
അബുദാബി: കോടി നിറവില്‍ മലയാളി. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്കും സഹപ്രവര്‍ത്തകര്‍ക്കും കോടികളുടെ സമ്മാനം. പ്രവാസി മലയാളിയായ പ്രസാദ് ശിവദാസനും ഒന്‍പത് സുഹൃത്തുക്കളും ചേര്‍ന്ന് എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഓണ്‍ലൈനിലൂടെ എടുത്ത 3793 എന്ന ടിക്കറ്റിനാണ് ഏകദേശം ഒന്‍പത് കോടി രൂപയുടെ (10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം ലഭിച്ചത്.
ബര്‍ ദുബായില്‍ സിസ്റ്റം എന്‍ജിനീയറാണ് ശിവദാസന്‍. കഴിഞ്ഞ 20 വര്‍ഷമായി യുഎഇയില്‍ ജോലി ചെയ്യുന്ന പ്രസാദ് കഴിഞ്ഞ എട്ട് വര്‍ഷമായി സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. സമ്മാനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുബായ് ഡ്യൂട്ടി ഫ്രീയോട് വളരെ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1999ല്‍ ആരംഭിച്ചതിന് ശേഷം ഒന്നാം സമ്മാനം നേടുന്ന 246-ാമത്തെ ഇന്ത്യക്കാരനാണ് പ്രസാദ്. ഏറ്റവും കൂടുതല്‍ ടിക്കറ്റ് വാങ്ങിയ ഇന്ത്യക്കാരന്‍ കൂടിയാണ് ശിവദാസന്‍.
ഇതോടൊപ്പം നടന്ന മറ്റ് നറുക്കെടുപ്പുകളില്‍ അബുദാബിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് സമ്മാനമായി ബിഎംഡബ്ല്യു കാറും മോട്ടോര്‍ ബൈക്കും സമ്മാനമായി ലഭിച്ചു. ഷാഹുല്‍ ഹമീദ് (38) എന്ന ഇന്ത്യന്‍ പ്രവാസിക്ക് ബിഎംഡബ്ല്യു ആഡംബര കാറും കമല്‍ തഹ്‌സീല്‍ ഷാകൂറിന് (48) ആഡംബര മോട്ടോര്‍ ബൈക്കും സമ്മാനമായി ലഭിച്ചു. പത്ത് വര്‍ഷത്തിലേറെയായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനില്‍ സ്ഥിരമായി പങ്കെടുക്കുന്ന ഹമീദ്, അര്‍ദ്ധ സര്‍ക്കാര്‍ കമ്പനിയില്‍ ഐടി മാനേജരായി ജോലി ചെയ്യുകയാണ്.
Content Highlights: Group of ten Indian expats win $1 million Dubai Duty Free prize