ദുബായ്: എമിറേറ്റിലെ പ്രധാന മേഖലകളിൽ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ പണി പൂർത്തിയായി. 141 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണമാണ് പൂർത്തിയായതെന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു. ഉപഭോക്തൃ സൗഹൃദപരമായാണ് നിർമ്മാണം. 2025 ഓടെ എമിറേറ്റിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ എണ്ണം 762 ആയി വർധിപ്പിക്കാനാണ് ആർടിഎ ലക്ഷ്യം.
എല്ലാ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ശീതീകരിച്ചതാണ് എന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ ഔട്ട് ഡോർ ഏരിയകൾ, പരസ്യം ചെയ്യാനുള്ള സ്ഥലങ്ങൾ, ബസ് റൂട്ടുകളുടെ മാപ്പ്, സർവിസ് സമയം, വാഹനമെത്തുന്ന സമയം, മറ്റ് വിവരങ്ങൾ എന്നിവ പ്രദർശിപ്പിക്കാനായി സ്ക്രീനുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
പദ്ധതിയുടെ 40 ശതമാനം പൂർത്തിയായതായി ആർടിഎ അറിയിച്ചു. പുതുതായി നിർമിച്ച ബസ് സ്റ്റോപ്പുകളിൽനിന്ന് ഒന്നിലധികം
റൂട്ടുകളിലേക്കുള്ള ബസുകൾ ലഭിക്കും. ചില കാത്തിരിപ്പ് കേന്ദ്രങ്ങളിൽ 10ലധികം റൂട്ടുകളിലേക്കുള്ള ബസ് സർവിസും ലഭ്യമാണ്. പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം 18.2 കോടി യാത്രക്കാർക്ക് സേവനം നൽകാനാവുമെന്നാണ് പ്രതീക്ഷയെന്ന് ആർടിഎ എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
യാത്രക്കാരുടെ എണ്ണമനുസരിച്ച് ഷെൽട്ടറുകൾ തരം തിരിച്ചിട്ടുണ്ട്. പ്രതിദിനം 750ലധികം യാത്രക്കാരുള്ള മേഖലകളിലെ ഷെൽട്ടറുകളെ പ്രാഥമികമെന്നും 250-750 യാത്രക്കാരുള്ള സ്ഥലത്തെ ഷെൽട്ടറുകൾ സെക്കൻഡറി എന്നും 100-200 വരെ യാത്രക്കാരുള്ള സ്ഥലങ്ങളിലെ ഷെൽട്ടറുകൾ ബേസിക് എന്നുമാണ് തരംതിരിച്ചിരിക്കുന്നത്. നിശ്ചയദാർഢ്യ വിഭാഗങ്ങളുടെ വീൽചെയറുകൾക്ക് പ്രവേശിക്കാൻ കഴിയുന്ന രീതിയിലാണ് എല്ലാ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെയും രൂപകൽപ്പന.
Content Highlights: RTA has Completed Construction of 141 bus waiting centers in dubai