2023 ലെ വായന; ഇഷ്ടപുസ്തകങ്ങളെ കുറിച്ച് ഉണ്ണി ആർ, മനോജ് കുറൂര്

2023 ലെ വായനയിൽ മനസ്സിൽ തങ്ങി നിന്ന പുസ്തകങ്ങളെ കുറിച്ച് ഓർമിക്കുകയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാർ...

dot image

ഈ നിമിഷവും അടുത്ത നിമിഷത്തിൽ ഓർമയാകുന്നു. പല ഓർമകളും കാലക്രമത്തിൽ മറവിയിലേയ്ക്ക് മറയുന്നു. 2023 എന്തൊക്കെയാവും ഓരോരുത്തരുടെയും മനസ്സിൽ അവശേഷിപ്പിച്ചിട്ടുണ്ടാവുക? കണ്ട സിനിമകൾ, വായിച്ച പുസ്തകങ്ങൾ, അനുഭവിച്ച യാത്രകൾ, നല്ലതും ചീത്തയുമായ ഓർമകൾ, ജീവിതം മാറ്റിമറിച്ച ചില തീരുമാനങ്ങൾ അങ്ങനെയങ്ങനെ എന്തെല്ലാം. 2023 ലെ വായനയിൽ മനസ്സിൽ തങ്ങി നിന്ന പുസ്തകങ്ങളെ കുറിച്ച് ഓർമിക്കുകയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാർ...

മരിയോ വർഗാസ് യോസ വിദ്യാർത്ഥികളോട് പറഞ്ഞത്

ഉണ്ണി ആർ

ഈ വർഷം വായനയിൽ ഇഷ്ടമായ നിരവധി പുസ്തകങ്ങൾ ഉണ്ട്. അതിൽ രണ്ട് പുസ്തകങ്ങളെ കുറിച്ച് പറയാം. ഒന്ന് മരിയോ വർഗാസ് യോസ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിലെ റൂബൻ ഗാലോയോടും വിദ്യാർത്ഥികളോടും നടത്തിയ ദീർഘ സംഭാഷണമാണ്. യോസയുടെ എഴുത്ത് ജീവിതത്തെ അടുത്തറിയുവാൻ മാത്രമല്ല ഓരോ കൃതിയുടേയും ഉള്ളിലേക്കിറങ്ങിച്ചെല്ലുവാനും ഈ ഗ്രന്ഥം സഹായകമാണ്.

മറ്റൊന്ന് 'ബുക്ക് പ്ലസ് ' പ്രസിദ്ധീകരിച്ച എങ്സെങ് ഹോയുടെ 'തരീമിലെ കുടീരങ്ങളാ'ണ്. എത്നോഗ്രഫിയിൽ വ്യത്യസ്തമായ പഠനങ്ങൾ ലോകമെമ്പാടും നടക്കുന്നുണ്ട്. പരമ്പരാഗത പഠനസമ്പ്രദായങ്ങളിൽ നിന്നും വ്യത്യസ്തമായ പഠന ശാഖയിലെ (സമുദ്രങ്ങളെ കേന്ദ്രീകരിച്ചുള്ള) പ്രധാന സംഭാവനകളിലൊന്നാണ് പ്രസ്തുത പുസ്തകം. അറേബ്യയിൽ ആരംഭിച്ച് ഇന്ത്യൻ-ദക്ഷിണപൂർവേഷ്യയിലേക്ക് പടർന്ന ഹള്റമി സയ്യിദുമാരുടെ വംശാവലി ചരിത്രമാണിത്. മനോഹരമായ പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത് എ കെ അബ്ദുൽ മദീജാണ്.

ഉണങ്ങാതെ നീറുന്ന വിഭജനത്തിന്റെ മുറിവ്

മനോജ് കുറൂർ

അശോക: പോര്ട്ടറേറ്റ് ഓഫ് എ ഫിലോസഫര് കിംങ് (Ashoka: Portrait of a Philosopher King) എന്ന പുസ്തകമാണ് ഈ വർഷത്തെ വായനകളില് ഒന്ന്. രാമചന്ദ്ര ഗുഹ ജനറല് എഡിറ്ററായിട്ടുള്ള ഇന്ത്യന് ലൈവ്സ് (Indian Lives) എന്ന സീരീസിന്റെ ഭാഗമായി പുറത്തിറങ്ങിയ ആദ്യ പുസ്തകമാണിത്. പാട്രിക് ഒലിവെല്ലെ ആണ് ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്. പാട്രിക് ഒലിവെല്ലെ ഇന്ത്യന് സംസ്കാരത്തെ കുറിച്ചും ഇന്ത്യയിലെ പ്രാചീന ധര്മസൂത്രങ്ങളെ കുറിച്ചും ഉപനിഷത്തുകളെ കുറിച്ചുമൊക്കെ ആഴത്തില് പഠനം നടത്തിയിട്ടുള്ള ശ്രീലങ്കകാരനാണ്. പുസ്തകത്തില് അശോകന്റെ ശിലകളിലും സ്തംഭങ്ങളിലുമായിട്ടുള്ള വിവിധ ലേഖനങ്ങളും ശാസനങ്ങളുമൊക്കെ ശ്രദ്ധാപൂര്വം പഠിക്കുകയും അശോകന്റെ തത്വചിന്ത എന്ത് എന്ന് വികസിപ്പിച്ചെടുക്കാന് ശ്രമിക്കുന്നുണ്ട്. ഉദാഹരണത്തിന് ബുദ്ധമതത്തിന്റെ പൊതുവായിട്ടുള്ള ആശയ സംഹിതകള് സ്വീകരിക്കുമ്പോഴും അഹിംസ എന്ന തത്വത്തെ അശോകന് എങ്ങനെയാണ് പ്രായോഗികമായ തലത്തില് സ്വാംശീകരിക്കുന്നത് എന്ന് വ്യക്തമാകുന്നത് ഈ പുസ്തകം വായിക്കുമ്പോഴാണ്. അഹിംസ തന്റെ ഒരു ബലഹീനതയായി കരുതരുത് എന്ന് അദ്ദേഹം മുന്നറിയിപ്പ് കൊടുക്കുന്നുണ്ട്.

പ്രാചീന ഇന്ത്യന് സമൂഹത്തെ കുറിച്ച് നമ്മളെപ്പോഴും ഉണ്ടാക്കി എടുക്കാറുള്ള എകശിലാത്മകമായ ചില സങ്കല്പനങ്ങളുണ്ട്. അത്തരത്തിലുള്ള ചിന്തകളുടെ പ്രസക്തിയെ കുറിച്ചുള്ള ഒരു വീണ്ടു വിചാരത്തിനും ഈ പുസ്തകം കാരണമായി. അദ്ദേഹം ബ്രഹ്മണര് എന്നും ശ്രമണര് എന്നും രണ്ട് വിഭാഗത്തെകുറിച്ച് പറയുന്നുണ്ട്. എന്നാല് ക്ഷത്രിയ, വൈശ്യ, ശൂദ്ര വിഭാഗങ്ങളെ കുറിച്ച് അശോകന്റെ ലിഖിതങ്ങളിലെവിടെയും സൂചനയില്ല. എന്നു വെച്ച് ഈ വര്ണ്ണ വിഭാഗങ്ങള് ഇന്ത്യയില് ഇല്ല എന്നല്ല അര്ഥം. അദ്ദേഹം അതിനെ കാണുന്ന രീതി വ്യത്യസ്തമാണ് എന്ന സൂചന പുസ്തകത്തില് നിന്ന് കിട്ടും. ഇത്തരത്തിലുള്ള നിരവധി നിരീക്ഷണങ്ങളും വിശകലനങ്ങളും അടങ്ങിയിട്ടുള്ള പുസ്തകമാണിത്. അടുത്തിടയ്ക്ക് മെഡിക്കല് കൗണ്സിലിന്റെ ലോഗോയുമായി ബന്ധപ്പെട്ടുള്ള വിവാദം ഉണ്ടായ സമയത്തും ഞാന് ഈ പുസ്തകത്തിലെ ചില നിരീക്ഷണങ്ങളാണ് ഓര്ത്തത്. ബി സി എട്ടാം നൂറ്റാണ്ടു മുതല് ഏകദേശം ക്രിസ്തുവര്ഷാരംഭം വരെയുള്ള കാലഘട്ടത്തില് ഇവിടെ ഉണ്ടായിരുന്ന ബ്രാഹ്മണികമായ വര്ണവ്യവസ്ഥയില് അയിത്തവും തൊട്ടു കൂടായ്മയുമൊക്കെ ഉണ്ടായിരുന്നതു കൊണ്ട് തന്നെ വൈദ്യന്മാരെ താഴ്ത്തി കാണാനുള്ള ശ്രമം ഉണ്ടായിരുന്നു. വൈദ്യന്മാര്ക്ക് ഉയര്ന്ന പദവി അക്കാലത്ത് ഉണ്ടായിരുന്നില്ല. എന്നാൽ ഈ സമയത്ത് അശോകന്റെ ലിഖിതങ്ങളില് പല സ്ഥലത്ത് മനുഷ്യന്റെയും മൃഗങ്ങളുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് എഴുതിയിട്ടുണ്ട്. അദ്ദേഹം അതിനായിട്ട് ആളുകളെ നിയമിക്കുകയും ചെയ്തു. ഇന്ത്യന് വൈദ്യശാസ്ത്രത്തെ സംബന്ധിച്ചും അശോകന് ഒരു പ്രധാനിയാണെന്ന് മനസിലായതും ഈ പുസ്തകത്തില് നിന്നാണ്.

വായനയിൽ ഇഷ്ടപ്പെട്ട മറ്റൊരു പുസ്തകം ആഞ്ചല് മല്ഹോത്ര എഴുതിയ In the Language of Remembering ആണ്. The Inheritance of Partition എന്നാണ് പുസ്തകത്തിന്റെ സബ് ഹെഡിങ്. ദക്ഷിണേന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇന്ത്യ-പാക്കിസ്ഥാന് വിഭജനം എന്നത് ഒരു ഭൂപടത്തില് സംഭവിക്കുന്ന കാര്യം പോലെ അപരിചിതമാണ്. ഭൂപടത്തില് രണ്ടു രാജ്യങ്ങളുടെ അതിര്ത്തികള് വരച്ചടയാളപ്പെടുത്തുന്ന അനുഭവങ്ങളെ വിഭജനം സംബന്ധിച്ച് നമ്മുക്കുള്ളു. ഒരു രാജ്യത്തു നിന്ന് അങ്ങോട്ടും തിരിച്ച് ഇങ്ങോട്ടും ഉള്ള പലായനങ്ങളെ ഒരു അനുഭവം എന്ന നിലയ്ക്ക് നമ്മള് ഉള്കൊണ്ടിട്ടില്ല എന്നു തോന്നാറുണ്ട്. ഈ വിഭജനത്തിന്റെ ആഘാതം തലമുറകള്ക്ക് ശേഷവും എങ്ങനെ ഇന്ത്യയിലെയും പാകിസ്ഥാനിലെയും വിവിധ ജനവിഭാഗങ്ങള് അനുഭവിക്കുന്നു എന്നുള്ളതിന്റെ ഒരു നേര്സാക്ഷ്യമാണ് ഈ പുസ്തകം. പറഞ്ഞു കേട്ടിട്ടുള്ള നിരവധി കഥകളില് നിന്നും, ധാരാളം ആളുകളെ കണ്ടെത്തി സംഭാഷണം നടത്തി ആ സംഭാഷണങ്ങള് ക്രോഡീകരിച്ചും തയാറാക്കിയ പുസ്തകമാണിത്. വിഭജനം ഇന്നും ഏതൊക്കെ തരത്തില് ജനജീവിതത്തെ, ജനങ്ങളുടെ മനോഭാവത്തെ, അവരുടെ ജീവിത സാഹചര്യത്തെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നുവെന്നും വിശകലനാത്മകമായി പുസ്തകം പ റയുന്നു. അനുഭവങ്ങളുടെ സാന്നിധ്യം ഉള്ളതു കൊണ്ടു തന്നെ ഇന്നും ജീവിച്ചിരിക്കുന്ന മനുഷ്യരുടെ അനുഭവങ്ങളില് ഈ വിഭജനം എങ്ങനെ പ്രവര്ത്തിക്കുന്നു, വിഭജനത്തിന്റെ അനന്തരഫലം ഇന്ത്യ, പാകിസ്ഥാന് എന്നീ രാജ്യങ്ങളില് ഇപ്പോഴും എങ്ങനെ പ്രതിഫലിക്കുന്നു എന്നും വൈകാരികമായി നമ്മെ ബോധ്യപ്പെടുത്തുന്ന പുസ്തകമാണിത്.

2023 ലെ വായന; ഇഷ്ടപുസ്തകങ്ങളെ കുറിച്ച് പി എഫ് മാത്യൂസ്, ഫ്രാൻസിസ് നൊറോണ, തനൂജ ഭട്ടതിരി
https://www.youtube.com/watch?v=slVtdJGUuoc&list=PLL6GkhckGG3zie6SkEak_4PYkjSsYpgJc
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us