സ്വത്വം തിരിച്ചറിഞ്ഞവര്ക്ക് പൂതപ്പാട്ടിന്റെ വിശദീകരണം

ഒരു കഥാപരിസരത്തിലേക്ക് ഒട്ടനവധി ജീവിതങ്ങള് വന്നുനിറയുമ്പോഴാണ് അതിന് ഒരു നോവല് രൂപമുണ്ടാകുന്നത്. കണ്ണന്റെ ജീവിതത്തിലേക്ക് സമാന ദുരിതജീവിതം പേറുന്ന കുറെപ്പേരും ചേരുമ്പോള് 'ദ്വന്ദ്വം ഏകം സര്വ്വം' രൂപപ്പെടുന്നു.

അരുണ്‍ ടി വിജയന്‍
2 min read|20 Nov 2023, 01:30 pm
dot image

കായല്ക്കരയിലെ പൈങ്കുളമെന്ന ഗ്രാമവും അവിടുത്തെ അമ്മക്കാവും ഉള്പ്പെടുന്ന കഥാന്തരീക്ഷമാണ് രതീഷ് ബാബു എസിന്റെ 'ദ്വന്ദ്വം ഏകം സര്വ്വം' എന്ന നോവല്. ഒരമ്മയുടെ സ്നേഹത്തോടെ ഒരു കുഞ്ഞിനെ ആഗ്രഹിച്ച പൂതത്താന് അമ്മ രൂപത്തില് കുടിയിരുന്ന കാവ് എന്ന വിശ്വാസത്തിലാണ് അമ്മക്കാവെന്ന പേര് വന്നതെന്ന് പൈങ്കുളത്ത് പ്രചരിച്ചിരുന്ന ഒരു പഴങ്കഥയായിരുന്നു. സ്വന്തം കുഞ്ഞിന് വേണ്ടി ഭൂതത്തോട് എതിര്ത്തു നില്ക്കേണ്ടി വന്ന ഒരമ്മയുടെ കണ്ണുകളില് നിന്നൂറിയ ചോരത്തുള്ളികളില് നിന്നാണ് ചുവന്ന അരളിപ്പൂക്കളും ചെമ്പരത്തികളും തിങ്ങിയ കാവ് പടര്ന്നുപന്തലിച്ചതെന്നാണ് മറ്റൊരു വിശ്വാസം. ഈ പഴങ്കഥകളും വിശ്വാസങ്ങളും എല്ലാം ചേര്ന്ന അമ്മപ്പൂതമെന്ന മിത്തിനെ കൂട്ടുപിടിച്ചാണ് രതീഷ് ബാബു ഈ നോവല് എഴുതിയിരിക്കുന്നത്.

ചില കാഴ്ചകളും വ്യക്തികളും യാത്രകളും കേട്ടറിഞ്ഞ മിത്തുകളുമൊക്കെ ഈ നോവലിന് കാരണമായെന്ന് പറയുമ്പോഴും കുട്ടിക്കാലത്തെ നമ്മുടെയെല്ലാമുള്ളില് ഉറച്ചുപോയ ഇടശ്ശേരിയുടെ പൂതപ്പാട്ടിനും ഈ നോവലിന്റെ രചനയില് സ്വാധീനം ചെലുത്താനായെന്ന് രതീഷ് ബാബു തന്നെ സമ്മതിക്കുന്നു. നോവല് വായനയില് പൂതപ്പാട്ട് കവിതയിലെ അമ്മയും, പൂതവും, ഉണ്ണിയുമെല്ലാം വായനക്കാരിലേക്കും ഒരു വിങ്ങലായി കടന്നു വരും.

'മനുഷ്യന് മതങ്ങളെ സൃഷ്ടിച്ചു...' വിപ്ലവവും പ്രണയവും ഒഴുകിയ വരികൾ, ഓർമ്മയിൽ വയലാര്

കണ്ണനെന്ന എട്ട് വയസ്സുകാരന് തന്റെ അമ്മയെ നഷ്ടമായ രാത്രിയില് നിന്നാണ് നോവല് തുടങ്ങുന്നത്. എന്നാല് ഒപ്പംതന്നെ പൈങ്കുളത്തുകാവ് ഭഗവതീ ക്ഷേത്രത്തിന്റെ വര്ത്തമാനകാലത്തിലേക്കും നോവല് സഞ്ചരിക്കുന്നു. ഇരുപത് വര്ഷം മുമ്പ് കണ്ണന്റെ അമ്മ സുനന്ദയുടെയും അവരെ കൊന്ന രണ്ടാം ഭര്ത്താവിന്റെയും മൃതദേഹങ്ങള് കായലില് നിന്നും കാവില് നിന്നും കണ്ടുകിട്ടി. രണ്ട് ദിവസത്തിന് ശേഷം പെയ്ത മഴയും പിന്നീടുണ്ടായ പ്രളയവും വേലിയേറ്റവുമെല്ലാം നാട്ടുകാരുടെ മനസ്സില് നിന്നും ആ മൃതദേഹങ്ങളെക്കുറിച്ചുള്ള ഓര്മ്മകള് തുടച്ചു കളഞ്ഞു. അതുമാത്രമല്ല ശ്രീകോവിലോ കാവലിന് ദ്വാരപാലകരോ ഇല്ലാതെ, തുണയായി മനുഷ്യനായി ജനിച്ച ആരുമില്ലാതെ, എന്നാല് വിളിച്ച് തൊഴുന്നവരെയെല്ലാം സ്വയം തുണച്ചുകാണ്ട് കാവിനുള്ളിലെ ചെമ്പകമരത്തിന് കീഴിലെ കല്ത്തറയില് ചുവന്ന പട്ടുടുത്ത് ഒറ്റക്കല് പ്രതിഷ്ഠയായി നിന്ന പൈങ്കുളത്തുകാരുടെ ആദിദൈവം അമ്മപൂതവും അപ്രത്യക്ഷയായി.

ഗ്രാമത്തിലേക്ക് അധിനിവേശം നടത്തിയ നഗരവും പൈങ്കുളത്തുകാരുടെ പെട്ടെന്നുള്ള ആ മറവിക്ക് കാരണമായി. കാലം പൈങ്കുളം കായലിലെ കന്നാലിച്ചാലിലെ തെളിനീരിന് പകരം നഗര മാലിന്യങ്ങളുടെ കറുത്ത പ്രവാഹത്തെ എത്തിച്ചു. തൊണ്ണൂറുകാരനായ നാണുമൂപ്പന്റെ നരച്ച ഓര്മ്മകളില് മാത്രമാണ് ഇന്ന് അമ്മപ്പൂതമുള്ളത്. ഇരുപത് വര്ഷങ്ങള്ക്കിപ്പുറമുള്ള കഥയില് കണ്ണന് മനസ്സില് ഒരു സ്ത്രൈണത ഒളിപ്പിച്ചിരിക്കുന്ന പുരുഷനാണ്. കുഞ്ഞുങ്ങളെ സ്നേഹിക്കാന് കൊതിച്ച് അമ്മ വേഷം കെട്ടിയ അമ്മപ്പൂതത്തെപ്പോലെ ഘോഷയാത്രകളില് സ്ത്രീരൂപം കെട്ടിയാണ് അവന് ജീവിക്കുന്നത്. നോവലിലെ ഒരു കഥാപാത്രമായ ഗംഗന് പറയുംപോലെ 'ആണും പെണ്ണും ഒരേ ശരീരത്തിലായിപോയാല് അവന് പിന്നെ മറ്റുള്ളവര്ക്ക് ആണ്ണും പെണ്ണും കെട്ടവരാണ്. ചവിട്ടിയരയ്ക്കാനുള്ള പാഴ്ജന്മങ്ങള്. കണ്ണന്റെ ചവിട്ടിയരയ്ക്കപ്പെടുന്ന ജീവിതത്തിലൂടെയാണ് നോവല് പുരോഗമിക്കുന്നത്.

എഴുത്തിൽ എഴുതപ്പെടാത്തതിൻ്റെ പ്രാധാന്യം; മിലൻ കുന്ദേരയെക്കുറിച്ച്

ഒരു കഥാപരിസരത്തിലേക്ക് ഒട്ടനവധി ജീവിതങ്ങള് വന്നുനിറയുമ്പോഴാണ് അതിന് ഒരു നോവല് രൂപമുണ്ടാകുന്നത്. കണ്ണന്റെ ജീവിതത്തിലേക്ക് സമാന ദുരിതജീവിതം പേറുന്ന കുറെപ്പേരും ചേരുമ്പോള് 'ദ്വന്ദ്വം ഏകം സര്വ്വം' രൂപപ്പെടുന്നു. പാര്ശ്വവല്ക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതവും ഇതോടൊപ്പമുണ്ട്. അടിച്ചമര്ത്തപ്പെടുന്ന മനുഷ്യരുടെ വേദന അടിച്ചമര്ത്തപ്പെടുന്നവര്ക്കേ അറിയൂ. ചതിയില്പ്പെട്ട് വേശ്യാതെരുവിലെത്തിയ രേണുവും സ്വത്വം വെളിപ്പെടുത്താനാകാതെ സമൂഹത്തില് ജീവിച്ച ഗംഗനുമൊക്കെ അത്തരത്തിലുള്ള ആളുകളാണ്.

സിനിമകളിലൂടെയായാലും നോവലുകളിലൂടെയായാലും കഥകളിലൂടെയായാലും മലയാളത്തില് അപരിചിതമായ ലോകമല്ല ഈ നോവലിലുള്ളത്. എന്നാല് അതിലേക്ക് മിത്ത് കലരുമ്പോള്, ആ ജീവിതങ്ങള്ക്ക് ഇവിടെയൊരു വിശദീകരണം ലഭിക്കുന്നു. എന്നാല് അവരുടെ ഒറ്റപെടലിന് വിശദീകരണം നല്കാന് ഇവിടെ മിത്തിനും ആകുന്നില്ല. പെരുമാള് മുരുകന്റെ അര്ദ്ധനാരീശ്വരനാണ് ഇത്തരത്തില് മിത്തിന്റെ വിശദീകരണത്തോടെ സമാന ജീവിതങ്ങളെ രേഖപ്പെടുത്തിയിട്ടുള്ളത്. അവിടെ പക്ഷെ മാറ്റി നിർത്തപ്പെടുന്നവരുടെ ജീവിതത്തിലെ ഒറ്റപ്പെടല് വേണ്ടത്ര രേഖപ്പെടുത്തിയിട്ടില്ലെന്ന് തോന്നുന്നു.

വിമർശന മൂർച്ചയുള്ള ജോക്ക്

എന്നാല് സ്വത്വം തിരിച്ചറിയുന്നവര്ക്ക് ഉള്ളില് അമ്മമനസ്സുള്ള മനുഷ്യന് എന്ന വിശദീകരണമാണ് ഈ നോവല് നല്കുന്നത്. ഒരുപക്ഷേ പൂതപ്പാട്ടിന് ശേഷം ഇത്തരമൊരു വിശദീകരണം നല്കുന്ന ആദ്യ സാഹിത്യകൃതി ഇതായിരിക്കും. രണ്ടാം നോവല് ആദ്യത്തേതിന്റെ നിഴലായി മാറരുത് എന്നായിരുന്നു തന്റെ ആഗ്രഹമെന്ന് എഴുത്തുകാരന് ആമുഖത്തില് വെളിപ്പെടുത്തിയിട്ടുണ്ട്. എഴുത്തുകാരന്റെ രണ്ടാം നോവലിന് രണ്ട് വര്ഷവും മൂന്ന് മാസവും കാലതാമസമെടുത്തതിന്റെ കാരണം ഈ നോവലിന്റെ ആഖ്യാനത്തില് നിന്ന് വ്യക്തമാണ്. മിത്തുകള് ഇഴചേര്ന്നു നില്ക്കുന്നതിന്റെ ആശയക്കുഴപ്പം ആസ്വാദനത്തിലുണ്ടെങ്കിലും തന്റെ ശക്തമായ ഭാഷയിലൂടെ അതിനെ മറികടക്കാന് എഴുത്തുകാരന് സാധിച്ചിരിക്കുന്നു.

പ്രകാശനത്തിന് മുമ്പേ ആദ്യ പതിപ്പ് വിറ്റു തീര്ന്നതിനാല് രണ്ടാം പതിപ്പാണ് ഈ പുസ്തകത്തിന്റെ പ്രകാശനമായി നടന്നത്. ഈ പുസ്തകത്തിന്റെ കവര് ചെയ്തിരിക്കുന്നത് സ്വത്വം തിരിച്ചറിഞ്ഞ കലാകാരി വീനസ് പോളാണ്. നോവലിലെ കഥയും കഥാപാത്രങ്ങളും വളരുന്ന കേരള സമൂഹത്തില് എക്കാലവും കാലിക പ്രസക്തമാണ്. അതിനാല്ത്തന്നെ ബാക്ക്ലാഷ് പബ്ലിക്ക പുറത്തിറക്കിയ പുസ്തകം വരും ദിവസങ്ങളില് കൂടുതല് ചര്ച്ചയാകുമെന്നും ഒട്ടനവധി എഡിഷനുകളുമായി നമ്മുടെ വായനാലോകത്തില് ഇടംപിടിക്കുമെന്നും ഉറപ്പ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us