റമദാൻ മാസം അടുത്തതോടെ ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുകയാണ് യുഎഇ. ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെന്റ് (ഐഎസിഎഡി) പ്രസിദ്ധീകരിച്ച ഹിജ്റി കലണ്ടർ പ്രകാരം മാർച്ച് മാസത്തിലായിരിക്കും റമദാൻ ആരംഭിക്കുക. ഈ മാസം മുഴുവനും എല്ലാ ഇസ്ലാം മത വിശ്വാസികളും വ്രതം അനുഷ്ഠിക്കും. റമാദൻ മാസത്തിൽ സാധാരണ ദിവസങ്ങളിൽ നിന്നും ഒരാളുടെ ദിനചര്യകളിൽ ഒരുപാട് വ്യത്യാസമുണ്ടായിരിക്കും. പുണ്യവും ആത്മീയതയുടേയും മാസമായിട്ടാണ് റമദാനിനെ കണക്കാക്കുന്നത്. റമദാനിനായുള്ള ഒരുക്കങ്ങൾ രാജ്യത്ത് വരും ദിവസങ്ങൾ കൂടുതലായി കാണാനാകും. ഈ മാസം ജോലി സമയം മുതൽ സ്കൂൾ, പണമടച്ചുള്ള പാർക്കിങ്, ഭക്ഷണശാലകൾ, പ്രാർത്ഥന തുടങ്ങിയ പല കാര്യങ്ങളിലും ശ്രദ്ധേയമായ മാറ്റങ്ങളാണ് ഉണ്ടാവുക. അവ എന്തൊക്കെയെന്ന് നോക്കാം,
എല്ലാ വർഷവും റമദാൻ മാസത്തിൽ ജോലി സമയങ്ങളിൽ മാറ്റം ഉണ്ടാകാറുണ്ട്. സാധാരണ ജോലി സമയത്തിൽ നിന്ന് രണ്ട് മണിക്കൂർ കുറച്ചായിരിക്കും. ഈ ജോലിസമയം നോമ്പ് എടുക്കുന്നവർക്കും എടുക്കാത്തവർക്കും ബാധകമായിരിക്കും. സ്വകാര്യ മേഖലയിലും പൊതുമേഖലയിലും യുഎഇ സർക്കാർ കുറഞ്ഞ പ്രവൃത്തി സമയമാണ് പ്രഖ്യാപിക്കാറുള്ളത്. പൊതുമേഖലയിലെ ജീവനക്കാരുടെ ജോലി സമയം എട്ട് മണിക്കൂറിൽ നിന്ന് റമദാൻ മാസത്തിൽ ആറ് മണിക്കൂറായിട്ടാണ് കുറയുക. ജോലി സമയം കുറക്കുന്നത് റമദാൻ മാസത്തിലെ പ്രവർത്തനങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങളുടേയും ഭാഗമാകാൻ ജീവനക്കാരെ സഹായിക്കുന്നു.
റമദാൻ മാസങ്ങളിൽ സ്കൂളുകളുടെ പ്രവൃത്തി സമയം സാധാരണഗതിയിൽ അഞ്ച് മണിക്കൂറായിരിക്കും. എന്നാൽ ഇത്തവണ റമദാൻ മാസത്തിലെ ആദ്യത്തെ മൂന്നാഴ്ച രാജ്യത്തെ ഒട്ടുമിക്ക സ്കൂളുകളും അടച്ചിടും.
ദുബായിലെ മിക്ക ഭക്ഷണശാലകളിലും സാധാരണപോലെയായിരിക്കും ഈ മാസവും. വിസിറ്റ് ദുബായ് പറയുന്നതനുസരിച്ച് മുസ്ലിം അല്ലാത്തവർ പകൽ സമയത്ത് പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്ന നിർബന്ധമില്ല. പകരം നോമ്പെടുക്കുന്നവരോടുള്ള ബഹുമാനം കണക്കിലെടുത്ത് ഒരാൾക്ക് എങ്ങനെ ചെയ്യാമെന്ന് തീരുമാനിക്കാവുന്നതാണ്.
റമദാൻ മാസത്തിൽ രാജ്യത്തെ പാർക്കിങ് സമയം പരിഷ്കരിക്കും. റമദാൻ മാസത്തിന് തൊട്ടടുത്ത ദിവസങ്ങളിലായി കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കും. കഴിഞ്ഞ വർഷത്തെ റമദാൻ മാസത്തിൽ രാവിലെ എട്ട് മണി മുതൽ വൈകിട്ട് ആറ് മണിവരെ ഫീസ് ഈടാക്കിയിരുന്നു. തിങ്കൾ മുതൽ ശനി വരെ രാത്രി എട്ട് മണി മുതൽ അർദ്ധരാത്രി 12 വരെ പ്രവൃത്തി ദിവസങ്ങളിൽ താമസക്കാർക്ക് രണ്ട് മണിക്കൂർ സൗജന്യ പാർക്കിംഗ് നൽകിയിരുന്നു. ശനിയാഴ്ച മുതൽ വ്യാഴം രാവിലെ എട്ട് മുതൽ അർദ്ധരാത്രി വരെയാണ് ഷാർജ ഫീസ് ഈടാക്കുന്നത്.
റമദാൻ മാസത്തിൽ സുപരിചിതമായി കേൾക്കുന്ന വാക്കാണ് ഇഫ്താർ. നോമ്പുതുറയെയാണ് ഇഫ്താർ എന്ന് പറയുന്നത്. റമദാൻ മാസത്തിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനും പ്രത്യേക ഭക്ഷണം ആസ്വദിക്കുന്ന സമയമാണിത്. ദുബായിലെ പല റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഇഫ്താർ മെനുകൾ , ഇഫ്താർ കിറ്റുകൾ ലഭിക്കും.
റമദാൻ മാസത്തിൽ മാത്രമുള്ള പ്രത്യേക നമസ്കാരമാണ് തറാവീഹ്. ഇഷാ നമസ്കാരം കഴിഞ്ഞാണ് തറാവീഹ് നമസ്കരിക്കുക. 20 റക്കഅത്താണ് തറാവീഹ് നമസ്കാരം. പള്ളികള്‍ ആളുകളാൽ നിറഞ്ഞിരിക്കും.
Content Highlights: UAE Announces Key Changes for Ramadan 2025