
അബുദാബിയിലെ ബിഗ്ബില്ല്യൺ ടിക്കറ്റിന്റെ പുതിയ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടി ബംഗ്ലാദേശ് സ്വദേശി ജഹാംഗീർ ആലമും സുഹൃത്തുക്കളും. ദുബായിയിൽ കപ്പൽ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന ജഹാംഗീർ ആലവും 14 സുഹൃത്തുക്കളും ചേർന്ന് എടുത്ത ടിക്കറ്റിനാണ് ഇത്തവണ ഒന്നാം സമ്മാനം നേടാനായത്.
20 ദശലക്ഷം ദിർഹം (ഏകദേശം 48 കോടി ഇന്ത്യൻ രൂപ) ആണ് വിജയികൾക്ക് സമ്മാനമായി ലഭിക്കുക. കഴിഞ്ഞ തവണ ബിഗ്ബില്ല്യണിൽ വിജയിയായ കോഴിക്കോട് സ്വദേശിയായ ആഷിഖ് പടിഞ്ഞാറത്താണ് ഇത്തവണ നറുക്കെടുത്തത്. ഫെബ്രുവരി 11ന് എടുത്ത 134468 എന്ന ടിക്കറ്റിനാണ് ജഹാംഗീറിനും സുഹൃത്തുക്കൾക്കും സമ്മാനം ലഭിച്ചത്.
ആറുവർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന ജഹാംഗീർ ആലം കഴിഞ്ഞ മൂന്ന് വർഷമായി സുഹൃത്തുക്കളുമായി ചേർന്ന് നറുക്കെടുപ്പിൽ പങ്കെടുക്കുന്നുണ്ട്.
സമ്മാനം വിവരം വിളിച്ചറിയിക്കുമ്പോൾ താൻ പ്രാർത്ഥനയിൽ ആയിരുന്നെന്നും പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സുഹൃത്തുക്കൾ സന്തോഷവാർത്തയുമായി കാത്തിരിക്കുകയായിരുന്നെന്നും ജഹാംഗീർ പറഞ്ഞു. തനിക്കൊപ്പം തന്റെ സുഹൃത്തുക്കൾക്കും സമ്മാനം ലഭിക്കുന്നുവെന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും ജഹാംഗീർ പറഞ്ഞു. സമ്മാനത്തുക ഉപയോഗിച്ച് സുഹൃത്തുക്കളുമായി ചേർന്ന് ചെറിയ ബിസിനസ് ആരംഭിക്കാനാണ് തന്റെ ആഗ്രഹമെന്നും ജഹാംഗീർ പറഞ്ഞു.
Content Highlights: Big Billion ticket new winner won 48 crores