രാജീവ്ഗാന്ധി വധം, എൻ്റെ മറയ്ക്കപ്പെട്ട സത്യങ്ങള്; നളിനി മുരുകന്

പുസ്തകത്തിലുടനീളം രാജീവ് ഗാന്ധി വധത്തില് താനും കുടുംബവും ഭര്ത്താവ് മുരുകനും നിരപരാധികളാണെന്ന് സംഭവങ്ങള് വിവരിച്ച് വായനക്കാരനെ ബോധ്യപ്പെടുത്താനാണ് നളിനി ശ്രമിക്കുന്നത്

dot image

പൊലീസ്/സിബിഐ കസ്റ്റഡിയില് രണ്ടു മാസത്തോളം നേരിടേണ്ടി വന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ നേര്സാക്ഷ്യമാണ് നളിനി മുരുകന്റെ രാജീവ്ഗാന്ധി വധം, എന്റെ മറയ്ക്കപ്പെട്ട സത്യങ്ങള് എന്ന പുസ്തകം. അറസ്റ്റ് ചെയ്യുമ്പോള് രണ്ടു മാസം ഗര്ഭിണിയായിരുന്നു നളിനി. നളിനിയുടെ അറസ്റ്റും കസ്റ്റഡി അനുഭവങ്ങളും നമ്മുടെ അന്വേഷണ സംവിധാനങ്ങള് പഴയ ബ്രിട്ടീഷ് കാലത്തില് നിന്നും ഒട്ടും ജനാധിപത്യപരമായി പുരോഗമിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു. അറസ്റ്റിലായ ദിവസം തന്നെ സ്വന്തം ഭര്ത്താവിന്റെ സാന്നിധ്യത്തില് പൊലീസുകാരനില് നിന്ന് ലൈംഗികാതിക്രമം നേരിടേണ്ടി വന്ന അനുഭവം മുതല് വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില് എത്തിയപ്പോള് സ്വന്തം അമ്മയ്ക്ക് മുന്നില് നഗ്നയാക്കപ്പെട്ട് നില്ക്കേണ്ടി വന്ന അനുഭവം വരെ നളിനി വിവരിക്കുന്നുണ്ട്. രണ്ട് മാസത്തെ നിരന്തര പീഡനത്തിനൊടുവില് ബലാത്സംഗ ഭീഷണിയിലൂടെ സി.ബി.ഐ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയത് നളിനി വിവരിക്കുന്നത് ഹൃദയഭേദകമാണ്.

A1

നളിനിയുടെയും മുരുകന്റെയും പ്രണയതീവ്രതയും മകള് ഹരിത്രയെ പിരിയേണ്ടി വന്നതിന്റെ വൈകാരികതയുമെല്ലാം വായനക്കാരന്റെ ഉള്ളുലയ്ക്കും വിധമാണ് വിവരിച്ചിരിക്കുന്നത്.

പുസ്തകത്തിലുടനീളം രാജീവ് ഗാന്ധി വധത്തില് താനും കുടുംബവും ഭര്ത്താവ് മുരുകനും നിരപരാധികളാണെന്ന് സംഭവങ്ങള് വിവരിച്ച് വായനക്കാരനെ ബോധ്യപ്പെടുത്താനാണ് നളിനി ശ്രമിക്കുന്നത്. രാജീവ് വധത്തിലെ പങ്കാളികളായ ശിവരശന്, തനു, ശുഭ എന്നിവരുമായി ബന്ധപ്പെടേണ്ടി വന്ന സാഹചര്യവും ഏതാണ്ട് യുക്തിഭദ്രമായി നളിനി പറയുന്നുണ്ട്. രാജീവ് വധത്തിലെ അന്വേഷണം യഥാര്ത്ഥ പ്രതികളിലേയ്ക്ക് എത്തിച്ചേരാതെയിരിക്കാന് സി.ബി.ഐ ഇപ്പോള് പ്രതികളാക്കിയ നിരപരാധികളില് കേസിനെ തളച്ചിട്ടു എന്നതിന്റെ നിരവധി സൂചനകള് പുസ്തകത്തിലുണ്ട്. ആരെയൊക്കെയോ രക്ഷപ്പെടുത്താന് നിരപരാധികളും സാധാരണക്കാരുമായ ഒരു കൂട്ടരെ കേസില് പ്രതി ചേര്ത്തുവെന്ന് വിശ്വസിക്കേണ്ട നിരവധി വാദമുഖങ്ങള്, കുറ്റപത്രത്തിലെ വൈരുദ്ധ്യങ്ങളും വിചാരണയിലെ നീതിനിഷേധവും, മുന്ധാരണയോടെയുള്ള തീരുമാനവുമെല്ലാം ചൂണ്ടിക്കാണിച്ച് നളിനി വിശദീകരിക്കുന്നുണ്ട്.

പ്രതികളിലൊരാളായ പേരറിവാളന് വധശിക്ഷ ലഭിക്കാന് കാരണമായത് മൊഴിയില് താന് വരുത്തിയ തിരുത്തു മൂലമാണ്. കേസിന് ബലം നല്കാന് വേണ്ടിയാണ് അങ്ങനെ ചെയ്തത്. എന്നാല്, പേരറിവാളന് എന്ന അറിവിന്റെ ഭാവി ഇങ്ങനെ ആയിത്തീരുമെന്ന് കരുതിയിരുന്നില്ലെന്ന് പ്രതികളുടെ മൊഴിയെടുക്കാന് നിയോഗിതനായ സിബിഐ റിട്ട എസ്.പി. വി ത്യാഗരാജന്റെ വെളിപ്പെടുത്തല് ഇവിടെ പ്രസക്തമാണ്.

കേസിലെ മുഖ്യപ്രതിയായ ശിവരശന് പിടിയിലാകാതെ ഏതാണ്ട് മൂന്നു മാസത്തോളം ഒളിവില് താമസിച്ചതിലെ ദുരൂഹത നളിനി പുസ്തകത്തില് ചോദ്യം ചെയ്യുന്നുണ്ട്. ശിവരശനും മറ്റും താമസിച്ച വീട് വളഞ്ഞ് അവരെ ജീവനോടെ പിടിക്കാന് അവസരം ലഭിച്ചിട്ടും മേലധികാരികളുടെ ഉത്തരവിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്ന അനുഭവം മേജര് രവി പറഞ്ഞത് ഇത് വായിക്കുമ്പോള് മനസ്സിലൂടെ കടന്നു പോകും. മിഷന് 90 ഡെയ്സ് എന്ന സിനിമയും. 1991 ജൂണ് 10 നാണ് നളിനിയും മുരുകനും അറസ്റ്റിലാകുന്നത്. ഇവര് അറസ്റ്റിലായി ഏതാണ്ട് 60 ദിവസത്തോളമാണ് പൊലീസ്/സിബിഐ കസ്റ്റഡിയില് ഉണ്ടായിരുന്നത്. ഇവര് മുഖ്യ പ്രതികള് എന്ന നിലയില് കേസിന്റെ കുറ്റപത്രത്തിലെ ഫ്രെയിമിങ്ങ് നടക്കുമ്പോള് രാജീവ് വധത്തില് നേരിട്ട് പങ്കാളികളായ മുഖ്യ പ്രതി ശിവരശനും ശുഭയും ഒളിത്താവളങ്ങള് മാറി ഒളിച്ചിരിക്കുകയായിരുന്നു എന്നത് മറക്കരുത്. റോ അടക്കമുള്ള ഇന്ത്യയിലെ രഹസ്യാന്വേഷണ സംഘങ്ങളെല്ലാം രംഗത്തുണ്ടായിട്ടും ഒളിവില് കഴിഞ്ഞിരുന്ന ഇവരെ അറസ്റ്റ് ചെയ്യാന് കഴിയാത്തതില് ദുരൂഹതയുണ്ടെന്ന ആരോപണത്തിന് സംഭവങ്ങളുടെ നാള്വഴികള് പരിശോധിക്കുമ്പോള് ഇന്നും സാംഗത്യമുണ്ട്. കസ്റ്റഡിയിലുണ്ടായിരുന്ന മുരുകന്റെയും നളിനിയുടെയുമെല്ലാം കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയതിന് ശേഷം 1991 ഓഗസ്റ്റ് 18നാണ് ശിവരശന് ഒളിവില് കഴിഞ്ഞിരുന്ന കൊണ്ടനകുണ്ടെയിലുള്ള വീട് കണ്ടെത്തുന്നത്. മുന്നോട്ടുള്ള അന്വേഷണത്തില് നിര്ണയകമാകുമായിരുന്ന ഒരു സംഘത്തെ ജീവിനോടെ പിടികൂടുന്നതില് അന്വേഷണസംഘം പരാജയപ്പെട്ടു.

ഇതിനെക്കുറിച്ച് മേജര് രവിയുടെ വെളിപ്പെടുത്തല് ഇങ്ങനെയാണ്; 'ശിവരശനെയും കൂട്ടരെയും വളഞ്ഞുവെങ്കിലും ഒരു ഓപ്പറേഷന് അനുമതിക്കായി 36 മണിക്കൂര് കാത്തിരിക്കേണ്ടിവന്നു. 1991 ആഗസ്റ്റ് 18നായിരുന്നു അത്. അന്ന് എസ്ഐടി ചീഫായ കാര്ത്തികേയന് താന് വന്നിട്ടുമതി ഓപ്പറേഷന് എന്നു പറഞ്ഞു. അദ്ദേഹം വന്നാലും വന്നില്ലെങ്കിലും അവരോട് പോരാടേണ്ടത് ഞങ്ങള് തന്നെയായിരുന്നു. 18ന് രാത്രി പരിസരം വളഞ്ഞ ഞങ്ങള് 36 മണിക്കൂറിനുശേഷം ഉള്ളില് കടക്കുമ്പോള് എല്ലാം അവസാനിച്ചിരുന്നു. ഞങ്ങള് അവിടെയെത്തിയ സമയത്തെക്കുറിച്ച് ശിവരശനും കൂട്ടര്ക്കും യാതൊരു അറിവുമുണ്ടായിരുന്നില്ല. നേരം പുലര്ന്നതോടെ ജനം തിങ്ങികൂടി. ശിവരശനും സംഘവും തയ്യാറായി. എത്തിയ സമയം തന്നെ ഓപ്പറേഷന് നടത്തിയിരുന്നുവെങ്കില് ഞങ്ങളില് ചിലര്ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നാലും അതിലെ ചിലരെയെങ്കിലും ജീവനോടെ പിടികൂടാമായിരുന്നു. രാജീവ്ഗാന്ധി വധക്കേസില് അത് വഴിത്തിരിവാകുമായിരുന്നു.'' സമാനമായ നിലയില് പ്രത്യേക അന്വേഷണ തലവന് കാര്ത്തികേയന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന നിരവധി വിവരങ്ങള് പുസ്തകത്തില് നളിനി പങ്കു വയ്ക്കുന്നുണ്ട്.

മുന് ഇന്റലിജന്സ് മേധാവിയും, ബംഗാള് ഗവര്ണറുമായിരുന്ന എം.കെ. നാരായണന് രാജീവ് ഗാന്ധിയുടെ കൊലപാതകത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും, അദ്ദേഹം തെളിവുകള് മൂടിവെക്കാന് ശ്രമിച്ചുവെന്നും, ആദ്യം കേസന്വേഷിച്ച സി.ബി.ഐ സംഘത്തലവന് കെ. രാഗോത്തമന് തന്റെ പുസ്തകമായ കോണ്സ്പിറസി ടു കില് രാജീവ് ഗാന്ധി, ഫ്രം സി.ബി.ഐ ഫയല്സ് എന്ന പുസ്തകത്തില് പരാമര്ശിച്ചിരുന്നു. എന്നാല് ഇതൊന്നും അന്നത്തെ അന്വേഷണ സംഘം പരിഗണിച്ചിരുന്നില്ലെന്നും ആക്ഷേപമുണ്ട്. രാജീവ് വധത്തെക്കുറിച്ച് അന്വേഷിച്ച ജെയിന് കമ്മീഷന്റെ കണ്ടെത്തലുകളും ശുപാര്ശകളുമെല്ലാം നളിനിയുടെ പുസ്തകം വായിക്കുമ്പോള് ഉത്തരമില്ലാത്ത ചോദ്യങ്ങളായി വായനക്കാരുടെ മനസ്സിലൂടെ കടന്നുപോകുമെന്ന് തീര്ച്ച.

കുറ്റവാളി ആണെങ്കില് പോലും ഇന്ത്യന് നിയമ വ്യവസ്ഥ ഉറപ്പു നല്കുന്ന സ്വഭാവിക നീതി നളിനിക്കും ഭര്ത്താവിനും അവരുടെ മകള്ക്കും നിഷേധിക്കപ്പെട്ടിട്ടുണ്ട്. പ്രിയങ്ക ഗാന്ധി രഹസ്യമായി ജയിലിലെത്തി നളിനിയെ കണ്ടതും അവര് തമ്മിലുള്ള സംഭാഷണവുമെല്ലാം നളിനി തുറന്ന് പറയുന്നുണ്ട്. അന്ന് ശ്രീപെരുമ്പതൂരിലെത്തി ഇന്ദിരാഗാന്ധിയുടെ പ്രതിമയില് രാജീവ് മാല ചാര്ത്തുമ്പോള് സംസ്ഥാനത്തെ പ്രമുഖ നേതാക്കളും അവിടുത്തെ സ്ഥാനാര്ത്ഥി മരതകം ചന്ദ്രശേഖറും രാജീവിനൊപ്പം ഉണ്ടായിരുന്നു. അവിടെ നിന്നും രാജീവ് വേദിയിലേയ്ക്ക് നടക്കുന്നതിനിടയിലായിരുന്നു സ്ഫോടനം. ഈ സമയം അദ്ദേഹത്തിന് സമീപം കോണ്ഗ്രസിന്റെ പ്രധാന നേതാക്കളാരും ഇല്ലാതെ പോയതെന്താണെന്ന സന്ദേഹം നളിനിയുടെ പുസ്തകം വായിക്കുമ്പോള് തികട്ടി വരും. നേതാവിനൊപ്പം ഇടിച്ചു നില്ക്കാന് തിരക്കുകൂട്ടുന്ന കോണ്ഗ്രസ് നേതാക്കളുടെ രീതിയെക്കുറിച്ച് ബോധ്യമുള്ളവര്ക്ക് രാജീവ് കൊല്ലപ്പെട്ടതിനൊപ്പമുള്ളവരുടെ കൂട്ടത്തില് പ്രധാനപ്പെട്ട ഒരു നേതാവ് പോലും ഇല്ലാതെ പോയി എന്നത് ദുരൂഹതയാണ്. നളിനിയുടെ പുസ്തകത്തില് രാജീവ് വധത്തെക്കുറിച്ച് പറയുന്ന ഭാഗം വായിക്കുമ്പോള് ഇത്തരം നൂറായിരം ചോദ്യങ്ങള് ഉയര്ന്നുവരാതിരിക്കില്ല.

എന്തായാലും നളിനി മുരുകന്റെ രാജീവ്ഗാന്ധി വധം, എന്റെ മറയ്ക്കപ്പെട്ട സത്യങ്ങള് കുറച്ചു ദിവസത്തേക്കെങ്കിലും മനസ്സിനെ ഉത്തരമില്ലാത്ത നിരവധി ചോദ്യങ്ങളുടെ ചുഴിയിലിട്ട് വട്ടം ചുറ്റിക്കുമെന്നത് തീര്ച്ചയാണ്. നളിനിയുടെ അനുഭവ വിവരണം ഭാവനയില് കണ്ടുവായിക്കുമ്പോള് നമ്മളെത്തപ്പെടുന്ന ലോകം വിവരണാതീതമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us