അബുദാബി: യുഎഇയിൽ പൊതുമാപ്പ് നീട്ടില്ലെന്നും ഈ മാസം 31ന് അവസാനിക്കുമെന്നും അധികൃതർ അറിയിച്ചു. പൊതുമാപ്പ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ അതിന് മുൻപായി നടപടികൾ സ്വീകരിക്കണം. ഇല്ലെങ്കിൽ വൻ പിഴയടക്കമുള്ള ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വാർത്താ സമ്മേളനത്തിലൂടെയായിരുന്നു വിവരം അറിയിച്ചത്.
അനധികൃത താമസക്കാർക്ക് പദവി നിയമപരമാക്കാനും പിഴ കൂടാതെ സ്വന്തം രാജ്യത്തിലേക്ക് തിരിച്ച് പോകാനും ലക്ഷ്യമിട്ടാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. സെപ്തംബർ 1ന് ആരംഭിച്ച പൊതുമാപ്പ് പിന്നീട് രണ്ട് മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ആയിരക്കണക്കിന് പേർ ഇതിനകം ഉപയോഗപ്പെടുത്തിയ പൊതുമാപ്പ് ഈ രാജ്യം നൽകിയ ഏറ്റവും വലിയ നന്മയാണെന്ന് താമസ- കുടിയേറ്റ വിഭാഗം തലവൻ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.
ഇന്ത്യക്കാരുൾപ്പെടെ ആയിരക്കണക്കിന് താമസക്കാരാണ് വിവിധ കമ്പനികളിൽ ജോലിയിൽ പ്രവേശിച്ച് അവരുടെ വിസാ പദവി ക്രമപ്പെടുത്തുന്നതിന് ഈ അവസരം പ്രയോജനപ്പെടുത്തിയത്. ഒട്ടേറെ പേർക്ക് ദശലക്ഷക്കണക്കിന് ദിർഹം പിഴകൾ ഒഴിവാക്കി അവരെ നാട്ടിലേയ്ക്ക് പറഞ്ഞയച്ചെന്നും അഹ്‌മദ് അൽ മർറി കൂട്ടിച്ചേർത്തു.
Content Highlights: UAE visa amnesty: No extension planned to October 31 deadline