ദുബായ്: ദുബായിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനം നിലവിൽ വന്നു. ബുധനാഴ്ച മുതലാണ് നിരോധനം പ്രാബല്യത്തിൽ വന്നത്. പ്ലാസ്റ്റിക് മാലിന്യം കുറക്കുക, പരിസ്ഥിതി സൗഹൃദ സ്വഭാവം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ ഉത്തരവനുസരിച്ചാണ് നടപടി സ്വീകരിച്ചത്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്റ്റൈറോഫോം കപ്പുകൾ, പ്ലാസ്റ്റിക് കോട്ടൻ സ്വാബ്സ്, പ്ലാസ്റ്റിക് ടേബിൾ കവറുകൾ, പ്ലാസ്റ്റിക് സ്ട്രോകൾ, സ്റ്റൈറോഫോം ഭക്ഷണ കണ്ടെയ്നറുകൾ, പ്ലാസ്റ്റിക് സ്റ്റിററുകൾ എന്നിവ നിരോധനത്തിൽ ഉൾപ്പെടും. 2023ലെ എക്സിക്യുട്ടിവ് കൗൺസിൽ പ്രമേയപ്രകാരം ദുബായിലെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഗണ്യമായി കുറക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകൾക്ക് ദുബായ് നിരോധനമേർപ്പെടുത്തിയിരുന്നു. യുഎഇയുടെ ദേശീയ സുസ്ഥിരതാ സംരംഭത്തിന്റെ ഭാഗമായാണ് വിവിധ എമിറേറ്റുകൾ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ ഘട്ടംഘട്ടമായി നിരോധിക്കുന്നത്. 2026 ജനുവരി ഒന്ന് മുതൽ പ്ലാസ്റ്റിക് പ്ലേറ്റുകൾ, ഫുഡ് കണ്ടെയ്നറുകൾ, ടേബിൾ വെയർ, പാനീയ കപ്പുകൾ, അവയുടെ പ്ലാസ്റ്റിക് മൂടികളും കൂടി ദുബായ് നിരോധിക്കും.
Content Highlights: Ban on single-use plastics in Dubai