അബുദബി: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ആദരവുമായി ഗൂഗിൾ ഡൂഡിൽ. പാറിപ്പറക്കുന്ന യുഎഇ ദേശീയ പതാകയാണ് ഗൂഗിൾ ഡൂഡിൽ ഒരുക്കിയിരിക്കുന്നത്. ഈദ് അൽ എത്തിഹാദ് എന്ന് യുഎഇ വിളിക്കുന്ന ഈ ദിനം ഏകതയുടെയും പുരോഗതിയുടെയും ഉണർവിൻ്റെയും ദിനമായിക്കൂടിയാണ് യുഎഇ ആഘോഷിക്കുന്നത്.
1971 ഡിസംബർ രണ്ടിനാണ് ഏഴ് എമിറേറ്റുകൾ ഒരുമിച്ച് ചേർന്ന് ഒരു ഒറ്റ സഖ്യം എന്ന ആശയത്തിൽ രൂപംകൊണ്ടത്. അബുദബി, അജ്മാൻ, ദുബായ്, ഫുജൈറ, ഷാർജ, ഉമ്മുൽ ഖുവൈൻ എന്നീ ആറ് എമിറേറ്റുകൾ ഒരേ പതാകയ്ക്ക് കീഴിൽ ഒന്നിച്ചു. ഇത് യുഎഇയെ ഒരു സ്വതന്ത്ര രാഷ്ട്രമായി അടയാളപ്പെടുത്തി. അന്നത്തെ ഭരണാധികാരി ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാനാണ് ഇതിന് നേതൃത്വം നൽകിയത്. ലോകത്തിന്റെ പത്തിലൊന്ന് എണ്ണനിക്ഷേപം യുഎഇയിൽ ആയതോടെ മേഖല സാമ്പത്തികമായി അഭിവൃദ്ധിപ്പെടുകയും ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു തൊഴിൽദാതാവായി യുഎഇ മാറുകയും ചെയ്തു.
ദേശീയ ദിനം വിപുലമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. രാജ്യത്തിന്റെ ഏഴ് എമിറേറ്റുകളിലായി ഒട്ടേറെ ഈദ് അൽ ഇത്തിഹാദ് സോണുകൾ ഉണ്ടാകും. അൽ ഐനിലായിരിക്കും ഈദ് അൽ ഇത്തിഹാദിന്റെ പ്രധാന വേദി. ദുബായ്, ഷാർജ ഉൾപ്പെടെ രാജ്യത്തെ എമിറേറ്റുകളിൽ വിപുലമായ ആഘോഷപരിപാടികൾ അരങ്ങേറുമെന്ന് അധികൃതർ അറിയിച്ചു.
ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു- സ്വകാര്യ മേഖലയ്ക്കും അവധി ബാധകമാണെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആഘോഷവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ പാലിക്കേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും ഭരണകൂടം പുറത്തിറക്കിയിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി നിരവധി വിനോദ പരിപാടികളും യെയോ ഏർപ്പാടാക്കിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം രാത്രിയിലെ കരിമരുന്ന് പ്രയോഗമാണ്. ദുബൈയിൽ ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ഹട്ടാ സൈൻ, ബ്ലൂവാട്ടേഴ്സ് ആൻഡ് ജെബിആർ, ഗ്ലോബൽ വില്ലേജ്, റിവേർലാൻഡ് ദുബായ് പാർക്സ് ആൻഡ് റിസോർട്ടുകൾ എന്നിവിടങ്ങളിൽ രാത്രി എട്ട് മണിയോടെ സ്ഥാനം പിടിച്ചാൽ മനോഹരമായി കരിമരുന്ന് പ്രയോഗം കാണാം.
53-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ പുതിയ ലൈറ്റിംഗ് സംവിധാനത്തോടെ മുഖം മിനുക്കിയിട്ടുണ്ട്. യാസ്ബേ വാട്ടർഫ്രണ്ട്, യാസ് മറീന സർക്യൂട്ട്, അൽ മര്യാഹ് ഐലൻഡ് എന്ന പ്രദേശങ്ങളാണ് അബുദാബിയിലെ പ്രധാനപ്പെട്ട സ്പോട്ടുകൾ.
Content Highlights: Google Doodle commemorates 53rd UAE National Day