
വിവാഹ നിയമത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുകയാണ് യുഎഇ. ഈ വർഷം ഏപ്രിൽ 15 മുതൽ യുഎഇ ഫെഡറൽ പേഴ്സണൽ സ്റ്റാറ്റസ് നിയമത്തിൽ മാറ്റങ്ങൾ നിലവിൽ വരും. ഇത് പ്രാബല്യത്തിൽ വരുന്നതോടെ, വിവാഹ സമ്മതം, കസ്റ്റഡി അവകാശങ്ങൾ, വിവാഹമോചന നടപടിക്രമങ്ങൾ എന്നിവയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരും. സ്ത്രീകൾക്ക് രക്ഷിതാവിൻ്റെ സമ്മതമില്ലെങ്കിലും ഇഷ്ടമുള്ള പങ്കാളിയെ വിവാഹം കഴിക്കാം എന്നതാണ് പ്രധാനപ്പെട്ട മാറ്റം. വിദേശികളായ മുസ്ലിം സ്ത്രീകൾക്ക്, അവരുടെ രാജ്യത്തെ നിയമം വിവാഹത്തിന് ഒരു രക്ഷിതാവ് വേണമെന്ന് നിഷ്കർഷിക്കുന്നില്ലെങ്കിൽ അവരുടെ വിവാഹത്തിന് രക്ഷിതാവിന്റെ സമ്മതം ആവശ്യമില്ലെന്നും നിയമം വ്യക്തമാക്കുന്നു.
പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം:
സ്ത്രീകൾക്ക് അവരുടെ രക്ഷിതാവ് വിസമ്മതിച്ചാലും അവർക്ക് ഇഷ്ടമുള്ള പങ്കാളികളെ വിവാഹം കഴിക്കാം.
വിവാഹ പ്രായം
നിയമപരമായ വിവാഹ പ്രായം 18 വയസ്സാണെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു . 18 വയസ്സിന് മുകളിലുള്ള ഒരാൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിലും അവരുടെ രക്ഷിതാവിൽ നിന്ന് വിസമ്മതം നേരിടുകയാണെങ്കിൽ, അവർക്ക് ഒരു ജഡ്ജിയെ സമീപിക്കാൻ അവകാശമുണ്ട്.
പ്രായവ്യത്യാസം
വിവാഹം കഴിക്കാൻ പോകുന്ന ആണും പെണ്ണും തമ്മിലുള്ള പ്രായ വ്യത്യാസം മുപ്പത് വയസ് കവിയുകയാണെങ്കിൽ കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം നടത്താൻ കഴിയൂവെന്നാണ് നിയമം അനുശാസിക്കുന്നത്.
വിവാഹ നിശ്ചയം
വിവാഹനിശ്ചയം എന്നത് ഒരു പുരുഷൻ തനിക്ക് അനുവദനീയമായ ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ അഭ്യർത്ഥിക്കുന്നതും വിവാഹ വാഗ്ദാനം നൽകുന്നതുമാണ്. വിവാഹനിശ്ചയം വിവാഹമായി കണക്കാക്കപ്പെടുന്നില്ല. വിവാഹാഭ്യർത്ഥന എന്നത് വിവാഹത്തിനുള്ള അഭ്യർത്ഥനയും അതിനുള്ള വാഗ്ദാനവുമാണ്. അത് ഒരു വിവാഹമായി കണക്കാക്കപ്പെടുന്നില്ല.
വൈവാഹിക ഭവനം:
വിവാഹ കരാറിൽ മറ്റുവിധത്തിൽ വ്യവസ്ഥ ചെയ്തിട്ടില്ലെങ്കിൽ ഭാര്യ ഭർത്താവിനൊപ്പം അവരുടെ ഭവനത്തിൽ താമസിക്കേണ്ടതാണ്.
Content Highlights: UAE Come april 2025 women can marry without the permission of their guardian