ഞാൻ ആദ്യം വായിക്കുന്നത് The Joke, അതു തന്നെയാണ് അദ്ദേഹത്തിൻ്റെ ആദ്യ നോവലും, 1979 ലോ 80 ലോ മറ്റോ ആകണം ആ വായന. ലുഡ് വിക് എന്നൊരു യുവാവിൻ്റെ വളർച്ചയുടെ കഥ പറയുന്ന ആ കൃതി, നല്ല ഒരു നോവൽ എന്നതിനപ്പുറം ഉള്ളിൽ ഇളക്കങ്ങൾ എന്തെങ്കിലും ഉണ്ടാക്കിയോ എന്ന് തീർച്ചയില്ല. എന്നാൽ, ആറോ ഏഴോ വർഷങ്ങൾക്ക് ശേഷം, "അവൾ ഒരു കുഞ്ഞാണെന്ന് റ്റോമസിന് തോന്നി, മേലാകെ കുമ്മായം പൂശി, മുള കൊണ്ടുള്ള തൊട്ടിയിൽ കിടത്തി, തൻ്റെ കട്ടിൽക്കരയിൽ കണ്ടെടുക്കാനായി, ആരോ നദിയിലൊഴുക്കിവിട്ട ഒരു കുഞ്ഞ് " (She seemed a child to him, a child someone had put in a bulrush basket daubed with pitch and sent downstream for Tomas to fetch at the riverbank of his bed) എന്ന് വായിച്ചപ്പോൾ, പഴയ നിയമത്തിൽ കുഞ്ഞുമോസസിനെ ഫറവോയുടെ മകൾ നദിക്കരയിൽ കണ്ടെത്തിയതുപോലെ തെരേസയെ തൻ്റെ കട്ടിലിൻ്റെ കരയിൽ നിന്ന് റ്റോമസ് കണ്ടെടുക്കുന്നതിനെ കുറിച്ച് വായിച്ചപ്പോൾ, അതുവരെ അനുഭവിക്കാത്ത ഒരു ലാവണ്യധാര കണ്ടെത്തിയെന്ന് എനിക്ക് തിരിച്ചറിവായി. Unbearable Lightness of Being എന്ന കൃതി അത്ര മാത്രം ആവേശിച്ചു അക്കാലത്ത്.
ഞാൻ ഇതെഴുതുമ്പോൾ ആ മനുഷ്യൻ പാരീസിലെ വീട്ടിൽ വച്ച്, വാർദ്ധക്യം കൊടുത്തേൽപ്പിച്ച രോഗങ്ങൾ മൂലം മരണമടഞ്ഞു എന്ന വാർത്ത സാംസ്ക്കാരിക ലോകം മുഴുവൻ അറിഞ്ഞു കാണണം. ആ നഗരത്തിൽ ഏതോ ഒരിടത്ത് lying in state എന്ന അവസ്ഥയിലായിരിക്കണം, ഒരു സംഗീതജ്ഞൻ്റെ മകനായി ജനിച്ച്, ഇടക്കാലത്തെങ്കിലും സംഗീതജ്ഞനായി ജോലി ചെയ്ത്, ആധുനിക യൂറോപ്യൻ നോവൽ സാഹിത്യത്തിലെ ഏറ്റവും മനോഹരമായ കൃതികളിലൊന്ന് സൃഷ്ടിച്ച മിലൻ കുന്ദേര.
അത് മാത്രമല്ല കുന്ദേരയുടെ സംഭാവന. നോവൽസാഹിത്യത്തെക്കുറിച്ച് എഴുതപ്പെട്ട ഏറ്റവും മൗലികമായ ലേഖന സമാഹാരങ്ങളിലൊന്ന്, "The Art of Novel" എന്ന കൃതി, അദ്ദേഹത്തിൻ്റേതാണ്. എഴുത്തിൽ എഴുതപ്പെടാത്തതിൻ്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന കുന്ദേര, എഴുത്തുകാരൻ്റെ വീക്ഷണത്തെ വായനക്കാർ പൂരിപ്പിക്കുന്നതായി ആ പുസ്തകത്തിൽ എഴുതുന്നുണ്ട്. അക്കാര്യം അദ്ദേഹത്തിൻ്റെ കൃതികളിൽ വായനക്കാർ പലതലങ്ങളിലായി വായിച്ചറിയുന്നു. സാഹിത്യത്തിൻ്റെ ഈ ഭാവത്തെ ഒട്ടും ആഴമില്ലാത്ത കാഴ്ചകൾ കൊണ്ട് മറച്ചു കളഞ്ഞു എന്നത് കൊണ്ടാണ്, ഡാനിയൽ ഡേ ലൂയിസിനേയും ജൂലിയറ്റ് ബിനോഷെയേയും മുന്നിൽ നിർത്തി, ഫിലിപ്പ് കോഫ്മാൻ Unbearable Lightness of Being സിനിമയാക്കിയപ്പോൾ കുന്ദേരയ്ക്ക് അതിഷ്ടപ്പെടാതെ പോയത്, ഇതിയൊരിക്കലും തൻ്റെ ഒരു കൃതിയും സിനിമയാക്കാൻ അനുവദിക്കില്ല എന്ന് വാശി പിടിച്ചത്.
പറയാൻ മറ്റൊന്ന് കൂടിയുണ്ട്. തീക്ഷ്ണമായ രാഷ്ട്രീയബോധം മൂലം, കൂട്ടത്തേയും രാജ്യത്തേയും വിട്ടോടേണ്ടി വന്ന കുന്ദേര, സ്വന്തം സ്വാതന്ത്ര്യബോധത്തിനു വേണ്ടി തൻ്റെ എഴുത്തിനെ ഒരു പരിധി വരെ ബലി കൊടുത്തു എന്ന് പറയുന്നവരും ഉണ്ടാകാം.
ഒരു ഏപ്രിൽ ഫൂൾ ദിനത്തിൽ ജനിച്ച കുന്ദേരയ്ക്ക്, തൻ്റെ ജീവിതകാലത്ത്, ഏറ്റവും മുൻനിരയിൽ പെട്ട എഴുത്തുകാരനായിരുന്നിട്ടും, സമ്മാനത്തിനായി പലവട്ടം പരിഗണിക്കപ്പെട്ടിട്ടും, അതിന് തീർത്തും അർഹതയുണ്ടായിരുന്നിട്ടും, ഒരിക്കൽ പോലും നോബൽ സമ്മാനം ലഭിച്ചില്ല. ആധുനിക എഴുത്തുകാരിൽ നോബൽ ലഭിക്കാത്ത ഏറ്റവും മഹാനായ സാഹിത്യകാരൻ എന്ന പദവിയ്ക്ക് ബോർഹസിനൊപ്പം, അല്ലെങ്കിൽ തൊട്ടു പുറകിലെങ്കിലും, ആയിരിക്കും മിലൻ കുന്ദേരയുടെ സ്ഥാനം.