അബുദാബി: യുഎഇയിൽ ഈ വർഷം ശമ്പള വർധന ഉണ്ടായേക്കുമെന്ന് സർവേ. എല്ലാ വിഭാഗങ്ങളിലും കുറഞ്ഞത് നാല് ശതമാനമെങ്കിലും ശമ്പള വർധനയാണ് വിവിധ രാജ്യാന്തര സർവേകൾ പ്രവചിക്കുന്നത്. ജീവനക്കാരിൽ അഞ്ചിൽ ഒരാൾ ശമ്പള വർധന ആവശ്യപ്പെടുന്നുവെന്നും സർവേ വ്യക്തമാക്കുന്നു.
വനിതകളിൽ 46 ശതമാനം പേർ ശമ്പള വർധന പ്രതീക്ഷിക്കുമ്പോൾ പുരുഷന്മാരിൽ ഭൂരിഭാഗവും കൂടുതൽ ബോണസ് ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. രാജ്യത്തെ മൊത്തം പ്രവാസികളിൽ മൂന്നിൽ രണ്ടു ഭാഗവും ഈ വർഷം ശമ്പള വർധന പ്രതീക്ഷിക്കുന്നെന്നും റിപ്പോർട്ടുണ്ട്. മധ്യപൂർവ, വടക്കൻ ആഫ്രിക്കൻ മേഖലകളിലെ 1200 പേരിൽ നടത്തിയ സർവേയിലാണ് ശമ്പള വർധനയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നത്.
കഴിഞ്ഞ നവംബറിലും വിവിധ രാജ്യാന്തര കമ്പനികൾ യുഎഇയിലെ എല്ലാ വിഭാഗം കമ്പനികളും ഈ വർഷം ശമ്പളം വർധിപ്പിക്കുമെന്ന് പ്രവചിച്ചിരുന്നു. കൊവിഡ് കാലത്ത് നിർത്തിവച്ച ശമ്പള വർധന തുടങ്ങാത്ത കമ്പനികൾ വരെയുണ്ട്. അതിനാൽ ശമ്പളത്തിൽ 20 ശതമാനമോ അതിൽ കൂടുതലോ വർധന ഉണ്ടാകണമെന്ന് സർവേയിൽ പങ്കെടുത്ത ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലുടമ നൽകുന്ന പാർപ്പിട, യാത്രാ, ടെലിഫോൺ അലവൻസുകളിലും കാലോചിതമായ വർധന വേണമെന്നും ആവശ്യമുണ്ട്.
Content Highlights: Great News for expats a recent survey indicates that salaries in the uae are expected to increase this year