
ദുബായ്: രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ യുഎഇയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തെലങ്കാന നിര്‍മല്‍ ജില്ലയിലെ സോഅന്‍ ഗ്രാമത്തില്‍ നിന്നുള്ള അഷ്ടപു പ്രേംസാഗര് (35), നിസാമാബാദ് സ്വദേശിയായ ശ്രീനിവാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കൂടെ ജോലി ചെയ്തിരുന്ന പാകിസ്താനി സ്വദേശിയാണ് കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഈ മാസം 11നാണ് കൊലപാതകം നടന്നത്.
ദുബായിലുള്ള മോഡേണ്‍ ബേക്കറിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇവര്‍. ജോലി ചെയ്തിരുന്ന ബേക്കറിയില്‍വെച്ചാണ് കൊലപാതകം നടന്നത്. ഇരുവരേയും പ്രതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍. ആക്രമണത്തില്‍ മറ്റൊരു തെലങ്കാന സ്വദേശിയ്ക്ക് പിരക്കേറ്റിരുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഈ മാസം 12-ാം തീയതി ദുബായില്‍ നിന്ന് ഒരു ഫോണ്‍ കോള്‍ വന്നതായി പ്രേംസാഗറിന്റെ അമ്മാവന്‍ എ പൊഷെട്ടി പറഞ്ഞു. അന്യരാജക്കാരനായ ഒരാള്‍ പ്രേംസാഗറിനെ കുത്തിക്കൊലപ്പെടുത്തിയതായി ഫോണ്‍കോളിലൂടെ അറിയിച്ചത്. ചെറിയ കുട്ടികളുണ്ടെന്നും കൊല്ലരുതെന്ന് കരഞ്ഞ് യാചിച്ചിട്ടും പ്രതി നിരവധി തവണ കുത്തിയെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി പ്രേംസാഗറിന്റെ സഹോദരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കഴിഞ്ഞ ആറുവര്‍ഷത്തോളമായി മോഡേണ്‍ ബേക്കറിയിലെ ജീവനക്കാരനാണ് പ്രേംസാഗര്‍.
Content Highlights: Pakistani man stabs to death Indian migrant in Dubai