അബുദാബി: പാകിസ്താൻ പൗരർക്ക് യുഎഇയിലേക്ക് വരാനും ജോലി തേടാനുമുള്ള നിബന്ധനകൾ കടുപ്പമാക്കി യുഎഇ. ഇനിമുതൽ സ്വദേശത്തെ അതാത് പൊലീസ് സ്റ്റേഷനുകളിൽ നിന്ന് സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ യുഎഇയിലേക്ക് പ്രവേശിപ്പിക്കുകയുള്ളുവെന്ന് പാകിസ്താൻ അധികൃതരോട് യുഎഇ ഉദ്യോഗസ്ഥർ പറഞ്ഞതായി 'ദി ട്രിബ്യുൺ' റിപ്പോർട്ട് ചെയ്തു.
പാകിസ്താൻ ഓവർസീസ് എംപ്ലോയ്‌മെന്റ് പ്രൊമോട്ടേഴ്സ് അസ്സോസിയഷൻ പ്രതിനിധികളെ ഉദ്ധരിച്ച് 'ദി ട്രിബ്യുണാ'ണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇനിമുതൽ തൊഴിൽ വിസയ്‌ക്കൊപ്പം സ്വഭാവ സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിരിക്കുകയാണ് യുഎഇ എന്നും, ഈ നീക്കത്തെ തങ്ങൾ സ്വാഗതം ചെയ്യുകയാണ് എന്നും പാകിസ്താൻ ഓവർസീസ് എംപ്ലോയ്‌മെന്റ് പ്രൊമോട്ടേഴ്സ് അസ്സോസിയഷൻ വൈസ് ചെയർമാൻ അദ്നാൻ പരാച പറഞ്ഞു. പാകിസ്താൻ പൗരന്മാർ രാജ്യത്ത് എത്തിയ ശേഷം വ്യാപകമായി നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഭിക്ഷാടനത്തിലും ഏർപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎഇ നടപടികൾ കടുപ്പിച്ചത്. ഇപ്പോൾത്തന്നെ പാകിസ്താനിലെ 30 നഗരങ്ങളിൽ നിന്നുള്ളവർക്ക് യുഎഇ പ്രവേശനവിളക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ് നടപടികൾ കടുപ്പിച്ചുകൊണ്ടുള്ള നീക്കം. ഇത് മൂലം ഒരു ലക്ഷത്തോളം പേർക്ക് കഴിഞ്ഞ വർഷം മാത്രം യുഎഇയിലേക്ക് പ്രവേശിക്കാനായില്ല എന്നും 'ദി ട്രിബ്യുൺ' റിപ്പോർട്ട് ചെയ്യുന്നു.
സൗദി അറേബ്യക്ക് ശേഷം ഏറ്റവും കൂടുതൽ പാകിസ്താനി പൗരന്മാർ തൊഴിലിനായി ആശ്രയിക്കുന്ന ഒരു രാജ്യമാണ് യുഎഇ. ഇവിടെ ഭിക്ഷാടനത്തിനായി പോകുന്ന പാകിസ്താനി പൗരരും നിരവധിയാണ്. കഴിഞ്ഞ വർഷം മാത്രം തങ്ങളുടെ 4300 ഭിക്ഷക്കാരെയാണ് പാകിസ്താൻ സൗദിയിലേക്ക് കടക്കാനാകാതെ തടഞ്ഞത്. എത്രയും വേഗം ഈ വിഷയം പരിഹരിക്കാൻ പാകിസ്താനോട് യുഎഇ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Content Highlights: UAE employment visas now require police character certificates