
ഉം അൽ-ഖുവൈന്‍: ഉം അൽ-ഖുവൈനിലെ ഉം അൽ തൗബ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയില്‍ തീപിടിത്തം. തീപിടിത്തത്തിൽ ഫാക്ടറി പൂർണ്ണമായും കത്തിനശിച്ചു. സിവിൽ ഡിഫൻസ് ടീമുകൾ ഉടനടി സംഭവ സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കുകയും സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഫാക്ടറിയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. തീ കൂടുതൽ പടരുന്നതിന് മുമ്പ് നിയന്ത്രണവിധേയമാക്കി. സിവിൽ ഡിഫൻസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ ഡോ. ജാസിം മുഹമ്മദ് അൽ മർസൂഖി, ഉമ്മുൽ-ഖുവൈനിലെ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ഡോ. സലേം ഹമദ് ബിൻ ഹംദ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തീ അണക്കൽ ഓപ്പറേഷൻ. റാസൽഖൈമ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും തീ അണയ്ക്കുന്ന ദൗത്യത്തിൽ പങ്കുചേർന്നു.
ഉം അൽ-ഖുവൈനിലെ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ സെന്റർ, ഉം അൽ-ഖുവൈൻ മുനിസിപ്പാലിറ്റി, യൂണിയൻ വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനി, നാഷണൽ ആംബുലൻസ് എന്നിവരുടെ സഹായത്തിലായിരുന്നു ദൗത്യം.
Content Highlights: Factory gutted in major fire in umm al quwain