുള്ള ആളുകളുടെ സാംസ്‌കാരിക പൈതൃകത്തെ വളരെയധികം വിലമതിക്കുന്ന ഒരു സമൂഹമാണ് യുഎഇ. ഇന്ന് വൈകുന്നേരം, ഞങ്ങള്‍ ദീപാവലി ആഘോഷിക്കുക മാത്രമല്ല, ഇന്ത്യയും യുഎഇയും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും പ്രത്യേക ബന്ധത്തില്‍ സന്തോഷിക്കുകയും ചെയ്യുന്നു', ഷെയ്ഖ് നഹ്യാന്‍ പറഞ്ഞു.
അന്ധകാരത്തിനു മേല്‍ വെളിച്ചം, അജ്ഞതയ്ക്കെതിരായ അറിവ്, തിന്മയുടെ മേല്‍ നന്മ, സംഘര്‍ഷത്തിന്മേല്‍ സമാധാനം എന്നിവയുടെ വിജയത്തിന്റെ ആഘോഷമാണ്, കൂടാതെ ലോകമെമ്പാടുമുള്ള ആത്മീയ നവീകരണത്തിനുംനന്മയ്ക്കുമുള്ള ഒരു അവസരമായി' എന്ന് ഷെയ്ഖ് നഹ്യാന്‍ ദീപാവലിയെ വിശേഷിപ്പിച്ചു. മാനുഷിക ഐക്യത്തിനും നല്ല പ്രവര്‍ത്തനത്തിനുമുള്ള ഞങ്ങളുടെ കൂട്ടായ സമര്‍പ്പണത്തെ ഉയര്‍ത്തിക്കാട്ടാനുള്ള അവസരം ദീപാവലി നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ശക്തമായ പങ്കാളിത്തം അംബാസഡര്‍ സുധീര്‍ എടുത്തുപറഞ്ഞു. ഇത് ആളുകള്‍ ഒത്തുചേരുന്നതിന്റെ ആഘോഷമാണ്, ഇവിടെ സബീല്‍ പാര്‍ക്കില്‍ 60,000-ത്തിലധികം ആളുകളെ കാണുന്നത് അതിശയകരമാണ്. ഈ ആഘോഷം നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള ഊര്‍ജ്ജസ്വലവും ആഴത്തിലുള്ളതുമായ ബന്ധത്തെ എടുത്തുകാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഎഇയില്‍ ഇപ്പോള്‍ 3.9 ദശലക്ഷം ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ടെന്നും അംബാസഡര്‍ ചൂണ്ടിക്കാട്ടി. 3.9 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ യുഎഇയെ രൂപപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, 4 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഈ രാജ്യം സന്ദര്‍ശിച്ചു, ഇത് യുഎഇ ഞങ്ങളെ എത്രമാത്രം സ്വാഗതം ചെയ്തുവെന്ന് കാണിക്കുന്നതാണ്, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റാപ്പര്‍ ബാദ്ഷാ, ഗായിക ജോണിതാ ഗാന്ധി, കേരളം ആസ്ഥാനമായുള്ള ബാന്‍ഡ് അവിയല്‍ തുടങ്ങിയ കലാകാരന്മാരുടെ തത്സമയ പ്രകടനങ്ങളാണ് ദിവസത്തിന്റെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ആഘോഷപരിപാടികള്‍.
Content highlights: 60,000 people celebrate diwali festival of lights at dubai's Zabeel Park