ദുബായ്: കഴിഞ്ഞ ഡിസംബർ 31നാണ് യുഎഇ പൊതുമാപ്പ് കാലാവധി അവസാനിച്ചത്. ദുബായിലെ 2.36 ലക്ഷം പ്രവാസികളാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. 15000ത്തിലധികം ഇന്ത്യക്കാർക്ക് സേവനങ്ങൾ നൽകിയതായി ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ അറിയിച്ചു.
വിവിധ ഇന്ത്യൻ പ്രവാസി സംഘടനകളുടെ പങ്കാളിത്തത്തോടെ 2117 പാസ്പോർട്ടുകൾ, 3589 എമർജൻസി സർട്ടിഫിക്കറ്റുകൾ, 3700ലധികം എക്സിറ്റ് പെർമിറ്റുകൾ നേടാനുള്ള സഹായം എന്നിവയാണ് നൽകിയതെന്ന് കോൺസുലേറ്റ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
ഇതിന് പുറമെ പാസ്പോർട്ട് റിപ്പോർട്ട്, തൊഴിൽ റദ്ദാക്കൽ, മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സാങ്കേതിക ടിക്കറ്റ്, എമിഗ്രേഷൻ റദ്ദാക്കൽ, ഒന്നിലധികം ഐഡികൾ ലയിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള സമഗ്രമായ സേവനങ്ങളാണ് കോൺസുലേറ്റിലെ വിവിധ കൗണ്ടറുകൾ നൽകിയത്.
കോൺസുലേറ്റിലെയും അൽ അവീറിലെയും സേവന കേന്ദ്രങ്ങൾ ഇന്ത്യൻ പൗരന്മാരെ ആനുകൂല്യങ്ങൾ നേടാൻ സഹായിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചുവെന്നും കോൺസുലേറ്റ് അറിയിച്ചു. ഇക്കാര്യത്തിൽ യുഎഇ സർക്കാർ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും കോൺസുലേറ്റ് വ്യക്തമാക്കി.
നാലുമാസമാണ് യുഎഇ വിസ നിയമ ലംഘകർക്ക് പൊതുമാപ്പ് നൽകിയത്. ആദ്യം ഒക്ടോബർ അവസാനം വരെയായിരുന്നു കാലവധി അനുവദിച്ചിരുന്നത്. പിന്നീട് അത് രണ്ട് മാസത്തേക്ക് കൂടി നീട്ടിയത്. ഡിസംബർ 31വരെയായിരുന്നു സമയപരിധി.
യുഎഇ റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്നവർക്ക് ഒന്നുകിൽ രാജ്യം വിടാനോ അവരുടെ പദവി നിയമവിധേയമാക്കിയ ശേഷം രാജ്യത്ത് തുടരാനോ അവസരം നൽകുന്നതായിരുന്നു പൊതുമാപ്പ്. വിവിധ ഇന്ത്യൻ പ്രവാസി സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് പൊതുമാപ്പ് നടപ്പാക്കിയത്.
Content Highlights: Indian Consulate pRovides services to over 15000 people during uae amnesty