ദുബായ്: ദുബായില്‍ നിന്ന് അബുദാബിയിലേക്ക് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആദ്യത്തെ അതിവേഗ ഇലക്ട്രിക് പാസഞ്ചർ ട്രെയിൻ പ്രഖ്യാപിച്ച് ഇത്തിഹാദ് റെയിൽ. ട്രെയിൻ സർവീസ് ആരംഭിക്കുന്നതോടെ ദുബായിൽ നിന്ന് അബുദാബിയിലേക്ക് വെറും 30മിനിറ്റിൽ എത്താൻ സാധിക്കും. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിലാകും അതിവേഗ ട്രെയിനുകൾ സർവീസ് നടത്തുക. അൽഫയ ഡിപ്പോയിൽ വെച്ച് നടന്ന ഇത്തിഹാദ് റെയിലിന്റെ നേത്യത്വത്തിലുള്ള ഔദ്യോഗിക ചടങ്ങിലാണ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചത്.
യാത്രക്കാർക്കും സഞ്ചാരികൾക്കും തടസമില്ലാതെ യാത്രാനുഭവം ഉറപ്പാക്കിക്കൊണ്ട് തന്ത്ര പ്രധാനമായ പ്രദേശങ്ങളിലൂടെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയും അതിവേഗ റെയില്‍പാത കടന്നുപോകുമെന്ന് അധികൃതര്‍ അറിയിച്ചു. യുഎഇയിലെ സാമൂഹിക-സാമ്പത്തിക വികസനത്തിന് അതിവേഗ ട്രെയിന്‍ സര്‍വീസ് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിവേഗ ട്രെയിന്‍ പദ്ധതിയെ അഭിനന്ദിച്ച് ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം രംഗത്തെത്തി. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഷെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലുള്ള ഇത്തിഹാദ് റെയിലിന് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. പുതിയ അതിവേഗ ട്രെയിന്‍ സര്‍വീസ് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും ദൂരം കുറയ്ക്കാനും സമയം ലാഭിക്കാനും അതിലൂടെ കൂടുതല്‍ ശോഭനമായ ഭാവിയ്ക്ക് വഴിയൊരുക്കുകയും ചെയ്യുമെന്നും അദ്ദേഹം എക്‌സിലൂടെ വ്യക്തമാക്കി.
അതിവേഗ ട്രെയിന്‍ പദ്ധതിക്ക് പിന്നാലെ ആദ്യത്തെ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് പദ്ധതിയും യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ പ്രവര്‍ത്തിക്കുന്ന ഈ ട്രെയിന്‍ സര്‍വീസ് പ്രധാന നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും. കൂടാതെ അബുദാബി, ദുബായ്, ഫുജൈറ, ഷാര്‍ജ എന്നിവിടങ്ങളിലെ ആദ്യത്തെ നാല് പാസഞ്ചര്‍ റെയില്‍ സ്റ്റേഷനുകളുടെ ഉദ്ഘാടനവും ചടങ്ങിനോടനുബന്ധിച്ച് നടത്തി.
Content Highlight : You can reach Abu Dhabi from Dubai in half an hour with Etihad Rail with high speed train