ദുബായ്: ഒരു നായ്ക്കുട്ടിയുടെ ചിത്രത്തോടൊപ്പം പേരുകൾ നിർദേശിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കഴിഞ്ഞ ശനിയാഴ്ച ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറി പങ്കുവെച്ചിരുന്നു. ഇപ്പോൾ ഇതാ ആ നായക്കുട്ടിക്ക് പേര് തിരഞ്ഞെടുത്തിരിക്കുകയാണ്. ലൂണ എന്നാണ് നായ്ക്കുട്ടിക്ക് നൽകിയിരിക്കുന്ന പേരെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് വെള്ളയും ചാരനിറവുമുള്ള നായയുടെ ചിത്രത്തോടൊപ്പം 'ഫീമെയിൽ നെയിം പ്ലീസ്' എന്ന കുറിപ്പോടെ ഷെയ്ഖ് ഹംദാൻ ഇൻസ്റ്റഗ്രാമില്‍ സ്റ്റോറി പങ്കിട്ടത്.
തൊട്ടടുത്ത ദിവസം നായ്ക്കുട്ടിക്ക് ലൂണ എന്ന പേര് നൽകിയെന്ന് വ്യക്തമാക്കി മറ്റൊരു പോസ്റ്റും ഷെയ്ഖ് ഹംദാൻ പങ്കുവെച്ചു.
കഴിഞ്ഞ വർഷം മൂന്ന് നായ്ക്കളുടെ വീഡിയോയ്‌ക്കൊപ്പം സമാനമായ ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി അദ്ദേഹം പങ്കിട്ടിരുന്നു, "ഞങ്ങൾക്ക് ഇവിടെ മൂന്ന് പേരുകൾ ആവശ്യമാണ്, ഒരു ആണിനും രണ്ട് പെണ്ണിനും."പിന്നീട് ആൺ നായയ്ക്ക് ലെയ്ൽ എന്നും രണ്ട് പെൺ നായ്ക്കൾക്ക് മിസൂൺ, നഹർ എന്നീ പേരുകളും അദ്ദേഹം തിരഞ്ഞെടുക്കുകയും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിവര അറിയിക്കുകയും ചെയ്തിരുന്നു.മൃഗങ്ങളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഷെയ്ഖ് ഹംദാൻ. പലപ്പോഴും മൃഗങ്ങളുമായി ഫോട്ടോകൾ പങ്കിടാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 16.7 മില്യണ്‍ ഫോളോവേഴ്സാണ് ഷെയ്ഖ് ഹംദാനുള്ളത്.
Content Highlights: Sheikh Hamdan picks name for female puppy after asking residents for suggestion