2023 ലെ വായന; ഇഷ്ടപുസ്തകങ്ങളെ കുറിച്ച് പി എഫ് മാത്യൂസ്, ഫ്രാൻസിസ് നൊറോണ, തനൂജ ഭട്ടതിരി

2023 ലെ വായനയിൽ മനസ്സിൽ തങ്ങി നിന്ന പുസ്തകങ്ങളെ കുറിച്ച് ഓർമിക്കുകയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാർ...

dot image

ഈ നിമിഷവും അടുത്ത നിമിഷത്തിൽ ഓർമയാകുന്നു. പല ഓർമകളും കാലക്രമത്തിൽ മറവിയിലേയ്ക്ക് മറയുന്നു. 2023 എന്തൊക്കെയാവും ഓരോരുത്തരുടെയും മനസ്സിൽ അവശേഷിപ്പിച്ചിട്ടുണ്ടാവുക? കണ്ട സിനിമകൾ, വായിച്ച പുസ്തകങ്ങൾ, അനുഭവിച്ച യാത്രകൾ, നല്ലതും ചീത്തയുമായ ഓർമകൾ, ജീവിതം മാറ്റിമറിച്ച ചില തീരുമാനങ്ങൾ അങ്ങനെയങ്ങനെ എന്തെല്ലാം. 2023 ലെ വായനയിൽ മനസ്സിൽ തങ്ങി നിന്ന പുസ്തകങ്ങളെ കുറിച്ച് ഓർമിക്കുകയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാർ...

വായനയെ തീ പിടിപ്പിച്ച കവിതകൾ

പി എഫ് മാത്യൂസ്

മൂന്ന് കവികളുടെ പുസ്തകങ്ങളാണ് ഈ വർഷത്തെ വായന സാർത്ഥകമാക്കിയത്. ഒന്നാമത്തേത് കെ ജി എസിന്റെ 'മരിച്ചവരുടെ മേട്' ഓർമ്മകളുടെയും കവിതകളുടെയും പുസ്തകം. കവിതയിൽ എന്നതുപോലെ വാക്കുകളെ ധ്യാനിച്ച് ആവിഷ്ക്കരിച്ച ഈ പുസ്തകം ഇതേ പേരിലുള്ള പഴയൊരു പുസ്തകത്തിന്റെ പുതുപ്പിറവിയാണ്. അനിത തമ്പിയുടെ 'മുരിങ്ങ വാഴ കറിവേപ്പില' കെ രാജഗോപാലിന്റെ 'പതികാലം' എന്നീ കാവ്യസമാഹാരങ്ങളിൽ എന്റെ പരിമിതമായ വായനയെ തീ പിടിപ്പിച്ച ഗംഭീരങ്ങളായ കവിതകളുണ്ട്.

2023 ന്റെ കടുപ്പത്തിലും ഇരുട്ടിലും കൂട്ടുനിന്ന പുസ്തകങ്ങൾ

ഫ്രാൻസിസ് നൊറോണ

2023 എനിക്കൊരു പ്രളയകാലം പോലെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും വർഷമായിരുന്നു. മഞ്ഞപ്പുസ്തകം എന്നൊരു നോവലും രണ്ടു കഥകളും മാത്രമാണ് വായനക്കാരിലേക്ക് എത്തിക്കാനായത്. ഈ വർഷം കൂടുതലും വായിച്ചത് നോൺ ഫിക്ഷനുകളാണ്. അതിൽ ഏറ്റവും ഇഷ്ടമായ ഒന്നിലേക്കുള്ള യാത്ര ഇത്തിരി ബുദ്ധിമുട്ട് നിറഞ്ഞതും. കാരണം വായിക്കപ്പെട്ട എല്ലാ പുസ്തകങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. എങ്കിലും കഴിഞ്ഞ വർഷത്തിന്റെ കടുപ്പത്തിലും ഇരുട്ടിലും എനിക്ക് കൂട്ടുനിന്ന പുസ്തകങ്ങളിൽ പ്രിയപ്പെട്ടത് സജീവ് എടത്താടന്റെ 'ദി സമ്പൂർണ്ണ കൊടകരപുരാണം' എന്ന പുസ്തകമാണ്. ഹാസ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള തന്റെ പ്രവാസജീവിതാനുഭവങ്ങളും നാട്ടിലെ നർമ്മം തുളുമ്പുന്ന പച്ചപ്പുമൊക്കെ നിറഞ്ഞൊരു ആത്മയെഴുത്താണ് ദി സമ്പൂർണ്ണ കൊടകരപുരാണം. കേവലം ഹാസ്യരചന എന്നതിന് അപ്പുറത്തേക്ക് അത് മനുഷ്യത്വത്തിന്റെ നാനാമുഖങ്ങളിലേക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്.

എനിക്ക് ഇഷ്ടപ്പെട്ട മറ്റൊരു പുസ്തകം പ്രശാന്ത് നായരുടെ 'കളക്ടർ ബ്രോ' (ഇനി ഞാൻ തള്ളട്ടെ) എന്ന പുസ്തകമാണ്. ഊഷ്മളമായ നർമ്മം അനല്പമായ ജ്ഞാനം ഇതു രണ്ടും ഒത്തുചേർന്നതാണ് ഈ പുസ്തകമെന്ന് അവതാരികയിൽ ശശി തരൂർ പറഞ്ഞത് കൃത്യമാണെന്ന് ഇത് വായിക്കുന്ന ആർക്കും മനസ്സിലാകും. ജില്ലാ കളക്ടറെന്ന തന്റെ ഔദ്യോഗിക വേഷത്തിനുള്ളിലേക്ക് ഒതുക്കപ്പെടാൻ താൽപ്പര്യമില്ലാത്ത ഒരു മനുഷ്യസ്നേഹിയുടെ കുതറൽ ഈ പുസ്തകത്തിലൂടനീളം നമുക്ക് കാണാനാവും. തിരക്ക് പിടിച്ചൊരു ഊഷരഭൂമിയിലും പച്ചപ്പ് കാണുന്നൊരു ചെറുപ്പക്കാരൻ, അദ്ദേഹത്തിന്റെ ഭാഷയിലെ ''ഒരു കളക്ടർ ബ്രോ'' ഇതിലെ പൊന്നുരുക്കുന്ന ഓരോ വാക്കിലുമുണ്ട്. ഈ പുസ്തകത്തിലെ നന്മകൾ കൂടെക്കൂടിയവരുടേതും, കുറ്റങ്ങളും കുറവുകളും എന്റേത് മാത്രവുമെന്ന് പറഞ്ഞാണ് പ്രശാന്ത് നായർ ഈ പുസ്തകം നമ്മുടെ വായനയ്ക്കു മുന്നിൽ തുറന്നു വെയ്ക്കുന്നത്. നമ്മിൽ ഒരുപാട് പേർക്കൊരു പാഠവും വരും തലമുറകൾക്ക് ഒരു പ്രചോദനവുമാണ് ഈ പുസ്തകമെന്ന് ടോണി തോമസ് ആമുഖത്തിൽ എഴുതുന്നു. ഏറെ സന്തോഷത്തോടെ എന്റെ പ്രിയ വായനക്കാരുടെ മുന്നിൽ ഈ രണ്ടു പുസ്തകങ്ങളും പരിചയപ്പെടുത്തുന്നു.

ഈ കഥകളിൽ ഞാൻ തളരുകയും കുഴഞ്ഞു വീഴുകയും, വളരുകയും ഊറ്റം കൊള്ളുകയും ചെയ്തു

തനൂജ ഭട്ടതിരി

2023 ൽ വായിച്ച നിരവധി പുസ്തകങ്ങളിൽ നിന്ന് പ്രിയപ്പെട്ടവ തിരഞ്ഞെടുക്കുമ്പോൾ ഒന്നാമത്തേത് ലോക ക്ലാസിക് കഥകൾ ആണ്. ഡിസി ബുക്സ് നാല് വോള്യങ്ങളായി പുറത്തിറക്കിയ ലോക ക്ലാസിക് കഥകളുടെ സമാഹാരമാണിത്. ഓരോ വോള്യവും ആയിരത്തിലധികം പേജുകൾ ഉണ്ട്. എം ടി വാസുദേവൻ നായർ, ഡോക്ടർ എം എം ബഷീർ, ഡോക്ടർ വി രാജകൃഷ്ണൻ എന്നിവർ ചേർന്ന് എഡിറ്റ് ചെയ്ത പുസ്തകമാണ്. സർഗ്ഗാത്മക രചന താല്പര്യമുള്ളവർ വായിച്ചിരിക്കേണ്ട പുസ്തകമാണ്. വായനക്കാരെ വിസ്മയിപ്പിക്കും! ലോകം മുഴുവനുമായി സാഹിത്യത്തിൽ ഉണ്ടായിട്ടുള്ള മികച്ച കഥകളുടെ സമ്മേളനമാണ് ഈ പുസ്തകത്തിൽ.

എന്നെ സംബന്ധിച്ചിടത്തോളം ഈ പുസ്തകവായനകൊണ്ട്, ലോകമെമ്പാടുമുള്ള കഥകളിലൂടെ, കഥാപാത്രങ്ങളിലൂടെ, ജീവിത സന്ദർഭങ്ങളിലൂടെ, എന്നെ വീണ്ടും വീണ്ടും വീണ്ടെടുക്കാനായി. ഓരോ പ്രാവശ്യവും ഓരോ പുതിയ എന്നെ...! എല്ലായിടത്തും മനുഷ്യരുടെ ഉൾജീവിതം ഒന്നാണെന്നും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ വീക്ഷണങ്ങൾ മാത്രമേ മാറുന്നുള്ളൂ എന്നും തോന്നി. എന്നെ നെഞ്ചോട് ചേർക്കുന്ന എന്നെ വലിച്ചെറിയുന്ന, എന്നെ കരയിപ്പിക്കുന്ന, എന്നെ ചിന്തിപ്പിക്കുന്ന, എന്നെ സന്തോഷിപ്പിക്കുന്ന, എന്റെ തലക്കിട്ടടിക്കുന്ന, എന്നെ പ്രേമോജ്വലയാക്കുന്ന, എന്റെ ജീവൻ കളയുന്ന, എന്നെ പുനർജീവിപ്പിക്കുന്ന കഥകളിൽ ഞാൻ തളരുകയും കുഴഞ്ഞു വീഴുകയും, വളരുകയും ഊറ്റം കൊള്ളുകയും ചെയ്തു.

ഞാൻ വായിച്ച പ്രധാനപ്പെട്ട മറ്റൊരു പുസ്തകം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച 'വിമൻ റൈറ്റിങ് ഇൻ ഇന്ത്യ' ആണ്. 600 ബിസി മുതൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലം വരെയുള്ള സ്ത്രീകളുടെ എഴുത്തിനെ കുറിച്ചാണ് ഞാൻ വായിച്ച വോളിയം ഒന്നിൽ പറയുന്നത്. സൂസി താരു, കെ ലളിത എന്നിവരാണ് ഈ ഇംഗ്ലീഷ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.

പലകാലത്തായി ഇന്ത്യയിലെ പല ഭാഷയിൽ സ്ത്രീകൾ എഴുതിയ രചനകളും അവയെ കുറിച്ചുള്ള രചനകളും ആണ് ഈ പുസ്തകത്തിൽ. സ്ത്രീകളുടെ എഴുത്തിനെക്കുറിച്ചോ അതിന്റെ ചരിത്രം അറിയാനോ മാത്രമല്ല എത്ര എതിരുകൾ നേരിട്ടിട്ടും ഇന്ത്യയിലെ മുഴുവൻ എഴുത്ത് ലോകത്തിൽ സ്ത്രീകളുടെ എഴുത്ത് എത്ര പ്രാധാന്യമർഹിക്കുന്നു എന്ന് കൂടി മനസ്സിലാക്കാൻ ഈ പുസ്തകവായന ഉപകാരപ്പെടും.

13 ഭാഷകളിലെ സ്ത്രീ രചനകൾ ഈ പുസ്തകത്തിൽ ഉണ്ട്. എവിടെയും സ്ത്രീകളുടെ ഹൃദയമാണ് ധാന്യക്കലത്തിൽ വെന്തു പൊങ്ങുന്നത്. ഇന്ത്യൻ സ്ത്രീകളുടെ 2000 വർഷത്തെ ജീവിതം ഈ പുസ്തകത്തിൽ കൂടി നമുക്ക് ഒപ്പിയെടുക്കാം. വിപ്ലവാത്മകമായ ഒരു വായനയ്ക്കായി നിങ്ങൾക്ക് ഈ പുസ്തകം തിരഞ്ഞെടുക്കാം.

ഞാൻ വായിച്ച ഒരു പുസ്തകത്തെ കുറിച്ച് കൂടി പറയാൻ തോന്നുന്നു. തെരേസ ജോസഫ് എഴുതിയ 'സ്പർശം' എന്ന പുസ്തകം. ലോഗോസ് ആണ് പ്രസാധകർ. വിദേശ രാജ്യത്തു നഴ്സ് ആയി ജോലി ചെയ്യുന്ന എഴുത്തുകാരി, തന്റെ നീണ്ട കാലത്തെ അനുഭവത്തിൽ നിന്നെഴുതിയ പുസ്തകം. മനുഷ്യസ്നേഹം, കരുതൽ എന്നിവയൊക്കെ ജാതി മത വർഗ വർണ ദേശ അതീതമാണെന്ന് മനസിലാക്കിത്തരുന്ന പുസ്തകം. ജീവിതം നിഷേധിക്കപ്പെടുന്ന പൊള്ളുന്ന മനുഷ്യരെ കുറിച്ച് വായിച്ച് നമ്മൾ നൊന്തുപോകും. സത്യം പറഞ്ഞാൽ കേരളം നഴ്സുമാർക്ക് പ്രസിദ്ധമാണെങ്കിലും, അവർ ലോകം മുഴുവൻ പ്രസിദ്ധി ആർജിച്ചവരാണെങ്കിലും, അവരുടെ പണം നമ്മുടെ സമ്പദ്ഘടനയെ മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും, നഴ്സുമാരുടെ ആന്തരികജീവിതം നിറഞ്ഞിരിക്കുന്ന ഒരു പുസ്തകം ഞാൻ ഇതുവരെ കണ്ടിട്ടില്ല.പല രാജ്യങ്ങളില് നിന്നുള്ള മനുഷ്യര് മനസിന്റെയും ശരീരത്തിന്റെയും രോഗാവസ്ഥയില് മുന്നിലെത്തപ്പെടുന്നതും അവരെ ഹൃദയം കൊണ്ടും മരുന്നുകൊണ്ടും വിരലുകൊണ്ടും സ്പര്ശിക്കുന്നതും അറിയുമ്പോള് നമ്മള് ഒരു മികച്ച മനുഷ്യനായി മാറും. ഈ പുസ്തകത്തിനു ഞാന് അവതാരിക എഴുതാന് കാരണം ഇത്തരം സ്പര്ശം കൊടുക്കുന്നതും വാങ്ങുന്നതും നിരന്തരം കണ്ടുകൊണ്ടിരുന്ന ആളെന്ന നിലയ്ക്കാണ്. ഒരു നഴ്സ് അല്ലെങ്കിലും മുപ്പത്തിരണ്ടു വര്ഷം ഞാന് ആശുപത്രി ലോകത്തായിരുന്നു എന്നതുകൂടികൊണ്ടാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us