മിലന് കുന്ദേര; ഓർമ്മയുടെയും മറവിയുടെയും കലാകൃത്ത് എന്ന പേരിൽ

ഇപ്പോൾ കുന്ദേര വിട വാങ്ങുമ്പോൾ തനിക്കുള്ളതെല്ലാം നേരത്തെ തന്നു എന്നപോലെയാണ്. ഭാവനയുടെ ആവശ്യമായി സാഹിത്യത്തെ കാണുന്ന അപൂർവ്വം എഴുത്തുകാരിൽ ഒരാൾ, അവരിലും അദ്ദേഹം വേറിട്ട് നിന്നു. ദീർഘകാലമായി ഒന്നും എഴുതാതിരിന്നിട്ടും, അദ്ദേഹത്തിന്റെ കൃതികൾ എപ്പോഴും സാഹിത്യാരാധകരുടെ ഓർമ്മയിൽ നിന്നു.

കരുണാകരന്‍
2 min read|12 Jul 2023, 09:06 pm
dot image

കുറെ വര്ഷങ്ങള്ക്ക് മുമ്പ്, എണ്പതുകളിലാവണം, എം ടി വാസുദേവന് നായര്, സാഹിത്യ നിരൂപകനായ കെ സി നാരായണന്, മദ്രാസിലേക്ക് ഒരു പുസ്തകം അയച്ചു കൊടുത്തു, ‘മാതൃഭൂമി’യ്ക്ക് വേണ്ടി ‘റിവ്യൂ’ ചെയ്യാന്. പുതിയ എഴുത്തുകാരന്, പുതിയ പുസ്തകം, പുതിയ പ്രമേയം, പുതിയ ആശയങ്ങള്... പുസ്തകം മിലന് കുന്ദേരയുടെ "The Art of The Novel" എന്ന കൃതിയായിരുന്നു. പിന്നീട്, സി ആര് പരമേശ്വരന്റെ ‘പ്രകൃതി നിയമം’ എന്ന നോവലിനെ കുറിച്ചുള്ള തന്റെ പഠനത്തില് നാരായണൻ ഇതേ പുസ്തകത്തിന്റെ വായന ഫലപ്രദമായി ഉപയോഗിക്കുന്നതും കാണാം. ഇപ്പോൾ കുന്ദേര വിട വാങ്ങുമ്പോൾ തനിക്കുള്ളതെല്ലാം നേരത്തെ തന്നു എന്നപോലെയാണ്. ഭാവനയുടെ ആവശ്യമായി സാഹിത്യത്തെ കാണുന്ന അപൂർവ്വം എഴുത്തുകാരിൽ ഒരാൾ, അവരിലും അദ്ദേഹം വേറിട്ട് നിന്നു. ദീർഘകാലമായി ഒന്നും എഴുതാതിരിന്നിട്ടും, അദ്ദേഹത്തിന്റെ കൃതികൾ എപ്പോഴും സാഹിത്യാരാധകരുടെ ഓർമ്മയിൽ നിന്നു. മിക്കവാറും എല്ലാ പുസ്തകശാലകളിലും കുന്ദേരയുടെ ഏതെങ്കിലും പുസ്തകങ്ങൾ ഉണ്ടാകും, അദ്ദേഹത്തിന്റെ തന്നെ ഇല്ലസ്ട്രെഷൻ മുഖചിത്രമായിട്ടുണ്ടാകും, ഗ്രന്ഥകാരന്റെ ഫോട്ടോയാകട്ടെ എല്ലാ പരിചയങ്ങളെയും ഒരകലത്തിൽ നിർത്തുന്നപോലെയുമായിരിക്കും.

ഞാൻ കുന്ദേരയുടെ പ്രബന്ധങ്ങളുടെ ആരാധകനാണ്, ഒരു സാഹിത്യ രൂപമെന്ന നിലയിൽ. നോവല്, ഒരേസമയം, മനുഷ്യന്റെയും ചരിത്രത്തിന്റെയും കണ്ടുപിടുത്തമാവുന്നത് എങ്ങനെ എന്ന് നേരത്തെ പറഞ്ഞ പുസ്തകത്തില് അദ്ദേഹം വിശദമായി പറയുന്നത് എപ്പോഴും പുതിയ പുസ്തകം പോലെ വായിക്കുന്നു. യൂറോപ്പിന്റെ ചരിത്രത്തിൽ നിന്നാണ് തന്റെ ആശയങ്ങൾ കുന്ദേര കണ്ടെടുക്കുന്നത്, അത് അദ്ദേഹത്തിനു പ്രധാനവുമാണ്. എന്നാൽ അവയെ കുന്ദേര അവതരിപ്പിക്കുന്നത് മനുഷ്യവംശത്തിന്റെ മുഴുവൻ 'കഥ'യുടെ പേരിലാണ്.

നാലു വർഷം മുമ്പ്, തൊണ്ണൂറു വയസ്സു കഴിഞ്ഞ മിലന് കുന്ദേരയെപ്പറ്റിയുള്ള വാര്ത്തകളും കുറിപ്പുകളും കാണുന്ന കൂട്ടത്തില് ‘ദി സ്പെക്ടര്’ എന്ന ജേര്ണലില് കണ്ട ഒരു ലേഖനം (ടോബി യോങ്ങ് എഴുതിയത്) ഒരു അത്ഭുതം പങ്കുവെച്ചുകൊണ്ടായിരുന്നു തുടങ്ങിയത്: ഇയാള്, മിലന് കുന്ദേര എന്ന എഴുത്തുകാരന്, ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നായിരുന്നു, അത്. ഞാന് കരുതി ഇയാള് മരിച്ചിരിക്കാം എന്ന്. ലേഖകന് എഴുതുന്നു, പിന്നെയാണ് ആ എഴുത്തുകാരന്റെ പ്രമേയവും കാലവും ലേഖകൻ ചര്ച്ച ചെയ്യുന്നത്.

എഴുത്തുകാര്, ജീവിച്ചിരിക്കുമ്പോഴെ, ‘കാലയവനിക’യ്ക്കുള്ളില് മറയുന്നതിന്റെ ഒരു കാരണം അവര് നിരന്തരം എഴുതാത്തത് കൊണ്ടല്ല, അവരുടെ ‘പ്രമേയ’ങ്ങള് ഒരു സമയം വായനാ സമൂഹം തന്നെ ഉപേക്ഷിക്കുന്നത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. അഥവാ, മനുഷ്യരെയും സമൂഹങ്ങളെയും എന്നപോലെ ‘കാല’വും ‘ചരിത്ര’വും കലയെയും വായനാസമൂഹത്തെയും ആവേശിക്കുന്നു, അവര്ക്കും ഒരു ‘പണി’ കൊടുക്കുന്നു: മറവിയോട് ഒരു കൗതുകവും ഇല്ലാതിരിക്കുക എന്നതാണ് ആ ‘പണി’. ഒരിക്കല് മറന്നത് എന്നേയ്ക്കുമായി മറക്കുന്നു. ഇപ്പോൾ ആ മറവി എഴുത്തുകാരെ ഓര്മ്മയില് നിന്നും തുരത്തുന്നു. കുന്ദേരയുടെ നോവലുകളുടെ ഇതിവൃത്തം ‘ബെര്ലിന് മതിലി’ന്റെ തകര്ച്ചയോടെ പിന്വാങ്ങിയിരുന്നു. ഒരിക്കൽ തന്റെ രാജ്യത്തുണ്ടായിരുന്ന നിഷ്ഠൂരമായ ഒരു ഭരണ കൂടത്തോടുള്ള എഴുത്തുകാരന്റെ കലി അയാളുടെ സര്ഗ്ഗാത്മകതയുടെ തന്നെ അവസരങ്ങള് ആയത് ഓര്ത്തുകൊണ്ടാവും ‘ഇയാള് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ’ എന്ന് കുന്ദേരയുടെ തൊണ്ണൂറാം പിറന്നാളിൽ ആ ലേഖകൻ അത്ഭുതപ്പെട്ടിരിക്കുക. പക്ഷെ, മിലന് കുന്ദേരയെ ഓര്മ്മ വരാതിരിക്കുക എങ്ങനെ! മറവിയ്ക്ക് എതിരെയുള്ള കലാപം തന്നെയാണ് ഒരര്ത്ഥത്തില് കല (നോവല്) എന്ന് കണ്ടുപിടിക്കുന്ന ആ എഴുത്തുകാരനെ!

കുന്ദേരയുടെ ഞാനാദ്യം വായിക്കുന്ന കൃതി, Life is Elsewhere ആണ്, ഒരു കവിയെ പറ്റിയാണത്. മഞ്ഞും ശീതവും ഉള്ള ഒരു ഇരുമ്പുമറയുടെ നിഴല്, കവിതയുടെയും നിഴലാവുന്നപോലെ, ജീവിതം ഇറ്റിറ്റ് തീരുന്ന പോലെ ഒരോര്മ്മയാണ്, ചിലപ്പോള് ചിരി വരുമെങ്കിലും, ആ വായന. പിന്നെ പല പുസ്തകങ്ങളും വായിച്ചു. The Book of Laugher and Forgetting, The Joke... എന്നാല്, എനിക്ക്, അദ്ദേഹത്തിന്റെ പ്രബന്ധങ്ങളുടെ വായന, ആ സമാഹാരങ്ങള് തരുന്ന ആഹ്ളാദം, ചെറുതൊന്നുമല്ല. ബുദ്ധിയും കലയും ചില എഴുത്തുകാര്ക്ക് ജന്മസിദ്ധമായ അനുഭവമായിരിക്കുമ്പോഴും, ചിലപ്പോൾ അവർ എഴുതുന്ന കാലം, അവർ ജീവിക്കുന്ന രാജ്യം, അവരെ "മറ്റു പലരായും" അവതരിപ്പിക്കുന്നു. കുന്ദേര അങ്ങനെ ഒരു ഗ്രന്ഥകാരനാണ്. The Art of The Novel, The Encounter, The Curtain, Testaments Betrayed, ഈ പുസ്തകങ്ങള് എല്ലാം, കലയിലും സാഹിത്യത്തിലും താല്പര്യമുള്ള ഒരാള്ക്ക്, ആശയങ്ങളുടെയും ആവശ്യങ്ങളുടെയും ഒരു ലൈബ്രറി പോലെയാണ്. യൂറോപ്പിന്റെ കല എന്ന് നോവലിനെ കണ്ടെത്തുമ്പോള്ത്തന്നെ അതിന്റെ സാര്വലൗകികമായ അനുഭൂതി മനുഷ്യവംശത്തിന്റെ സ്മരണയാവുന്നത് കുന്ദേരയുടെ പ്രിയപ്പെട്ട വിഷയമാകുന്നത് ഈ പുസ്തകങ്ങളിൽ അദ്ദേഹം ഉന്മേഷത്തോടെ ചർച്ച ചെയ്യുന്നു. ഓര്മ്മയുടെ കലയായും, ഒരു സമയം മറവിയ്ക്ക് എതിരായ സമരമായും, ഒപ്പം കലയില് ജ്ഞാനസ്നാനം ചെയ്യുന്ന ഒരാളുടെ വെളിപാട് പോലെയും അദ്ദേഹം നോവലിനെ കണ്ടെത്തുന്നു.

കുന്ദേരയുടെ പുസ്തകത്തിലെ ഏതെങ്കിലും ഒരു വരിയില് നിന്ന് മറ്റൊരു വഴിയിലേക്ക് നമ്മുടെ ‘thinking ego’ തിരിഞ്ഞുപോകുന്നത് കാണാനും രസകരമാണ്. വിശേഷിച്ചും, ‘പരിഹാസ’ത്തെപ്പറ്റി, ‘അധികാര’ത്തെപ്പറ്റി, പല എഴുത്തുകാരെപ്പറ്റിയുള്ള വരികളിൽ നിന്ന്. വിശേഷിച്ചും, കാഫ്ക്കയെ കുറിച്ചുള്ള നിരീക്ഷണങ്ങള്, അവ കുന്ദേര എഴുതുമ്പോള് വ്യതസ്തമായ അനുഭവമാകുന്നു. അവിടെ നിരൂപണം “കല-എഴുത്തുകാരു”ടെ പ്രശ്നമാവുന്നു. കലാ ചരിത്രത്തിന്റെ അര്ത്ഥം എന്നാൽ ചരിത്രത്തിന്റെ അര്ത്ഥം എന്നതിന്റെ നേര്വിപരീതമാണ് എന്ന് പറയുന്നതിന്റെ പൊരുള് അപ്പോള് നമുക്ക് മനസ്സിലാവുകയും ചെയ്യുന്നു. അതിനൊരു കാരണം, കുന്ദേര പറയുന്നത്, കലയുടെ ചരിത്രം എന്നാല്, മനുഷ്യത്വത്തിന്റെ തന്നെ ചരിത്രത്തിലെ ആള്മാറാട്ടത്തിനെതിരെയുള്ള മനുഷ്യന്റെ പ്രതികാരമാകുന്നു എന്നാണ്. അതിന്റെ വൈയക്തിക സ്വഭാവം കൊണ്ടുതന്നെ എന്നാണ്.

സമൃദ്ധമായ ആലോചനകള്കൊണ്ട് നമ്മുടെ അനുഭൂതിയെത്തന്നെ പുതുക്കുന്ന ഒരെഴുത്ത്, മിലാന് കുന്ദേര, എപ്പോഴും നൽകുന്നു. അല്ലെങ്കിൽ മറവിയിലല്ല അദ്ദേഹത്തിന് വയസ്സായതും ഇപ്പോൾ അദ്ദേഹം മരിക്കുന്നതും. ധർമ്മാധർമ്മ വിചാരങ്ങളിൽ കുന്ദേരയുടെ കല കുടുങ്ങി കിടന്നതുമില്ല.

(മുമ്പ് എഴുതിയ ഒരു ലേഖനത്തിന്റെകൂടി ഓർമ്മയിൽ)

dot image
To advertise here,contact us
dot image