
അബുദാബി: സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് പൊതു സ്ഥലങ്ങളിൽ ഭക്ഷ്യ വസ്തുക്കൾ വിൽപ്പന നടത്തിയ 10 അനധികൃത തെരുവ് കച്ചവടക്കാരെ പിടികൂടി ദുബായ് പൊലീസ്. റമദാൻ കാമ്പെയിന്റെ ഭാഗമായാണ് അറസ്റ്റ്. ശരിയായ ലൈസൻസുകളോ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയോ ഉള്ള പൊതുസ്ഥലങ്ങളിലെ വില്‍പ്പന അപകട സാധ്യതകൾ ഉയർത്തിയിരുന്നു.
പൊതു നിരത്തുകളിലും ഇടവഴികളിലും അനിയന്ത്രിതമായ താൽക്കാലിക വിപണികൾ സൃഷ്ടിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുകയാണെന്നും നഗരത്തിൻ്റെ ആകർഷണീയതയെ കളങ്കപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നും അധികൃതർ വ്യക്തമാക്കി. പൊതു സുരക്ഷ ഉയർത്തിപ്പിടിക്കുന്നതിൻ്റെ ഭാഗമായാണ് അനധികൃത കച്ചവടക്കാർക്കെതിരായ നടപടിയെന്ന് വകുപ്പിൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ കേണൽ അഹമ്മദ് അൽ അദീദി പറഞ്ഞു.
ലൈസൻസ് ഇല്ലാത്ത തെരുവ് കച്ചവടക്കാരിൽ നിന്നോ പൊതുഇടങ്ങളിൽ ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിൽക്കുന്ന നിയന്ത്രണമില്ലാത്ത വാഹനങ്ങളിൽ നിന്നോ സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കണമെന്നും പകരം ഭക്ഷണ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ അംഗീകൃത ബിസിനസുകളെ ആശ്രയിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
നിയന്ത്രണമില്ലാത്ത കച്ചവടക്കാരിൽ നിന്നും ലൈസൻസില്ലാത്ത വാഹനങ്ങളിൽ നിന്നും ഭക്ഷണം വാങ്ങി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് തെരുവ് കച്ചവടക്കാരുടെ നിയന്ത്രണ വിഭാഗം മേധാവി മേജർ താലിബ് അൽ അമീരി പറഞ്ഞു. അത്തരത്തിലുള്ള ഉൽപ്പന്നങ്ങൾ പലപ്പോഴും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ സൂക്ഷിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ഇതേ കേടാകാനും ഇതിലൂടെ രോഗങ്ങൾ വിളിച്ചുവരുത്താന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈസൻസില്ലാതെ തെരുവ് കച്ചവടം നടത്തുന്നവരെ കണ്ടെത്താനായി ദുബായ് പൊലീസ് 24 മണിക്കൂറും പട്രോളിംഗ് തുടരുമെന്നും നിയമലംഘകരെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനും മറ്റ് ഡിപ്പാർട്ട്മെന്റുകളുമായി അടുത്ത് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും നിയമവിരുദ്ധ തെരുവ് കച്ചവട പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാൻ താമസക്കാരോട് ദുബായ് പൊലീസ് ആവശ്യപ്പെട്ടു.
Content Highlights: Dubai Police arrest 10 street vendors for selling food without licence during ramadan