മലയാളിയുടെ പ്രിയ എഴുത്തുകാരൻ തകഴി ശിവശങ്കരപ്പിള്ള ഓർമ്മയായിട്ട് ഇന്ന് രണ്ടര പതിറ്റാണ്ട് തികയുകയാണ്. മണ്ണിന്റെ മണമുള്ള കഥകളിലൂടെ, അനശ്വര കഥാപാത്രങ്ങളിലൂടെ മലയാളത്തിന്റെ മോപ്പസാങ് എന്നറിയപ്പെട്ട തകഴി, ഇന്നും മലയാളി വായനക്കാരുടെ ഇടയിൽ നിറഞ്ഞുനിൽക്കുകയാണ്.
ഈ നാടിന്റെ ഏറ്റവും വലിയ സാഹിതീയ പുരസ്കാരം ആദര പൂർവം വാങ്ങിക്കൊണ്ട് നിങ്ങളുടെ മുന്നിൽ ഇപ്പോൾ നിൽക്കുന്നത്, എന്റെ തുകൽ ചെരുപ്പുകളുമിട്ടുകൊണ്ടാണ്. ആ ചെരിപ്പിന്റെ അടിയിലും ഓരങ്ങളിലും എന്റെ കാൽ നഖങ്ങൾക്കിടയിലും ഇപ്പോഴും കുട്ടനാട്ടിലെ ചേറും ചെളിയും ഉണങ്ങി വരണ്ട് പറ്റിപ്പിടിച്ചിട്ടുണ്ട്.ജ്ഞാനപീഠ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് തകഴി പറഞ്ഞ വാക്കുകളാണിത്.
ആലപ്പുഴയാകെ, കുട്ടനാടാകെ കഥകളായിരുന്നു തകഴി ശിവശങ്കരപ്പിള്ളയ്ക്ക്. കാല്പനികതിയിൽ തളം കെട്ടി നിന്ന മലയാള സാഹിത്യത്തെ ഒരു വെള്ളപ്പൊക്കം പോലെ പച്ചയായ ജീവിതങ്ങളിലേക്ക് ഒഴുക്കിവിട്ട കഥാകാരൻ. 'ചെമ്മീൻ' എന്ന ഒറ്റ നോവലിലൂടെ മലയാളത്തിന്റെ സാഹിത്യ പെരുമ ലോകനെറുകയിലെത്തിച്ചു തകഴി. ചെമ്മീനുൾപ്പെടെ, ഏണിപ്പടികൾ, കയർ, രണ്ടിടങ്ങഴി, തോട്ടിയുടെ മകൻ, അനുഭവങ്ങൾ പാളിച്ചകൾ, ബലൂണുകൾ, അഴിയാക്കുരുക്ക്, മനുഷ്യന്റെ മുഖം, ഔസേപ്പിന്റെ മക്കൾ തുടങ്ങിയ നോവലുകൾ ഒട്ടേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. തന്റെ കൃതികളിലൂടെ അക്കാലത്തെ ഗ്രാമീണ കേരളത്തെ അടയാളപ്പെടുത്തുകയായിരുന്നു ഈ എഴുത്തുകാരൻ.
അറുനൂറിലേറെ കഥകളും രണ്ടു നാടകങ്ങളും, ഒരു യാത്രാവിവരണവും ജീവചരിത്രവുമടങ്ങുന്ന സാഹിത്യ സപര്യ. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്ന തകഴി റഷ്യയിലും ജപ്പാനിലും പര്യടനം നടത്തിയിട്ടുണ്ട്.1957 വരെ അമ്പലപ്പുഴ കോടതിയിൽ വക്കീലായിരുന്ന തകഴി ഇക്കാലമാണ് എഴുത്തിനായി ഏറെ നീക്കിവച്ചിരുന്നതും.
കയർ എന്ന വിഖ്യാത നോവലിനെ ഒരു നോവലായി കാണാൻ കഴിയില്ല എന്ന് പറഞ്ഞവരോട് തകഴി പറഞ്ഞതിങ്ങനെ, 'മണ്ണിന് പറയാനുള്ള ആഖ്യാനങ്ങളുടെ ഒരു ഏകോപനം മാത്രമാണ് ഞാൻ നിർവഹിച്ചത്. ആരാണ് നോവലുകൾ ഈ ഘടനയിൽ മാത്രം എഴുതാൻ കഴിയൂ എന്ന് പറഞ്ഞത്. അങ്ങനെയാരും ഇന്നോളം എഴുതിയിട്ടില്ലെങ്കിൽ, ഇതാ ഒരുത്തൻ എഴുതുന്നു എന്ന് ധരിച്ചാൽ മാതി...' ചരിത്രത്തെ തന്നെ ചോദ്യ മുനയിൽ നിർത്തുന്ന കൃതിയാണ് കയർ. 250-ഓളം വർഷത്തെ കഥയും ജീവിതവുമടങ്ങുന്ന ആഖ്യാനം. 60 വയസിന് ശേഷം ഒരു വലിയ ക്യാൻവാസിൽ എഴുതിയ കയർ പല എഴുത്തുകാർക്കും പ്രചോദനമായി, മലയാളത്തിൽ മറ്റ് പല നോവലുകളുടെയും ഉത്ഭവത്തിന് കാരണമായി.
എഴൂതാൻ ബാക്കിയുള്ള കൃതികളെ കുറിച്ചുള്ള എം ടിയുടെ ചോദ്യത്തിന്, 'ആഗ്രഹത്തിന് അതിരുണ്ടോ, ഇനിയും ഒരുപാട് എഴുതാനുണ്ട്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സാമൂഹിക ജീവിതത്തിലെ വ്യത്യസ്തങ്ങളായ അവസ്ഥകളെ ചിത്രീകരിച്ചുകൊണ്ട് സമൂഹത്തോട് തന്നെ ചോദ്യങ്ങളുയർത്തുന്നവയാണ് തകഴിയുടെ കൃതികൾ. കോട്ടയത്തെ ഒരു ലോഡ്ജിൽ എട്ട് ദിവസം കൊണ്ട് എഴുതി തീർത്ത ചെമ്മീൻ മലയാളികളെ സ്വാധീനിക്കുമ്പോൾ അതിലെ മിത്ത് കൂടി ചരിത്രമാവുകയാണ് ചെയ്തത്. ഒപ്പം അടിത്തട്ടിലെ ഒരുകൂട്ടം ജനതയുടെ ജീവിത രീതകളെയും അവസ്ഥകളെയും വിശ്വാസങ്ങളെയും കോർത്തിണക്കിയപ്പോൾ ആക്ഷേപങ്ങളുയർന്നത് നിരവധിയാണ്. എന്നാൽ തകഴി മനസിൽ കണ്ടതിനെ രാമു കാര്യാട്ട് ഫ്രെയ്മുകൾക്കുള്ളിലാക്കിയപ്പോൾ ചെമ്മീനിന്റെ ചൂരും കടലിന്റെ ചൂടും വൈകാരികതയുടെ പല ഭാവങ്ങളും വായനക്കാരും പ്രേക്ഷകരും ഒരുപോലെ അറിഞ്ഞു. ചെമ്മീൻ മലയാളത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസിക്കായി.
'എന്നെക്കുറിച്ചു ഞാനാലോചിക്കുമ്പോൾ തപ്പിത്തടഞ്ഞു കിട്ടിപ്പോകുന്ന ചില സംഭവങ്ങൾ രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. നിസ്സാരങ്ങളായ സംഭവങ്ങളായിരിക്കാം ഇവ. ഇതൊക്കെ എന്തുകൊണ്ടാണ് ഓർമയിൽ തെളിയുന്നത് എന്നെനിക്കു നിശ്ചയമില്ല. പ്രത്യേകമായി എന്നെ കരുപ്പിടിപ്പിക്കുന്നതിൽ, ഈ ഓർമ്മയിൽ വരുന്ന സംഭവങ്ങൾക്ക് വല്ല പങ്കുമുണ്ടോ എന്ന് എനിക്കറിഞ്ഞുകൂടാ. ഉണ്ടായിരിക്കാം. ഇല്ലായിരിക്കാം.'തന്റെ ആത്മകഥയിൽ തകഴി പറഞ്ഞതിങ്ങനെ
ശിവനെ മുഖ്യകഥാപാത്രമാക്കി എഴുതാനിരുന്ന നോവൽ പാതി വഴിയിൽ നാഥനില്ലാതെ കിടക്കുകയാണ്. തകഴിയിൽ തുടങ്ങിയത് തകഴിയിൽ അവസാനിക്കാത്ത നാൾ വരെ ആ കഥ അപൂർണമായിരിക്കും. പച്ച മണ്ണിന്റെ മണമുള്ള, പച്ച മനുഷ്യനായി ജനിച്ച് ജീവിച്ച പ്രിയപ്പെട്ട തകഴി, താങ്കൾ മലയാളത്തിന്റെ സ്വത്താണ്. മറ്റൊരു നാടിനും ഭാഷയ്ക്കും കൈയ്യടക്കാൻ കഴിയാത്ത സ്വത്ത്.