2023 ലെ വായന; ഇഷ്ടപുസ്തകങ്ങളെ കുറിച്ച് ബെന്യാമിൻ, വി എം ഗിരിജ, വിനോയ് തോമസ്

2023 ലെ വായനയിൽ മനസ്സിൽ തങ്ങി നിന്ന പുസ്തകങ്ങളെ കുറിച്ച് ഓർമിക്കുകയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാർ...

dot image

ഈ നിമിഷവും അടുത്ത നിമിഷത്തിൽ ഓർമയാകുന്നു. പല ഓർമകളും കാലക്രമത്തിൽ മറവിയിലേയ്ക്ക് മറയുന്നു. 2023 എന്തൊക്കെയാവും ഓരോരുത്തരുടെയും മനസ്സിൽ അവശേഷിപ്പിച്ചിട്ടുണ്ടാവുക? കണ്ട സിനിമകൾ, വായിച്ച പുസ്തകങ്ങൾ, അനുഭവിച്ച യാത്രകൾ, നല്ലതും ചീത്തയുമായ ഓർമകൾ, ജീവിതം മാറ്റിമറിച്ച ചില തീരുമാനങ്ങൾ അങ്ങനെയങ്ങനെ എന്തെല്ലാം. 2023 ലെ വായനയിൽ മനസ്സിൽ തങ്ങി നിന്ന പുസ്തകങ്ങളെ കുറിച്ച് ഓർമിക്കുകയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാർ...

മലയാളം വാക്കുകളുള്ള ഒരു അമേരിക്കന് പുസ്തകം

ബെന്യാമിൻ

2023 ലെ വായനയില് മനസ്സില് തങ്ങിയ ഒരു പുസ്തകം വിഖ്യാതനായ ഇൻഡോ - അമേരിക്കൻ എഴുത്തുകാരൻ എബ്രഹാം വർഗീസിന്റെ കവനന്റ് ഓഫ് വാട്ടർ (The Covenant of Water) എന്ന നോവല് ആണ്. നൂറ് വർഷത്തെ മലയാളികളുടെ ചരിത്രവും, ക്രിസ്തീയ ജീവിത രീതിയുമൊക്കെ പുസ്തകത്തില് കടന്നുവരുന്നു. അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മോൾ തിങ്സിന് ശേഷം ലോകം കേരളീയ ജീവിതത്തെ കുറിച്ച് വായിക്കുന്നു എന്ന പ്രാധാന്യവും ഈ പുസ്തകത്തിന് ഉണ്ട്. ധാരാളം മലയാളം വാക്കുകൾ ഈ ഇംഗ്ലീഷ് നോവലില് ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു അമേരിക്കൻ എഴുത്തുകാരന്റെ പുസ്തകം എന്നതുകൊണ്ടുതന്നെ സ്വാഭാവികമായി അമേരിക്കൻ വായനക്കാരിലേയ്ക്കും ലോകം മുഴുവനുള്ള വായനക്കാരിലേയ്ക്കും കേരളീയ ജീവിതവും ഭാഷയുമൊക്കെ ഈ പുസ്തകത്തിലൂടെ കടന്നു ചെല്ലുന്നു എന്നതിലും സന്തോഷമുണ്ട്.

രണ്ടാമത്തെ പുസ്തകം ജി ആർ ഇന്ദുഗോപന്റെ ആനോ എന്ന നോവലാണ്. 1500 കളിൽ പോർച്ചുഗീസുകാർ മാർപാപ്പയ്ക്ക് കാഴ്ച വെയ്ക്കുന്നതിനു വേണ്ടി കൊച്ചിയിൽ നിന്ന് ഒരു ആനയെ കൊണ്ടു പോകുന്നതിന്റെ കഥയാണ് ആനോ. ആനയെ കപ്പലിൽ കയറ്റി കൊണ്ടു പോകുന്നു എന്നതിനപ്പുറത്തേയ്ക്ക് അക്കാലത്ത് തന്നെ മലയാളികൾ എങ്ങനെയാണ് യൂറോപ്യൻ ജീവിതത്തിൽ ഇടപെട്ടത് എന്നതിന്റെ സൂക്ഷ്മമായ വിവരണങ്ങൾ ഈ പുസ്തകത്തിലുണ്ട്. എഴുത്തച്ഛനും മാർപാപ്പമാരും മൈക്കലാഞ്ചലോയും ഡാവിഞ്ചിയുമൊക്കെ കഥാപാത്രങ്ങളായി വരുന്നുണ്ട് ഈ പുസ്തകത്തില്. ആ കാലഘട്ടത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതിനൊപ്പം തന്നെ, ആ കാലത്ത് മലയാളികൾ എങ്ങനെയാണ് യൂറോപ്പിൽ ഇടപെട്ടത് എന്നും പുസ്തകം പറയുന്നു. 1500 കളിൽ മാനുവൽ ഒന്നാമൻ രാജാവിന്റെ കൊട്ടാരത്തിൽ വരെ മലയാളി സാന്നിധ്യം ഉണ്ടായിരുന്നു എന്ന വിവരം ചരിത്രത്തെ അടിസ്ഥാനമാക്കി ഈ നോവല് വ്യക്തമാക്കുന്നുണ്ട്.

മൂന്നാമത്തെ പുസ്തകം വി ജി തമ്പി എഴുതിയിട്ടുള്ള ഇദം പാരമിതം എന്ന പുസ്തകമാണ്. ആത്മീയമായ ഔന്നിത്യം നിലനിർത്തുന്ന നോവലുകളിൽ ഒന്നാണ് ഇദം പാരമിതം. ഓഷോയും ജിദ്ദുവും തുടങ്ങി സൂഫി പാരമ്പര്യവും ദർശനങ്ങളുമൊക്കെ കടന്നു വരുന്ന പുസ്തകം. ഏഷ്യയിലെ തന്നെ പൗരാണികമായ തീർഥാടന കേന്ദ്രങ്ങളിലൂടെയും ബുദ്ധന്റെ ജീവിത പദങ്ങളിലൂടെയും ഒക്കെ സഞ്ചരിക്കുന്ന വളരെ മനോഹരമായ ഒരു നോവലായിട്ടാണ് ഈ പുസ്തകത്തെ ഞാൻ കാണുന്നത്.

കലയിലൂടെ സമൂഹത്തില് മാറ്റം സൃഷ്ടിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരു പുസ്തകം

വിനോയ് തോമസ്

മരിയോ വർഗാസ് യോസയുടെ ദ വേ ടു പാരഡൈസ് (The Way to Paradise) എന്ന നോവലാണ് 2023 ന്റെ വായനയിൽ പ്രധാനമെന്ന് തോന്നിയ ഒരു പുസ്തകം. ഒരു ചിത്രകാരന്റെയും സാമൂഹ്യ പ്രവർത്തകയായ അയാളുടെ മുത്തശ്ശിയുടെയും കഥ പറയുന്ന നോവലാണ് ദ വേ ടു പാരഡൈസ്. സാമൂഹ്യ പ്രവർത്തനവും കലയും സമാന്തരമായി നോവലില് കടന്നു വരുന്നു. ചിത്രകലയുടെ ഒരു മാജിക്കല് അനുഭവത്തിനുള്ളില് നിന്ന് എന്താണ് ജീവിതം, നമ്മൾ എങ്ങോട്ട് പോകുന്നു എന്ന അന്വേഷണമൊക്കെ ഈ നോവലില് കാണാം. കലയിലൂടെയും സാമൂഹിക പ്രവർത്തനങ്ങളിലൂടെയും സമൂഹത്തില് മാറ്റം സൃഷ്ടിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ വഴി എന്താണ്, ജീവിതത്തിന്റെ അർഥം എന്താണ് എന്ന് ഉത്തരം നൽകുന്ന ഒരു പുസ്തകം.

ഷനോജ് ആർ ചന്ദ്രന്റെ കാലൊടിഞ്ഞ പുണ്യാളൻ ആണ് മറ്റൊരു ഇഷ്ട പുസ്തകം. മലയാള ചെറുകഥയില് മാജിക്കലായൊരു മാറ്റം കൊണ്ടു വന്ന കഥകളാണിത്. പറയുന്ന വിഷയത്തിലായാലും അതിനെ വിഷ്വലൈസ് ചെയ്യുന്ന രീതിയുമൊക്കെ ഈ മാറ്റം പ്രകടമാണ്.

വിവർത്തനത്തില് നഷ്ടപ്പെടാത്ത കവിത

വി എം ഗിരിജ

വിനയ ചൈതന്യയുടെ ശ്രീ നാരായണ ഗുരു കൃതികളുടെ ഇംഗ്ലീഷ് വിവർത്തനമാണ് 2023 ന്റെ വായനകളിലെ സുന്ദരമായ അനുഭവങ്ങളില് ഒന്ന്. ഹാർപ്പർ കോളിൻസാണ് പുസ്തകത്തിന്റെ പ്രസാധകര്. ഗുരുവിന്റെ കൃതികളുടെ ഇംഗ്ലീഷ് വിവർത്തനങ്ങൾ ധാരളമായി പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും വിനയ ചെതന്യയുടെ വിവർത്തനത്തിന് കുറച്ചുകൂടിയൊരു സൂഷ്മത ഉണ്ട് എന്ന് തോന്നി. കാളിനാടകത്തിന്റെ (The Dance of the Black Goddess) വിവർത്തനമൊക്കെ ശ്രദ്ധേയമാണ്. ആട് പാമ്പേ പുനം തേട് പാമ്പേ തുടങ്ങി കുണ്ഡലനി പാട്ടിന്റെയൊക്കെ വിവർത്തനം രസകരമാണ്.

The one whose eyes burned kama

The enemy of death and time

Sip his name and steadily dance

കാമനെ ചുട്ടകണ്ണുള്ള കാലാരിതന്

നാമം നുകർന്നു നിന്ന് ആടു പാമ്പേ...

കാലം, കാലന് തുടങ്ങിയ വാക്കുകള്, കാലം തന്നെയാണ് കാലന് എന്ന സൂഷ്മത ചോരാതെ മൊഴിമാറ്റിയിരിക്കുന്നു. സാറാ ജോസഫിന്റെ കറ എന്ന പുസ്തകം. ജീവിത പാത 2023 ല് ഇടയ്ക്കിടെ വായിച്ചു കൊണ്ടിരുന്നു. സി വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ, ധർമ്മരാജ, രാമരാജ ബഹദൂർ എന്നീ മൂന്ന് കൃതികൾ വീണ്ടും വായിച്ചു. ഒരു കാലത്ത് നമ്മൾ വായിച്ച വായനയെക്കാളും എത്രയോ വ്യത്യസ്തമാണ് കുറേ നാളുകള്ക്ക് ശേഷം അതേ പുസ്തകങ്ങളുടെ വീണ്ടുമുള്ള വായന എന്ന് ഈ വായന എന്നെ ഓർമ്മിപ്പിച്ചു.

സാറ ജോസഫിന്റെ കറ എന്ന നോവലിന് വി എം ഗിരിജ സമൂഹമാധ്യമത്തില് പങ്കുവെച്ച വായനാ കുറിപ്പില് നിന്ന്...

സാറാ ജോസഫിന്റെ ഏറ്റവും പുതിയ കൃതി കറ അമൂല്യമായ ഒരു പുസ്തകമാണ്. ലോകസാഹിത്യം മുഴുവൻ അത് വായിക്കപ്പെടും പല ഭാഷകളിൽ എന്നെനിക്കുറപ്പാണ്. ബൈബിളിലെ ഏറ്റവും പ്രാചീന മനുഷ്യ ജീവിത ചിത്രണത്തിലാണ് അതിന്റെ അടിത്തറ. എന്നാൽ ഇന്നത്തെ രചനയാണ്, തീർച്ച.

കറ എന്ന വാക്കിൽ, അതിന്റെ വക്കിലും ഉള്ളിലും പറ്റിക്കിടക്കുന്നുണ്ട് ലോകത്തിലെ മുഴുവൻ സസ്യച്ചാറുകളും ധാന്യ നിറങ്ങളും വിയർപ്പും അടിമകളുടെ ചോരയും ശുക്ലവും ആർത്തവ രക്തവും ഒക്കെ. എന്തൊരു വാക്കാണത്. കറൈ തമിഴിൽ വിഷം കൂടിയാണ് എന്നറിഞ്ഞത് സഞ്ജയ് സുബ്രഹ്മണ്യന്റെ തൊണ്ടയിലൂടെ -"കറൈകണ്ടനുക്ക് മൂത്തവളേ" എന്ന് പൂത്തവളേ എന്ന വിരുത്തത്തിൽ: സാറാ ജോസഫിന്റെ പുതിയ നോവലിന് ആ പേര് മാത്രമേ യോജിക്കൂ. മനുഷ്യചരിത്രം വലിയൊരു കറയാണ്. അത് മായ്ക്കും തോറും കൂടുതൽ തെളിയും എന്നതിന്, ഇന്ന് ഗാസയിൽ നിന്ന് കേൾക്കുന്ന കുഞ്ഞുങ്ങളുടെ നിലവിളികൾ മതി ഉദാഹരണം.

സസ്യങ്ങളുടെ കറ മരുന്നും സുഗന്ധദ്രവ്യവും ആകാം -കറുപ്പ്, റബ്ബർ, മരുന്നുകൾ, മദ്യം, കോളകൾ പെട്രോൾ. ബൈബിളിലെ ഉല്പത്തി പുസ്തകത്തിന്റെ അന്ന് മുതൽ കൂടുതൽ ബാറുകൾ അനുവദിച്ച് കുടിപ്പിക്കുന്ന ആധുനിക ജനാധിപത്യ ഭരണകൂടം വരെ കറകളെ കണ്ണീരും ചോരയുമായി മാറ്റുകയാണ്. മദ്യവില്പനാ വിഭാഗത്തിന്റെ വരുമാനമില്ലെങ്കിൽ ഭരണത്തിന്റെ മടിശ്ശീല നിറയില്ല, ശമ്പളവും റേഷനും പെൻഷനും തരില്ല. മരുന്നു വില്പനക്കമ്പനികൾ, കീടനാശിനിക്കാർ, കോളക്കമ്പനികൾ ഇവരില്ലാതെ എന്തു ചെയ്യും?

2023 ലെ വായന; ഇഷ്ടപുസ്തകങ്ങളെ കുറിച്ച് പി എഫ് മാത്യൂസ്, ഫ്രാൻസിസ് നൊറോണ, തനൂജ ഭട്ടതിരി

ഇത് പുതിയ ചോദ്യമല്ല എന്ന് സാറാ ജോസഫ് പറയുന്നു. ഏറ്റവും പഴയ ചോദ്യമാണ്. രാമൻ എന്ന, അയ്യപ്പൻ എന്ന, സനാതനം എന്ന ആയുധങ്ങൾ ഒക്കെ എത്ര പഴയതാണ്. ബാലെന്നോ മൊളേഖ് എന്നോ കെമേഷ് എന്നോ പേരുള്ള പഴയ ആയുധങ്ങൾ തന്നെ. ഒരമ്മയുടെ ആദ്യജാതനെ, ഇളം പൈതലിനെ ബലിയായി സ്വീകരിക്കുന്ന ക്രൂര ദൈവങ്ങൾക്ക് വയസ്സ് അനേകായിരം കോടിയായിരിക്കുന്നു. മഴ പെയ്യിക്കാൻ രക്തബലി ആവശ്യപ്പെടുന്ന ലോഹവിരലുകളുള്ള ദൈവം.

എന്നിട്ടും നമ്മളും ദൈവമേ എന്ന് തന്നെ വിളിക്കുന്നു, വേദനകളിലും അവശതകളിലും നിരാശകളിലും അവനെ/ളേ ചൊല്ലി വിലപിക്കുന്നു. ശിക്ഷകൾ ഭയാനകം. രക്ഷ എവിടേയുമില്ല. പുരുഷന്മാർ സഹോദരിമാരേയും അമ്മമാരേയും മക്കളേയും ഒരു പോലെ ഭോഗിച്ച കാലം. ചെറിയ ആൺകുട്ടികളേയും മൃഗങ്ങളെയും കാമത്തിനിരയാക്കിയ കാലം. അടിമകളെ ചവിട്ടിയരച്ച കാലം. ശക്തിയുള്ള പുരുഷന്മാരുടെ കാലം. ഗോത്ര വൈരങ്ങളുടെ അന്ധമായ ശരിതെറ്റുകളുടെ കാലം. ആ കാലത്തിന്റെ തുടർച്ച ഇന്നും ഉണ്ടെന്ന് പറയാതെ പറയുന്ന ധ്വനിശില്പമാണ് കറ എന്ന് ചുരുക്കം.

സോദ്ദേശ സാഹിത്യമല്ല ഇത്. സാറാ ജോസഫിന്റെ രചനകളിൽ നിങ്ങൾക്ക് വായിച്ചെടുക്കാമായിരുന്ന ഫെമിനിസ്റ്റ് മുദ്രാവാക്യങ്ങൾ ഈ ചുമരിൽ തെളിയുന്നത് ഒരു വലിയ രക്തക്കറയായാണ് എന്ന് ചുരുക്കം - ബൈബിളും തോറയുടെ പ്രസക്ത ഭാഗങ്ങളും ബൈബിളധിഷ്ഠിത സാഹിത്യവും ബൈബിൾ പഠനങ്ങളും എല്ലാം ദീർഘകാലം ഗവേഷണം ചെയ്തതിന് എഴുത്തുകാരിയ്ക്ക് നമസ്ക്കാരം. പക്ഷേ ഇത് ഗവേഷണ പുസ്തകമല്ല. പ്രാചീനർ കറുപ്പും വെളുപ്പുമായ ആട്ടിൻ രോമങ്ങൾ നെയ്ത പോലെ നെയ്തെടുത്ത മനോഹരമായ, കവിതയും ചിത്രകലയും ചരിത്രവും കലരുന്ന വികാരവിചാരങ്ങളുടെ നദിയാണ്. യോർദ്ദാൻ നദിയോ സിന്ധു നദിയോ എന്ന് പേർ പറയണ്ട - ഒന്നാണത്.

ശക്തിയുള്ളവരുടെ അധികാരമാണത്. നീതി, തുല്യത, സൗന്ദര്യം, ശാന്തി, കാരുണ്യം ,വാൽസല്യം, പ്രണയം എന്നൊന്നും ഉള്ള വാക്കുകൾ ഉണ്ടായിട്ടില്ല. ലാഭക്കൊതിയും സ്വാർത്ഥതയും കാമവും മാത്രമാണ് അവിടെയുള്ളത്. ഹാഗാറിനേയും ഇശ്മായിലിനേയും മരുഭൂമിയിൽ തെളിനീരുറവ കാട്ടി രക്ഷിച്ച ദൈവം പോലും പക്ഷേ നീതിമാനല്ല. സോദോമിന്റെ വിചിത്ര നിയമങ്ങളും തീരാത്ത ഭോഗക്കൊതിയും ഇഷ്ടപ്പെടാത്ത മനുഷ്യനാണ് ആ ദൈവത്തെ വാഴ്ത്തുന്ന അബ്രാം. പിന്നീട് അബ്രാഹം എന്നറിയപ്പെട്ടവൻ. പുതിയ നീതിക്കായി അയാളുടെ ഹൃദയം ദാഹിക്കുന്നു. സർവശക്തനായ ഏക ദൈവം സ്വപ്നത്തിലൂടെ, ഹൃദയത്തിലൂടെ, ദർശനത്തിലൂടെ ഒരു പുതു ജനതയെ വാർത്തെടുക്കാൻ പറയുന്നുണ്ട്.

പക്ഷേ അയാളും പേടിക്കുന്നു. പുത്തൻ രാജ്യങ്ങളിൽ ഭാര്യയെ സഹോദരി എന്ന് നുണ പറഞ്ഞു പരിചയപ്പെടുത്തുന്നു. സദാചാര നിയമങ്ങൾ കൊണ്ടു വരുമ്പോൾ പാതിവ്രത്യവും വിശുദ്ധിയും പാലിക്കേണ്ടത് സ്ത്രീകൾ മാത്രമാണെന്ന് പറയുന്നു. ഏക ഭാര്യാവ്രതം പുരുഷനോട് പറയാൻ അയാൾക്ക് പേടിയാണ്. സ്ത്രീകൾക്ക് പക്ഷേ ഒരു പുരുഷനേ പാടു. സ്വന്തം അച്ഛനിൽ നിന്ന് കുട്ടിയുള്ള പെൺകുട്ടിയേയും ആ അച്ഛനേയും ഒരു പോലെ വധിക്കുന്നു. നീതിയുടെ ഒരു തുണ്ട് വെളിച്ചം മാത്രം. ചുറ്റും ഇരുട്ടാണ്.

ലോത്തും നീതിമാനാവാൻ കൊതിക്കുന്നു, ശ്രമിക്കുന്നു, പക്ഷേ പതറിപ്പോവുന്നുണ്ട്. ആത്മ പരിശോധന നടത്തുന്നുമുണ്ട്. കുഴഞ്ഞ് വീഴുന്നുണ്ട്. എന്നാലും നീതി, തുല്യത, ദയവ് തുടങ്ങിയ ചില വാക്കുകൾ ചരിത്രത്തിൽ പിറന്നു വീഴുന്നുമുണ്ട്. അന്നത്തെ ആചാരങ്ങളും നിയമങ്ങളും മാത്രമല്ല അന്നത്തെ പ്രകൃതി, ഉപ്പ് കടൽ, ഗന്ധക മലകൾ, വൈദ്യശാസ്ത്രം, കറുപ്പ് വ്യാപാരം, രാഷ്ട്ര നീതികൾ എല്ലാം ഇതിലുണ്ട്. അന്നത്തെ മണങ്ങൾ, തണുപ്പുകൾ, കാറ്റ്, പൊടി, മൃദുലതയും കഠിനതയും, പൂക്കൾ, മരുഭൂമി, മണ്ണ് , വളർത്തു മൃഗങ്ങൾ, കൂടാരങ്ങൾ, അടുക്കളകൾ, പരവതാനികൾ, വസ്ത്രങ്ങൾ, നെയ്ത്ത്, വീഞ്ഞ്, മുന്തിരിമണികൾ … : എന്താണിതിൽ ഇല്ലാത്തത്? ഇരുട്ട് മൂടിയ രഹസ്യങ്ങൾ എത്ര. തിരുനങ്കമാർ എന്ന് എഴുത്തുകാരി പേരിട്ട പഴയ ഹിജഡകൾ. എല്ലാവരുടെ രക്തത്തിലും ഒരേ ജലം, കണ്ണീർ, കറ. സാറാ ജോസഫിന്റെ ഭാഷ പുല്ലായും ബാർലിക്കതിരായും ചോരക്കറയായും മാറുന്ന മാന്ത്രിക സൗന്ദര്യം അമൂല്യമാണ്.

ഒട്ടും മടുപ്പിക്കുന്നതോ അധികഭാരം ചുമപ്പിക്കുന്നതോ അല്ല ഇതിലെ വരികൾ. വാരിയെടുക്കാൻ ധാരാളം. പക്ഷേ അരിശം തോന്നുന്നു, പുസ്തകത്തിലെ പ്രസാധകക്കുറിപ്പും പിൻചട്ട വാക്കുകളും ഒക്കെ മേജിക്കൽ റിയലിസം എന്നും പഴയ എഴുത്തുകാരികളുടെ തുടർക്കണ്ണി എന്നും ഒക്കെ പത്ത് മുപ്പത് കൊല്ലം മുൻപ് പറഞ്ഞിരുന്ന വരികൾ മാറ്റമില്ലാതെ ആവർത്തിക്കയാണ്. മലയാളിയുടെ എല്ലാ ഇന്ദ്രിയങ്ങളോടും മാത്രം പൂർണ്ണ സംവേദനം നടത്തുമ്പോൾ തന്നെ ലോകത്തിലേക്ക് പടരുന്ന ഈ നൂതന ക്ലാസിക്ക് മറ്റൊന്നിന്റെയും നിഴലാക്കേണ്ട കാര്യമില്ല. സാറാ ജോസഫിന്റെ ഓരോ നോവലും, തമ്മാമ്മിൽ വ്യത്യസ്തവും, പഴയതും പുതിയതും ആയ ഓരോ തലമുറയോടും ഒപ്പം സ്വന്തമായി ജീവിക്കുന്നതുമാണ്.

‘കറ’യിൽ ഹിംസ ഒരിടത്ത് മുക്രയിട്ടിരുന്നു കറ പിടിച്ച മനുഷ്യ ഞരമ്പുകൾ മെടഞ്ഞ ഒരു തീറ്റത്താലം, തീത്തൽപ്പം പണിയുന്നതും അൽപ്പം മാറി അഹിംസ അതൊക്കെ അഴിച്ച് തെളി നീരിൽ ഒലുമ്പിക്കഴുകുന്നതും ഞാൻ കാണുന്നു. അതേ, ഉൽപ്പത്തി പുസ്തകം പറയും പോലെ

“ഭൂമിയുള്ള കാലത്തോളം വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകയുമില്ല” എന്നാൽ ഏറ്റവും അവസാനം സ്നേഹിക്കുക എന്നു പറഞ്ഞു വന്നവന് ശേഷവും മനുഷ്യർ മാറുന്നില്ലല്ലോ എന്ന നിലവിളി ഒളിച്ച് വെയ്ക്കാനും ഈ പുസ്തകത്തിന് കഴിയുന്നില്ല. ലോകമേ, നിന്റെ പൂക്കളും കനികളും വിയർപ്പും ഒരിക്കലും പിൻ വലിക്കരുതേ....

https://www.youtube.com/watch?v=slVtdJGUuoc&list=PLL6GkhckGG3zie6SkEak_4PYkjSsYpgJc
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us