'ഗോർണിക്ക' എന്ന വിശ്രുത കലാസൃഷ്ടിയുടെ സൃഷ്ടാവും 'ക്യൂബിസം' എന്ന ചിത്രകലാ സങ്കേതത്തിൻ്റെ ആവിഷ്കാരത്തിൽ മുഖ്യപങ്കാളിയുമായിരുന്ന പാബ്ലോ പിക്കാസോയുടെ ചരമവാർഷിക ദിനമാണിന്ന്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാന്മാരായ ചിത്രകാരന്മാരിൽ ഒരാളാണ് അദ്ദേഹം. പിക്കാസോയെക്കുറിച്ചുള്ള ഏറ്റവും രസകരമായ വസ്തുതകളില് ഒന്ന് അദ്ദേഹത്തിന്റെ പേരാണ്: 'പാബ്ലോ റുയീസ് പിക്കാസോ 'എന്ന് പൊതുവെ അറിയപ്പെടുന്ന വിഖ്യാത ചിത്രകാരന്റെ മുഴുവന് പേര് ഇങ്ങനെയാണ്; 'പാബ്ലോ ഡിയെഗോ ഹോസെ ഫ്രാന്സിസ്കോ ഡെ പൗള ഹ്വാന് നെപുമ്യുസീനോ മരീയ ഡെ ലോസ് റെമിഡിയോസ് സിപ്രിയാനോ ഡെല സാന്റിസ്മ ത്രിനിഡാഡ് റൂയിസ് ഇ പിക്കാസോ'
1881ൽ സ്പെയിനില് ജനിച്ച് പിക്കാസോയുടേത് ഇടത്തരം കുടുംബസാഹചര്യമായിരുന്നു. ഫ്രാന്സില് ജീവിതം ചിലവഴിച്ച പിക്കാസോ, 'ക്യുബിസം' എന്ന ശൈലീവൽകൃത സങ്കേതം ഉപയോഗിച്ച് തന്റെ സർഗ്ഗാവിഷ്ക്കാരങ്ങൾ നിർവഹിച്ചു. വസ്തുക്കളെ വിഘടിപ്പിക്കുകയും പിന്നീട് അവയെ അമൂർത്തമായ രീതിയിൽ പുനർയോജിപ്പിക്കുകയും ചെയ്യുന്ന ചിത്രകലാശൈലിയായി ക്യൂബിസത്തെ വികസിപ്പിച്ചെടുത്തു പിക്കാസോയുടെ ചിത്രരചനകളാണ് 'ഗോർണിക്ക', 'അവിഗ്നോണിലെ സ്ത്രീകൾ' തുടങ്ങിയ ശീർഷകങ്ങളിൽ പെരുമയാർജ്ജിച്ച കലാസൃഷ്ടികൾ.
സ്പെയിനിലെ ആഭ്യന്തരയുദ്ധത്തിനിടെ, 1937 ഏപ്രിൽ 26ന് ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള അവിടത്തെ ദേശീയ സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച്, നാസി ജർമ്മനിയുടേയും ഫാസിസ്റ്റ് ഭരണത്തിലിരുന്ന ഇറ്റലിയുടേയും പോർവിമാനങ്ങൾ ബാസ്ക് പ്രവിശ്യയിലെ ഗോർണിക്ക പട്ടണം ബോംബിട്ടു നശിപ്പിച്ചതിനോട് പ്രതികരിച്ചാണ് പിക്കാസോ 'ഗോർണിക്ക' എന്ന ചിത്രം വരച്ചത്.
യുദ്ധത്തിൻ്റെ ദുരന്തസ്വഭാവവും, മനുഷ്യർക്ക്, വിശേഷിച്ച് നിർദ്ദോഷികളായ സിവിൽ ജനതയ്ക്ക് അതു വരുത്തുന്ന കെടുതികളും ചിത്രീകരിക്കുകയാണ് ഈ രചനയിലൂടെ പിക്കാസോ ചെയ്തത്. കാലക്രമേണ അസാമാന്യമായ പ്രശസ്തി കൈവരിച്ച ഈ ചിത്രം യുദ്ധദുരന്തത്തിന്റെ നിത്യസ്മാരകവും, യുദ്ധവിരുദ്ധചിഹ്നവും, സമാധാനദാഹത്തിന്റെ മൂർത്തരൂപവും ആയി മാനിക്കപ്പെടാൻ തുടങ്ങി.
'നമുക്കെല്ലാം അറിയാം, കലയല്ല സത്യമെന്ന്. നമുക്കറിയാൻ പറ്റിയിടത്തോളം സത്യമെന്തെന്നു നമ്മെ ബോദ്ധ്യപ്പെടുത്തുന്ന നുണയാണ് കല. തന്റെ നുണകളുടെ സത്യാത്മകത അന്യരെ ബോദ്ധ്യപ്പെടുത്താനുള്ള ഉപായങ്ങൾ കലാകാരനു വശമുണ്ടായിരിക്കണം.' ചിത്രകാരനായ പിക്കാസോയുടെ പ്രശസ്തമായ വാക്കുകളാണ് ഇത്.
പാരീസിലെ പ്രശസ്തമായ ലൂവ്ര് (Lovere) മ്യൂസിയത്തിൽ തന്റെ ചിത്ര പ്രദർശനം നടത്തുമ്പോൾ 90 വയസ്സായിരുന്നു പിക്കാസോയുടെ പ്രായം. ജീവിച്ചിരിക്കവേ ലൂവ്രിൽ ചിത്ര പ്രദർശനം നടത്തിയ ആദ്യത്തെ കലാകാരനായിരുന്നു പിക്കാസോ. 1973 ഏപ്രിൽ 8-ന്, 91-ാം വയസ്സിൽ, ഫ്രാൻസ്സിലെ മൗഗിൻസ് എന്ന സ്ഥലത്തു വെച്ചു പിക്കാസോ അന്തരിച്ചു. പിക്കാസോയ്ക്ക് മൂന്നു പങ്കാളികളിൽ നിന്നായി നാലു കുട്ടികൾ ഉണ്ടായിരുന്നു. ചിത്രകാരിയും കലാനിരൂപകയും പികാസോയുടെ പ്രണയിനിയും പ്രചോദനവുമായിരുന്ന ഫ്രാൻസ്വാ ഗിലൊ 'ലൈഫ് വിത്ത് പിക്കാസോ' എന്ന ആത്മകഥ എഴുതിയിട്ടുണ്ട്.