
അബുദാബി: അബുദാബിയില്‍ വാഹനം അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം സ്വദേശിയ്ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പനയറ ചെമ്മരുത്തി പട്ടിയാരത്തുംവിള ശശിധരന്‍ ഭാനു ദമ്പതികളുടെ മകന്‍ ശരത് (36) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.
അബുദാബിയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അപ്പുറമുള്ള മരുഭൂമിയിലെ അല്‍ ഖുവാ മില്‍ക്കി വേ കാണാന്‍ പോകവെയാണ് അപകടം സംഭവിച്ചത്. മണല്‍പ്പാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ വാഹനം നിയന്ത്രണം വിടുകയായിരുന്നു. ഡ്രൈവര്‍ അടക്കം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട വിവരം അറിഞ്ഞ് ആംബുലൻസും മെഡിക്കല്‍ സംഘവും എത്തിയെങ്കിലും ശരത്തിനെ രക്ഷിക്കാനായില്ല.
ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിക്കുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പത്തുവര്‍ഷത്തില്‍ അധികകമായി പ്രവാസ ജീവിതം നയിക്കുന്ന ശരത്ത്.അബുദാബിയിലെ നിര്‍മ്മാണ കമ്പനിയില്‍ സേഫ്റ്റി ഓഫിസറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ജിഷ, രണ്ട് പെണ്‍മക്കളുണ്ട്.
Content Highlights: Car accident in Abu Dhabi Tragic end for expatriate Malayali