ചിന്തകൾക്ക് വെളിയിൽ പോകാൻ മടിക്കുന്ന യാഥാര്ഥ്യം

പ്രതിഭകളുടെ കാര്യത്തിൽ നാമെപ്പോഴും ചിന്താക്കുഴപ്പത്തിൽ ചെന്നുപെടുന്നു, അവരുടെ സംഭാവനകളെ മാത്രം കണക്കിലെടുത്താൽ മതിയോ, അതോ അവരുടെ ജീവിതവും സ്വഭാവരീതികളും കീറിമുറിക്കപ്പെടേണ്ടതുണ്ടോ? - പീറ്റർ ഹാന്ഡ്കെയുടെ എഴുത്തിനെ കുറിച്ച് ജോജോ ആന്റണി എഴുതുന്നു

ജോജോ ആന്റണി
5 min read|12 Dec 2023, 11:32 am
dot image

ഹ്രസ്വമായ ഒരു കത്ത്.

"ഞാൻ ന്യൂയോർക്കിലുണ്ട്. ദയവായി എന്നെ തിരഞ്ഞു വരരുത്. എന്നെ കണ്ടു പിടിക്കുന്നത് നിങ്ങൾക്കത്ര നന്നാവില്ല.”

പീറ്റർ ഹാന്ഡ്കെയുടെ 1972 ൽ പ്രസിദ്ധീകൃതമായ ഒരു ചെറുനോവലിൻ്റെ തുടക്കത്തിലാണ് ഇത്തരമൊരു കത്ത് നാം കാണുന്നത്. തകർന്ന വിവാഹബന്ധത്തിൻ്റെ മുറിവുകളിൽ നിന്ന് ഒളിച്ചോടാനായി ഒരു എഴുത്തുകാരൻ - അയാൾ ഹാന്ഡ്കെയെ പോലെ ഓസ്ട്രിയക്കാരനാണ്, അല്ലെങ്കിൽ അത് ഹാന്ഡ്കെ തന്നെയാണോ? (ആദ്യ ഭാര്യ ലിബ്ഗാർട്ട് ഷ്വാട്സ് (Libgart Schwarz) നടിയായിരുന്നു, The Goalkeeper's Anxiety at the Penalty Kick സിനിമയാക്കിയപ്പോൾ അതിൽ നായികയായിരുന്നു, അവർ തമ്മിൽ പിരിയുന്നത് 1974ൽ ആണെങ്കിൽ പോലും) - അമേരിക്കയിലേക്ക് നടത്തുന്ന ഒരു യാത്രയ്ക്കിടയിലാണ് ഈ കത്ത് അയാൾക്ക് ലഭിക്കുന്നത്. കത്ത് വായിക്കുന്ന എഴുത്തുകാരൻ്റെ മനസ്സ് കൂടുതൽ കലുഷമാകുന്നു. കത്തിനെ തുടർന്നുള്ള ദിനങ്ങളാണ് ഈ നോവൽ. ആ ദിനങ്ങളുടെ പിരിമുറുക്കം മുൻഭാര്യയുമായുള്ള വേർപിരിയൽ നീണ്ടതും കൂടുതൽ സങ്കീർണ്ണവുമാക്കി. അതു തന്നെയാവും നോവലിന് ഹാന്ഡ്കെ "ഹ്രസ്വമായ കത്ത്, നീണ്ടുപോയ വിടവാങ്ങൽ" (Short Letter, Long Farewell) എന്ന പേര് നൽകിയത്.

രണ്ടധ്യായങ്ങളാണ് ഈ കൃതിയുടെ നീളം, അവയോരോന്നും ചെറു ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു. "ഹ്രസ്വമായ കത്ത്" ആണ് അധ്യായങ്ങളിൽ ആദ്യത്തേത്, പുറകെ "നീണ്ടുപോയ വിടവാങ്ങൽ". ആദ്യ അധ്യായത്തിൽ പങ്കാളിയുമായി പിരിഞ്ഞ നായകൻ്റെ ശിഥിലമായ തോന്നലുകളാണ് നിറയെ. പുതിയ ഒരു ജീവിതക്രമത്തിലേക്കുള്ള പരിണാമമായതിനാൽ ആശങ്കകളുണ്ട്, എന്നാൽ ഹിംസാത്മകമല്ല അവ. രണ്ടാമത്തെ അധ്യായത്തിലെത്തുമ്പോൾ, പഴയ പങ്കാളി - ജൂഡിത്ത് എന്നാണവളുടെ പേര് - പിന്തുടരുന്നുണ്ടെന്ന് മനസ്സിലാകുമ്പോൾ, ചിന്തകളിൽ കുറെയൊക്കെ അക്രമസ്വഭാവം കടന്നു വരുന്നു (ടൂസോൺ എയർ പോർട്ടിൽ വിമാനമിറങ്ങിയപ്പോൾ ജൂഡിത്തിൻ്റെ ബാഗ് കൺവേയർ ബെൽറ്റിൽ കണ്ടെത്തുന്ന ഭാഗം പ്രത്യേകം എടുത്ത് പറയണം).

സംഭവങ്ങളല്ല എഴുത്തുകാരന് പറയാനുള്ളത്, വിചാരങ്ങളാണിതിൽ നിറയെ. സംഭവങ്ങൾ തീർത്തും ഇല്ലെന്നല്ല, ഉള്ളവ തന്നെ സംഭവിക്കുകയാണോ വിചാരിക്കപ്പെടുകയാണോ എന്ന സന്ദേഹം വായനക്കാരിലുണ്ടാകും. അവയിൽ ചിലത് തികച്ചും സുന്ദരവുമാണ്.

സംഭവങ്ങളല്ല എഴുത്തുകാരന് പറയാനുള്ളത്, വിചാരങ്ങളാണിതിൽ നിറയെ. സംഭവങ്ങൾ തീർത്തും ഇല്ലെന്നല്ല, ഉള്ളവ തന്നെ സംഭവിക്കുകയാണോ വിചാരിക്കപ്പെടുകയാണോ എന്ന സന്ദേഹം വായനക്കാരിലുണ്ടാകും. അവയിൽ ചിലത് തികച്ചും സുന്ദരവുമാണ്. സിനിമ കണ്ടിറങ്ങുന്ന നായകൻ ഉയരം കൂടിയ നീല ജീൻസ് ധരിച്ച യുവതിയെ കണ്ടുമുട്ടുന്ന, അവരുമായി ഒരു കഫറ്റേരിയയിൽ കയറുന്ന, അവരെ പിരിഞ്ഞ് ഒരു മ്യൂസിക്കൽ കാണുവാൻ കയറുന്ന ഭാഗം ഒരുദാഹരണം. മറ്റൊരിടത്ത്, ഉറങ്ങാൻ കിടന്ന നായകൻ്റെ മുന്നിൽ കുളിമുറിയുടെ വാതിൽ ഒരു കുന്നിൻ ചെരിവിലുള്ള വീടായി മാറിപ്പോകുന്നതും കാണാം. ഫിലാഡെൽഫിയയിലെ ഹോട്ടൽ മുറിയിൽ വെച്ച് ഒരു മരിച്ച മനുഷ്യനെ താങ്ങിക്കൊണ്ടു പോകുന്നതിൻ്റെ കാഴ്ച്ചയുണ്ട് ഇനിയൊരിടത്ത്. ഇത്തരം മായക്കാഴ്ചകൾ ഒരുപാടാണ്, അവ യാഥാർഥ്യവുമായി ഇഴപിരിക്കാൻ ആവാത്തവിധം ചേർന്നു നിൽക്കുന്നു. ആ മാന്ത്രികത കൊണ്ടാണ് പള്ളിക്കകത്തെ കാഴ്ചകളിൽ അൾത്താരയുടെ മുകളിൽ പറക്കുന്ന പക്ഷിയെ കാണാനാവുന്നത്, ആ പക്ഷി മുമ്പെങ്ങോ ഉള്ള ഒരു ഓർമ്മയിലാണെങ്കിൽ പോലും - when I looked up at the altar, I saw, in memory, a swallow flying around it. അവസാനഭാഗങ്ങളിൽ ആകട്ടെ, ഈ കഥ നടക്കുന്ന കാലത്ത് 79 വയസ്സ് പ്രായമുള്ള അമേരിക്കൻ സംവിധായകൻ ജോൺ ഫോർഡ് കടന്നു വന്ന് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുന്നു.

1972 ഹാന്ഡ്കെയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വർഷമായിരുന്നു, സാഹിത്യപരമായി. ആ വർഷമാണ് The Goalkeeper's Anxiety at the Penalty Kick സിനിമയാകുന്നതും അമ്മയുടെ ആത്മഹത്യയെ കുറിച്ച് (തലേ വർഷം, ഉറക്കഗുളികകൾ കഴിച്ച് മരിയ ഹാന്റ്കെ സ്വന്തം ജീവനെടുത്തിരുന്നു) ഒരു നീണ്ട കുറിപ്പെഴുതുന്നതും. കൃത്യമായ വഴികളില്ലാതെ, ആരാലും - എഴുത്തുകാരനാൽ പോലും -  നിയന്ത്രിക്കപ്പെടാതെ, വളഞ്ഞും തിരിഞ്ഞും പൊയ്ക്കൊണ്ടിരുന്ന ആ കുറിപ്പ് 1972 ൽ പ്രസിദ്ധീകൃതമാകുന്നത് A Sorrow Beyond Dreams എന്ന പേരിൽ, ഒരു കുഞ്ഞു നോവലിൻ്റെ രൂപത്തിൽ. ആ കുറിപ്പിനു ശേഷമായിരിക്കണം ഹാന്ഡ്കെ "ഹ്രസ്വമായ കത്ത്..." എഴുതിത്തുടങ്ങിയത്. അത് ഈ കൃതിയുടെ തുടക്കത്തിലേ വെളിവാകുന്നുണ്ട്. അമേരിക്കയിലെ പ്രൊവിഡൻസ് എന്ന സ്ഥലത്ത് എത്തിയശേഷം ഒരു ദിവസം താമസിക്കുന്ന ഹോട്ടലിന് പുറത്തേക്കിറങ്ങുമ്പോൾ നായകൻ അമ്മയെ തിരയുന്നുണ്ട്, ഒരു കുന്നിലെ പാറക്കെട്ടിനടുത്ത്, അമ്മ താഴേക്ക് ചാടിക്കാണുമെന്ന് ഒരു ഞൊടി അയാൾക്ക് തോന്നുന്നു, പുറകെ ഒരു കൂട്ടം സ്ത്രീകൾ നടന്നു പോകുന്നതിനിടയിൽ അയാൾ അമ്മയെ കണ്ടെത്തുന്നുമുണ്ട്, റോഡ് കുറുകെ കടക്കുന്നതായി, റോഡിന് വട്ടം കടക്കുകയല്ല, പതിവുപോലെ ചെരിഞ്ഞ ഒരു രേഖയിലൂടെയാണ് അവർ റോഡ് മുറിച്ചുകടക്കുന്നത്.

ഹാന്ഡ്കെയുടെ എഴുത്തിൻ്റെ സവിശേഷതകളിലൊന്ന് തികച്ചും സാധാരണമെന്ന് തോന്നുന്ന കാര്യങ്ങളെ പോലും അദ്ദേഹം നിർവചിക്കുന്ന രീതിയാണ്, ആ രീതിയ്ക്കുള്ളിൽ പരസ്പരവിരുദ്ധങ്ങളായ രണ്ട് വാദങ്ങൾ എപ്പോഴും പോരടിക്കുന്നു.

ഹാന്ഡ്കെയുടെ എഴുത്തിൻ്റെ സവിശേഷതകളിലൊന്ന് തികച്ചും സാധാരണമെന്ന് തോന്നുന്ന കാര്യങ്ങളെ പോലും അദ്ദേഹം നിർവചിക്കുന്ന രീതിയാണ്, ആ രീതിയ്ക്കുള്ളിൽ പരസ്പരവിരുദ്ധങ്ങളായ രണ്ട് വാദങ്ങൾ എപ്പോഴും പോരടിക്കുന്നു. നോക്കൂ, ഫിലാഡെൽഫിയയിൽ നിന്നുള്ള യാത്രയ്ക്കിടെ - പഴയ കാമുകിയായ ക്ലെയറും മകളും കൂടെയുണ്ട് - നായകൻ കാമുകിയിൽ വന്ന മാറ്റത്തെ കുറിച്ച് ഇങ്ങനെ പറയുന്നു: "അടുത്ത ചിന്തയെന്തെന്നാണ് നിൻ്റെ ചിന്തയെപ്പോഴും എന്നാണ് നിന്നെ കണ്ടാൽ തോന്നുക" (ou look as if you are always thinking of what your next thought will be.)

ഇനി മറ്റൊന്ന്: "I'm more forgetful than before. No, it's not that, it's just that I remember less. Sometimes somebody tells me about something we did together a few days ago, but I just don't want to remember."

ഇനി ഒന്നുകൂടി: നായകനും കാമുകിയും യാത്രയിൽ തന്നെയാണ്. "I was sick of having to put distances behind me when I wanted to be somewhere else, and the pressure of Claire's foot on the accelerator struck me as absurd, even useless. At the same time, I wanted her to step on it and was tempted to prod her foot with the heel of my new shoe; my impatience grew so great that I could have murdered someone in my exasperation."

ഒന്നാം അധ്യായത്തിൻ്റെ അവസാനത്തെ ഖണ്ഡികയിൽ അസ്വസ്ഥമായ ഉറക്കത്തെ കുറിച്ച് ഇങ്ങനെയൊരു വാചകവും കാണാനാവും: "I slept uneasily, I stuck a knife into an overcooked chicken, which instantly fell apart, a fat woman and a thin woman stood side by side, the thin one melted into the fat one, they burst, a governess with a child walked on a knife blade into the open door of a subway car, there were special delivery letters, signs in the stand which a stupid gardener watered like flowers, plants that formed words, secret messages written on ginger bread hearts at a church fair, an Austrian hotel room with four beds, only one of which was made up.

ഈ രണ്ട് കൃതികൾ വായിച്ചു കഴിയുമ്പോൾ ഒരു കാര്യം വെളിപ്പെടുന്നു: ചുറ്റും നടക്കുന്ന കാര്യങ്ങളുടെ ശരിതെറ്റുകളിലല്ല ഹാന്ഡ്കെയുടെ ശ്രദ്ധ, അവയ്ക്ക് നടുവിൽ നിന്നുകൊണ്ട് അവയെ വീക്ഷിക്കുന്ന തന്നോട് ആ സംഭവങ്ങൾ എങ്ങനെ സംവദിക്കുന്നു എന്നതിൽ മാത്രമാണ്. ഒരിടത്ത് ഹാന്ഡ്കെ ഇങ്ങനെ എഴുതുന്നു: "....it was possible for me to lose myself in objects, but not in people.  ... to stand there in dull-witted piety, wholly immersed in objects and movements." ഇതൊരു കുമ്പസാരമാണോ?

എഴുത്തുകാരൻ്റെ ഈ സ്വഭാവവിശേഷം വർഷങ്ങൾക്ക് ശേഷം ചർച്ചാവിഷയമായി, 2019 ൽ, ആ വർഷമാണ് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിക്കുന്നത്. യുഗോസ്ലാവിയയുടെ വിഭജനത്തെ കുറിച്ചും സെർബിയൻ ഏകാധിപതി സ്ലോബോഡാൻ മിലോസെവിച്ചിനെ പിന്തുണച്ചുകൊണ്ടും ഹാന്ഡ്കെ നടത്തിയ പരാമർശങ്ങൾ അതിനകം തന്നെ അദ്ദേഹത്തെ കടുത്ത വിമർശനത്തിന് ഇരയാക്കിയിരുന്നു. എന്നാൽ നോബൽ സമ്മാനം കാര്യങ്ങൾ കൂടുതൽ രൂക്ഷമാക്കി. ഹാന്ഡ്കെയ്ക്ക് സമ്മാനം കൊടുത്ത നോബൽ കമ്മിറ്റിയെയും എഴുത്തുകാരനെ പ്രത്യേകിച്ചും വിമർശിച്ചു കൊണ്ട് ഒരുപാട് പ്രമുഖർ, സൽമാൻ റുഷ്ദി അടക്കം, എഴുതി. അവയിൽ ഒരു ലേഖനത്തിൽ - പ്രശസ്ത എഴുത്തുകാരനും വിവർത്തകരുമായ പീറ്റർ ക്യൂറാസ് എഫ്പി മാഗസിനിൽ ഒക്ടോബർ 21 ന് എഴുതിയ ഒന്നിൽ - കൗതുകകരമായ ഒരു നിരീക്ഷണമുണ്ട്. "പീറ്റർ ഹാന്ഡ്കെയുടെ സൗന്ദര്യപരമായ ശേഷി തന്നെയാണ് അദ്ദേഹത്തിൻ്റെ ബലഹീനതയും: അത് രാഷ്ട്രീയപരവും മനശ്ശാസ്ത്രപരവുമായ ഉപരിപ്ലവതയാണ്." തൻ്റെ നിരീക്ഷണത്തിന് താങ്ങായി പുലിറ്റ്സർ പ്രൈസ് ജേതാവായ ജോഷ്വ കോഹൻ്റെ വാക്കുകൾ ക്യൂറാസ് എടുത്തു വയ്ക്കുന്നു. "ആശയങ്ങൾക്ക് വേണ്ടി ആരും ഹാന്ഡ്കെയെ വായിക്കുന്നില്ല, ആശയങ്ങളോടുള്ള അദ്ദേഹത്തിൻ്റെ വൈമുഖ്യമാണ് നമ്മളെ ആ കൃതികളിലേക്ക് നയിക്കുന്നത് " (No one has ever read Handke for his ideas, but for his hostility to ideas). ക്യൂറാസ് ഇതുകൂടി കൂട്ടിച്ചേർക്കുന്നു: "കാലങ്ങൾക്ക് പുറകിലേക്ക് ചെന്ന്, ഹെഗലിൻ്റെ ഒരു പ്രഭാഷണം കേൾക്കാനിരുന്നാൽ, ഹാന്ഡ്കെയുടെ ശ്രദ്ധ, മഹാനായ ആ തത്വചിന്തകൻ കയ്യിലുള്ള കടലാസുകൾ മറിക്കുന്നതിലും അദ്ദേഹത്തിന്റെ തുകൽ ഷൂ തറയിൽ ഉരയുന്നതിലും ഒക്കെയാവും" (Transported through time to one of Hegel’s lectures, Handke would, one feels, focus his attention on the sound of the philosopher shuffling his papers, the scuffling of his leather soles against the floor).

പ്രതിഭകളുടെ കാര്യത്തിൽ നാമെപ്പോഴും ചിന്താക്കുഴപ്പത്തിൽ ചെന്നുപെടുന്നു, അവരുടെ സംഭാവനകളെ മാത്രം കണക്കിലെടുത്താൽ മതിയോ, അതോ അവരുടെ ജീവിതവും സ്വഭാവരീതികളും കീറിമുറിക്കപ്പെടേണ്ടതുണ്ടോ, അത്തരം ഒരു അന്വേഷണത്തിലെ കണ്ടെത്തലുകളുടെ ബലത്തിൽ ആ സംഭാവനകളെ,  അതുവഴി ആ വ്യക്തിയേയും, രണ്ടാമതൊരു വട്ടം കൂടി വിശകലനം ചെയ്യേണ്ടതുണ്ടോ?

പ്രതിഭകളുടെ കാര്യത്തിൽ നാമെപ്പോഴും ചിന്താക്കുഴപ്പത്തിൽ ചെന്നുപെടുന്നു, അവരുടെ സംഭാവനകളെ മാത്രം കണക്കിലെടുത്താൽ മതിയോ, അതോ അവരുടെ ജീവിതവും സ്വഭാവരീതികളും കീറിമുറിക്കപ്പെടേണ്ടതുണ്ടോ, അത്തരം ഒരു അന്വേഷണത്തിലെ കണ്ടെത്തലുകളുടെ ബലത്തിൽ ആ സംഭാവനകളെ,  അതുവഴി ആ വ്യക്തിയേയും, രണ്ടാമതൊരു വട്ടം കൂടി വിശകലനം ചെയ്യേണ്ടതുണ്ടോ?

പെട്ടെന്ന് മറ്റൊരു പ്രതിഭ ഓർമ്മയിലേക്ക് കയറി വരുന്നു, ഏർവിൻ ഷ്റോഡിംഗർ. ഭൗതിക ശാസ്ത്രത്തെ ഭൗതികതയുടെ പരിമിതികളിൽ നിന്ന് പുറത്തു കൊണ്ടുവന്ന ഷ്റോഡിംഗർ ചെറുപ്രായമുള്ള പെൺകുട്ടികളിൽ കമ്പമുള്ള ആളായിരുന്നു. അത് തെറ്റാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല എന്ന് മാത്രമല്ല, തന്നെ പോലെയുള്ള ഒരു പ്രതിഭയുടെ അവകാശമാണതെന്ന് അദ്ദേഹം കരുതി - ".... that their innocence was the ideal match for my natural genius" എന്നദ്ദേഹം തന്റെ ഡയറിയിൽ എഴുതിവെച്ചിരുന്നു. തീർത്തും കിരാതം എന്ന് പറയാവുന്ന ആ ഒരു ജീവിതത്തിൽ നിന്നാണ് ക്വാണ്ടം ഫിസിക്സ് എന്ന വിപ്ലവകരമായ ശാസ്ത്ര ചിന്താരീതി ഉത്ഭവിക്കുന്നത്.

നേരത്തെ പറഞ്ഞത് പോലെ,  പ്രതിഭകളുടെ കാര്യത്തിൽ നാമെപ്പോഴും ചിന്താക്കുഴപ്പത്തിൽ ചെന്നുപെടുന്നു, ഗ്രെയ്റ്റർ സെർബിയ എന്ന യുട്ടോപ്യൻ സ്വപനത്തെ പിന്തുടർന്ന് സെർബിയക്കാരല്ലാത്തവരെ പീഡിപ്പിച്ച മിലോസെവിച്ചിനെ പോലുള്ള ഒരു ഏകാധിപതിയെ പുകഴ്ത്തി പറയുകയും യുഗോസ്ലാവിയൻ യുദ്ധത്തിലെ ഇരകളെ കാണാതിരിക്കുക വഴി അവരെ നിസ്സാരവൽക്കരിക്കുകയും ചെയ്തതിന് ഹാന്ഡ്കെയെ സാമൂഹ്യ വിചാരണ ചെയ്യുന്നവർ ഒരുപാടാണ്. എന്നാലും, സമകാലിക സാഹിത്യത്തിലെ ഏറ്റവും സൗന്ദര്യമുള്ള ഭാവങ്ങളിലൊന്ന് നമുക്ക് മുന്നിൽ തുറന്നു വച്ചതിൻ്റെ പേരിൽ ഈ എഴുത്തുകാരനെ പ്രകീർത്തിക്കുന്നവരുടെ കൂടെ നിൽക്കാനാണെനിക്കിഷ്ടം. വായന മരിക്കാത്തിടത്തോളം കാലം സൗന്ദര്യാനുഭൂതിയെന്തെന്ന് ലോകം മറക്കാതിരിക്കാൻ, ഹാന്ഡ്കെയുടെ കൃതികളും സഹായകമാവും എന്നതാണതിന് കാരണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us