
ദുബായ്: പുത്തൻ പ്രഖ്യാപനങ്ങളും, വേറിട്ട പദ്ധതികളും, വ്യത്യസ്ത ഭരണപരിഷ്കാരങ്ങളും കൊണ്ട് ലോകരാജ്യങ്ങൾക്കിടയിൽ തന്നെ പുതുവർഷത്തിൽ ശ്രദ്ധാകേന്ദ്രമാവുകയാണ് ദുബായ്. കുടുംബാസൂത്രണത്തിന് വലിയ പ്രാധാന്യം നൽകുന്ന ഒരു അറബ് രാജ്യമാണ് ദുബായ്. ഇപ്പോഴിതാ വിവാഹിതർക്കായി സവിശേഷമായ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് രാജ്യം.
വിവാഹിതർക്ക് മാത്രമല്ല ജോലി ചെയ്യുന്ന അമ്മമാരായ സ്ത്രീകൾക്കും ദുബായ് ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ 10 ദിവസത്തെ വിവാഹ അവധിയാണ് പുതിയ പ്രഖ്യാപനത്തിന്റെ ഹൈലൈറ്റ്. പ്രസവാവധിക്ക് ശേഷമുള്ള ആദ്യ വർഷത്തിൽ ഉദ്യോഗസ്ഥരായ അമ്മമാർക്ക് വെള്ളിയാഴ്ചകളിൽ 'റിമോട്ട് വർക്ക്' ഓപ്ഷനും ദുബായ് ഒരുക്കിയിട്ടുണ്ട്. ഇത് മാത്രമല്ല, ഭവനവായ്പ ഉൾപ്പടെ സ്വദേശികൾക്ക് സന്തോഷിക്കാനുള്ള നിരവധി പദ്ധതികളും അണിയറയിൽ ഒരുങ്ങിയിട്ടുണ്ട്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഭാര്യ ഷെയ്ഖ ഹിന്ദ് ബിൻത് മക്തൂം ബിൻ ജുമാ അൽ മക്തൂമാണ് ഏറെ പ്രത്യേകതകളുള്ള കുടുംബപദ്ധതി പ്രഖ്യാപിച്ചത്. കുടുംബശാക്തീകരണം, സുസ്ഥിരത, ക്ഷേമം എന്നിവ ലക്ഷ്യമിട്ടാണ് 'ഷെയ്ഖ് ഹിന്ദ് ബിൻത് മക്തൂം ഫാമിലി പ്രോഗ്രാം' പ്രഖ്യാപിച്ചത്.
എന്തൊക്കെയാണ് പുതിയ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ഇവയൊക്കെയാണ്.
കുറഞ്ഞ ഭവന വായ്പ പ്രീമിയങ്ങൾ
ദുബായ് വെഡ്ഡിംഗ് പ്രോഗ്രാം
വൈവാഹിക ബോധവൽക്കരണ പരിപാടി
കുടുംബ സൗഹൃദ ജോലി പശ്ചാത്തലം, ഫ്ലെക്സിബിൾ വർക്ക് പോളിസികൾ, സാമൂഹിക-സാമ്പത്തിക ബോധവൽക്കരണം, വിദ്യാഭ്യാസം ഉറപ്പാക്കൽ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്.
2025 ജനുവരി 4 മുതൽ ദുബായ് വെഡ്ഡിംഗ് പ്രോഗ്രാമിലെ പുതിയ അംഗങ്ങൾക്ക് ഈ ആനുകൂല്യങ്ങൾ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഭവന ആനുകൂല്യങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ദുബായ് വെഡ്ഡിംഗ് പ്രോഗ്രാമിൻ്റെ പ്രയോജനം ലഭിച്ച് ഒരു വർഷത്തിനുള്ളിൽ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ദുബായ് നൗ ആപ്പിലെ 'എമിറാത്തി' പ്ലാറ്റ്‌ഫോം വഴി ദുബായ് വെഡ്ഡിംഗ് പ്രോഗ്രാമിനായി രജിസ്റ്റർ ചെയ്യാം. കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ വെബ്‌സൈറ്റ് സന്ദർശിച്ചോ അല്ലെങ്കിൽ 800 2121 എന്ന നമ്പറിൽ അതോറിറ്റിയുമായി ബന്ധപ്പെട്ടോ പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അറിയാം.
Content Highlights: Dubai launches new family program with 10-day paid marriage leave flexible work policies