നിറങ്ങളുടെ ഭംഗിയിൽ മനുഷ്യരായി മാറിയ ദൈവങ്ങൾ; രവി വർമ്മ ചിത്രങ്ങൾ സങ്കൽപങ്ങളെ തിരുത്തിയെഴുതിയ വിധം

അന്നുവരെയുണ്ടായിരുന്ന ചിത്രങ്ങളിൽ നിന്നും സങ്കൽപ്പങ്ങളിൽ നിന്നും വ്യത്യസ്തമായി രവിവർമ്മ ചിത്രങ്ങളിൽ ദേവതമാർക്കും ദേവൻമാർക്കും സാധാരണക്കാരുടെ മുഖമായി. ആൾക്കൂട്ടങ്ങൾക്കിടയിലെ മുഖങ്ങളായി മാറിയതോടെ രവിവർമ്മ ചിത്രങ്ങൾക്കും അമാനുഷികമല്ലാത്ത, ജനകീയത ലഭിക്കുകയായിരുന്നു.

ജിതി രാജ്
4 min read|02 Oct 2023, 07:51 am
dot image

ഹംസദമയന്തീ സംവാദം, ലക്ഷ്മീ ദേവി, സൈരന്ധ്രി, ശകുന്തള, ഇന്ത്യൻ പുരാണങ്ങളിലെ ദൈവസങ്കൽപ്പങ്ങൾ അമാനുഷികതയിൽ നിന്ന് സിൽക്ക് കുപ്പായങ്ങളും സ്വർണാഭരണങ്ങളുമണിഞ്ഞ് മാനുഷികതയിലേക്ക് ഇറങ്ങിവന്നു, നിറങ്ങളുടെ ഭംഗിയിൽ മനുഷ്യരായി മാറിയ ദൈവങ്ങൾ രവിവർമ്മ ചിത്രങ്ങളായി. രാജാരവിവർമ്മയെന്ന ചിത്രകാരൻ ഇന്ത്യൻ പുരാണ സങ്കൽപ്പത്തിന് നൽകിയ മാനുഷികത അദ്ദേഹത്തിന്റെ ചിത്രങ്ങളോളം മനോഹരവും അത്ഭുതവുമാണ്. അന്നുവരെയുണ്ടായിരുന്ന ചിത്രങ്ങളിൽ നിന്നും സങ്കൽപ്പങ്ങളിൽ നിന്നും വ്യത്യസ്തമായി രവിവർമ്മ ചിത്രങ്ങളിൽ ദേവതമാര്ക്കും ദേവൻമാര്ക്കും സാധാരണക്കാരുടെ മുഖമായി. ആൾക്കൂട്ടങ്ങൾക്കിടയിലെ മുഖങ്ങളായി മാറിയതോടെ രവിവർമ്മ ചിത്രങ്ങൾക്കും അമാനുഷികമല്ലാത്ത, ജനകീയത ലഭിക്കുകയായിരുന്നു.

ഇന്ത്യൻ വിഗ്രഹസങ്കൽപ്പങ്ങളെ പാശ്ചാത്യ ശൈലിയുമായി സംയോജിപ്പിച്ച ആദ്യ ഇന്ത്യൻ ചിത്രകാരനാണ് രാജാരവിവർമ്മ. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇന്ത്യൻ സാഹിത്യത്തെയും സംഗീതത്തെയും സിനിമകളെയും പരസ്യങ്ങളെയും വസ്ത്രസങ്കൽപ്പങ്ങളെയും എന്തിന് കോമിക് പുസ്തകങ്ങളെ വരെ സ്വാധീനിച്ചു. ദൈവ സങ്കൽപ്പങ്ങളെ മണ്ണിലേക്കിറക്കിയ കലാകാരനെന്നതിനോടൊപ്പം തന്നെ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും സുന്ദരികളായ സ്ത്രീകളുടെയും നിത്യ ജീവിതത്തിൽ നിന്നുള്ള സ്റ്റുഡിയോ സ്റ്റൈൽ പോർട്രൈയ്റ്റുകളും രാജാരവിവർമ്മയുടെ ഛായങ്ങളിൽ നിന്ന് പിറന്നു. 7000 ഓളം ചിത്രങ്ങളാണ് അനിതരസാധാരണമായ ആ ജീവിതകാലത്ത് പിറന്നത്.

ഇന്ത്യൻ സൗന്ദര്യശാസ്ത്ര സങ്കൽപ്പത്തെ രാജാരവിവർമ്മയുടെ നിറക്കൂട്ടുകൾ സ്വാധീനിച്ചുവെന്ന് പറഞ്ഞാൽ അതിശയോക്തിയാകില്ല. ചിത്രങ്ങൾക്ക് തീവ്രത നൽകാൻ അദ്ദേഹം ടെക്സ്ചറും ലൈറ്റും ഷാഡോയും ഉപയോഗിച്ചു. വസ്ത്രം, ആഭരണം, പശ്ചാത്തലത്തിലെ ഉപകരണങ്ങൾ, എന്നിവയുടെ സൂക്ഷ്മാവിഷ്കാരം ചിത്രങ്ങൾക്ക് കൂടുതൽ വ്യാപ്തി നൽകി. രവിവർമ്മ ചിത്രങ്ങളിൽ നിന്ന് സിൽക്ക് സാരിയുരയുന്ന ശബ്ദം കേൾക്കാമെന്ന പറച്ചിൽ പോലുമുണ്ട്. ഇന്ത്യൻ സിനിമയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹേബ് ഫാൽക്കെയുടെ സിനിമകൾക്ക് രവിവർമ്മ ചിത്രങ്ങൾ പ്രചോദനമായിരുന്നു. ഫാൽക്കെയുടെ സിനിമകളിൽ രവിവർമ്മ ചിത്രങ്ങളുടെ സ്വാധീനം കാണാം. 1913 ൽ പുറത്തിറങ്ങിയ ഫാൽക്കെയുടെ ആദ്യ ചിത്രം രാജാ ഹരിശ്ചന്ദ്രയും പിന്നീട് വന്ന കാളിയമർദനും ഇതിന് ഉദാഹരണം.

ചിത്രങ്ങൾ വരച്ചുകൊണ്ട് മാത്രമല്ല, രവിവർമ്മ ജനകീയനായത്, അദ്ദേഹം ഇന്ത്യയിൽ ഓലിയോഗ്രാഫി കൊണ്ടുവന്നു. ഓയിൽ പെയിന്റിങ്ങുകളുടെ കോപ്പി പ്രിന്റ് ചെയ്യുന്ന സംവിധാനമാണ് ഓലിയോഗ്രാഫി. തന്റെ എണ്ണച്ചായ ചിത്രങ്ങൾ പ്രിന്റ് ചെയ്ത് പ്രചരിപ്പിച്ചു. കലണ്ടർ ആർട്ട് ഇന്ത്യയിൽ ജനകീയമാക്കി. 1894 ലാണ് വർമ്മ ലിത്തോഗ്രാഫിക് പ്രിന്റിംഗ് പ്രസ് തുടങ്ങുന്നത്. അങ്ങനെ പുരാണങ്ങളിലെ ദൈവങ്ങളുടെ ഓയിൽ പെയിന്റ് പ്രിന്റുകൾ ഓരോ വീട്ടിലെയും ചുമരുകളിലും പൂജാ മുറികളിലും സ്ഥാനം പിടിച്ചു. തീപ്പെട്ടിയുടെ ലേബലുകളിലും പിച്ചർ പോസ്റ്റ് കാർഡുകളിലും എന്തിന് പരസ്യങ്ങളിൽ വരെ അദ്ദേഹത്തിന്റെ പെയിന്റിംഗുകൾ പ്രത്യക്ഷപ്പെട്ടു. ഇതുവഴി രവിവർമ്മ ചിത്രങ്ങൾ ലക്ഷക്കണക്കിന് ഇന്ത്യക്കാരിലേക്കെത്തി, സാധാരണ ജനങ്ങൾക്ക് ചിത്രകലയുടെ സൗന്ദര്യം സുപരിചിതമായി. പുരാണ ചിത്രങ്ങളുടെ ഭീമമായ ഉത്പാദനം എല്ലാവർക്കും ചിത്രങ്ങൾ വാങ്ങാം എന്നതിലേക്കെത്തുകയും മതബിംബങ്ങൾ സാധാരണ ജനങ്ങൾക്കും പ്രാപ്യമാവുകയും അതുവഴി ജാതിശ്രേണിയെ ചോദ്യം ചെയ്യുകയും ചെയ്തു.

എന്നാൽ രവിവർമ്മയുടെ ജീവിതം അദ്ദേഹത്തിന്റെ ചിത്രങ്ങൾ പോലെ സുന്ദരമായിരുന്നില്ല. പലവിധ ആരോപണങ്ങളും പ്രതിസന്ധികളും അദ്ദേഹം നേരിട്ടു. രവിവർമ്മ ചിത്രങ്ങൾ എല്ലാവരും ഒരുപോലെ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നില്ല. മിക്ക ചിത്രങ്ങൾക്കും അദ്ദേഹം നേരിടേണ്ടി വന്നത് വലിയ ആക്ഷേപങ്ങളാണ്. ആസക്തരായ സ്ത്രീകളാണ് രവിവർമ്മ ചിത്രങ്ങളിലേതെന്നതാണ് ഇതിൽ പ്രധാനം. അന്നത്തെ യാഥാസ്ഥിതിക ഇന്ത്യൻ പശ്ചാത്തലത്തിൽ സുതാര്യമായ വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന സ്ത്രീ രൂപങ്ങൾ ചിത്രങ്ങളിൽ പോലും അംഗീകരിക്കപ്പെടുമായിരുന്നില്ല. രവിവർമ്മയുടെ ചിത്രങ്ങളിലെ സ്ത്രീകളോ അത്രമേൽ ശരീരസൗന്ദര്യം പ്രകടമാകുന്ന വസ്ത്രങ്ങളിലാണ് അവതരിപ്പിക്കപ്പെട്ടത്. ശന്തനുവും സത്യവതിയും, മഹാശ്വേത, മോഹിനി, വിശ്വാമിത്ര മേനക, വസന്തിക ഇങ്ങനെ സ്ത്രീ സൗന്ദര്യം വരച്ചിട്ട ചിത്രങ്ങളെല്ലാം യാഥാസ്ഥിതികരെ ചൊടിപ്പിച്ചവയിൽ ഉൾപ്പെടും.

പാരമ്പര്യവും ഇതിഹാസവുമാണ് രവിവർമ്മ ചിത്രങ്ങളിലുള്ളതെന്നും ചിത്രങ്ങൾ കാലാതിവർത്തിയല്ലെന്നുമുള്ള വിമർശനവും അദ്ദേഹത്തിനെതിരെ നിലനിൽക്കുന്നു. താരതമ്യേന നിറം കുറഞ്ഞ ഇന്ത്യയിലെ സ്ത്രീകളെ പാശ്ചാത്യ ചിത്രങ്ങളിലെ സ്ത്രീകളുടെ നിറങ്ങളുടേതിന് സമാനമായി വെള്ള നിറത്തിലാണ് വരയ്ക്കുന്നതെന്നത് മറ്റൊരു ആരോപണം. ചിത്രങ്ങൾക്ക് മോഡലുകളാകുന്നത് ഇരു നിറത്തിലുള്ള സ്ത്രീകളായിരിക്കെ തന്നെ അവരുടെ നിറം വെളുപ്പാക്കിയെന്നും ഇതോടെ ചിത്രങ്ങളുടെ സ്വാഭാവികത നഷ്ടപ്പെട്ടുവെന്നുമാണ് വിമർശനം.

കവയിത്രിയായ ഉമയാംബ തമ്പുരാട്ടിയും സംസ്കൃതപണ്ഡിതനായ എഴുമാവിൽ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെയും മകനായി 1848 ഏപ്രിൽ 29-ാം തീയതി കിളിമാനൂർ കൊട്ടാരത്തിലാണ് രാജാരവിവർമ്മ ജനിച്ചത്. ചെറുപ്പത്തിലെ ചിത്രകലയോട് ഏറെ താത്പര്യം കാണിച്ചിരുന്ന രവിവർമ്മ, ചുമരിൽ കോറിയിട്ടിരുന്ന വരകൾ കണ്ട് അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ അമ്മാവൻ രാജരാജ വർമ്മയാണ് ചിത്രകല അഭ്യസിപ്പിക്കുന്നത്.

മധുരയിലെ ചിത്രകാരനായ രാമസ്വാമി നായ്ക്കർ രവിവർമ്മയെ എണ്ണച്ചായ ചിത്രകല പഠിപ്പിക്കാൻ തയ്യാറായില്ല. എന്നാൽ സഹായി അറുമുഖൻ പിള്ളയുടെ ശിക്ഷണവും തന്റെ സ്വതസിദ്ധമായ കഴിവും അദ്ദേഹത്തെ എണ്ണച്ഛായ ചിത്രകലയിൽ പ്രാവീണ്യമുള്ളവനാക്കി. പിന്നീട് ഡാനിഷ് ചിത്രകാരൻ തിയഡോർ ജെൻസണിൽ നിന്നാണ് ചിത്രകല പഠിക്കുന്നത്. നിരന്തരമായ പരിശ്രമങ്ങൾ കൊണ്ട് തന്റെ കഴിവ് രവിവർമ്മ രാകിമിനുക്കി. താഴ്ന്ന ജാതിക്കാരുടെ ഉപജീവനമാർഗമായാണ് അന്നുള്ളവർ ചിത്രകലയെ കണ്ടിരുന്നത്. അതുകൊണ്ടുതന്നെ, രാജകുടുംബമായ രവിവർമ്മ, ചിത്രകല ഉപജീവനമാക്കാൻ തീരുമാനിച്ചത് വലിയ ഒച്ചപ്പാടുകളുണ്ടാക്കി. എന്നാൽ അന്നത്തെ മഹാരാജാവിന്റെ പിന്തുണ എല്ലാ ബുദ്ധിമുട്ടുകളെയും തരണം ചെയ്ത് തന്റെ ആഗ്രഹത്തിനൊപ്പം ചിത്രകാരനായി വളരാൻ രവിവർമ്മയ്ക്ക് പ്രോത്സാഹനമായി.

രവിവർമ്മ എണ്ണച്ചായത്തിൽ തീർത്ത ബക്കിങ്ങ്ഹാം പ്രഭുവിന്റെ ഛായാചിത്രം മദ്രാസ് ഗവൺമന്റ് ആസ്ഥാനത്ത് സ്ഥാപിച്ചു. രവിവർമ്മയുടെ ജീവിതത്തിലെ നാഴികക്കല്ലാവുകയായിരുന്നു ഇത്. 1871ൽ മഹാരാജാവിൽ നിന്ന് വീരശൃംഖല നേടുകയും ആസ്ഥാന ചിത്രകാരനായി അവരോധിക്കപെടുകയും ചെയ്തു. 1873ൽ മദ്രാസിൽ നടന്ന ചിത്രകലാപ്രദർശനത്തിൽ 'മുല്ലപ്പൂ ചൂടിയ നായർ വനിത'യ്ക്ക് ഒന്നാം സമ്മാനമായ സുവർണമുദ്ര ലഭിച്ചു. ഇതേ വർഷം വിയന്നയിൽ നടന്ന പ്രദർശനത്തിലും 'മുല്ലപ്പൂ ചൂടിയ നായർ വനിത'യ്ക്ക് തന്നെയായിരുന്നു ഒന്നാം സമ്മാനം.

1874ലും മദ്രാസിലെ കലാപ്രദർശനത്തിൽ രവിവർമ്മയ്ക്കായിരുന്നു സമ്മാനം. 'തമിഴ്സ്ത്രീയുടെ ഗാനാലാപനം' എന്ന ചിത്രമാണ് പുരസ്കാരത്തിനർഹമായത്. 1876ൽ 'ശകുന്തളയുടെ പ്രേമലേഖനം' മദ്രാസ് കലാപ്രദർശനത്തിൽ വാഴ്ത്തപ്പെട്ടു. ഇവിടെ വച്ച് ചിത്രം കണ്ട് ഇഷ്ടപ്പെട്ട സർ മോണിയർ വില്യംസ് അദ്ദേഹത്തിന്റെ അഭിജ്ഞാന ശാകുന്തളം ഇംഗ്ലീഷ് പരിഭാഷയ്ക്ക് കവർ ഇമേജായി ഉപയോഗിച്ചത് 'ശകുന്തളയുടെ പ്രേമലേഖനം' ആയിരുന്നു. അങ്ങനെ രവിവർമ്മൻ ചിത്രങ്ങൾ ലോകത്താകമാനം ശ്രദ്ധിക്കപ്പെട്ടു. 1880ൽ പൂനെയിൽ നടന്ന ചിത്രപ്രദർശനത്തിലും രവിവർമ്മ ഒന്നാമതെത്തി. ബറോഡ രാജാവിന്റെ സ്ഥാനാരോഹണത്തിന് അതിഥിയായി.

1890-ൽ രവിവർമ്മയുടെ 14 ചിത്രങ്ങൾ തിരുവനന്തപുരത്ത് പ്രദർശിപ്പിക്കപ്പെട്ടു. പിന്നീട് മുംബൈയിലേക്ക് താമസം മാറി. ബറോഡ രാജാവ് തന്റെ സ്വന്തം ചെലവിലാണ് രവിവർമ്മയുടെ ചിത്ര പ്രദർശനം നടത്തിയത്. രവിവർമ്മ ചിത്രങ്ങളുടെ ഏറ്റവും വലിയ സ്വകാര്യ ശേഖരം ഇപ്പോഴും ബറോഡ രാജകുടുംബത്തിന്റെ പക്കലാണ്. 1893-ൽ ഷിക്കാഗോവിൽ നടന്ന ലോകമേളയിൽ ഇന്ത്യയിൽ നിന്നുള്ള രണ്ട് പേർ ഒന്നാമതെത്തി. ചിത്രകലയിൽ രവിവർമ്മയും പ്രഭാഷണത്തിൽ സ്വാമി വിവേകാനന്ദനും. 1897ൽ മുംബൈയിൽ പ്ലേഗ് വ്യാപിച്ചതോടെ പ്രിന്റിംഗ് പ്രസ് വിറ്റശേഷം അദ്ദേഹം നാട്ടിലെത്തി. 1904ൽ, സഹോദരൻ രാജ രാജ വർമ്മയുടെ മരണം രവിവർമ്മയെ തളർത്തി. ചിത്രങ്ങൾ പലതും പിന്നീട് വരച്ചെങ്കിലും 'പാഴ്സി ലേഡി' എന്ന ചിത്രം പൂർത്തിയാക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. പ്രമേഹരോഗം ബാധിച്ചിരുന്ന അദ്ദേഹം, രോഗം മൂർച്ഛിച്ച് 1906 ഒക്ടോബർ 2ന് അന്തരിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us