
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം വീണ്ടും മലയാളിയ്ക്ക്. 273-ാമത് സീരിസ് നറുക്കെടുപ്പിൽ 1.5 കോടി ദിർഹം(34 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കിയത് പ്രവാസി മലയാളിയാണ്. ഒമാനിലെ സലാലയിൽ താമസിക്കുന്ന രാജേഷ് മുള്ളങ്കി വെള്ളിലപ്പുള്ളിത്തൊടിയ്ക്കാണ് സമ്മാനം ലഭിച്ചത്. മാർച്ച്30ന് വാങ്ങിയ 375678 എന്ന നമ്പറിലുള്ള ടിക്കറ്റാണ് സമ്മാനാർഹമായത്.
33 വർഷമായി ഒമാനിൽ താമസിക്കുന്ന രാജേഷ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. വർഷങ്ങളായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാറുണ്ടെങ്കിലും ഇത്തവണ ഭാഗ്യം രാജേഷിനെ തേടിയെത്തുകയായിരുന്നു. ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം എല്ലാ മാസവും ടിക്കറ്റ് വാങ്ങുന്ന രാജേഷ്, ഇത്തവണ തനിക്ക് ഭാഗ്യം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
'എനിക്ക് എന്റെ വികാരങ്ങൾ വാക്കുകളിൽ പ്രകടിപ്പിക്കാൻ പോലും കഴിയില്ല. കോള് വന്നപ്പോള്‍ ഞെട്ടുകയാണ് ചെയ്തത്. പറഞ്ഞറിയിക്കാനാകാത്ത സന്തോഷവും തോന്നി. സമ്മാനം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല', അദ്ദേഹം പറഞ്ഞു. ബിഗ് ടിക്കറ്റ് വാങ്ങുന്നത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
Content Highlights: Indian expat wins Dh15 million in Abu Dhabi Big Ticket draw